രാംലീലയില്‍ നിന്ന് പ്രധാനമന്ത്രി പറഞ്ഞത്

Tuesday 24 December 2019 5:02 am IST

പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരുടെ യഥാര്‍ത്ഥ ലക്ഷ്യം ഇന്ത്യയുടെ അഖണ്ഡതയെ തകര്‍ക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂദല്‍ഹിയിലെ രാംലീല മൈതാനിയില്‍ തിങ്ങിക്കൂടിയ ജനലക്ഷങ്ങള്‍ക്ക് മുന്നില്‍, പ്രതിപക്ഷ കക്ഷികളുടെ ഗൂഡാലോചനയെ അദ്ദേഹം തുറന്നു കാണിച്ചു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവര്‍ ഒത്തുചേര്‍ന്ന പടുകൂറ്റന്‍ റാലിയിലെ ജനപങ്കാളിത്തം പ്രതിപക്ഷ നിരയെ ഒന്നാകെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. അവര്‍ പ്രതീക്ഷിച്ചതല്ല ഈ ജനക്കൂട്ടം. പ്രതിഷേധിക്കാന്‍ തെരുവിലിറങ്ങിയവരേക്കാള്‍ കൂടുതല്‍ വരും അനുകൂലിക്കുന്നവര്‍ എന്ന തിരിച്ചറിവില്‍ പ്രതിപക്ഷത്തിന്റെ അടിപതറിയിട്ടുണ്ട്. 

ആവേശത്തോടെയാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍ ജനം ഏറ്റെടുത്തത്. പൗരത്വ ഭേദഗതി നിയമം, മഹാത്മാ ഗാന്ധിയുടെ ചിന്തകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ്. പേരിനൊപ്പം ഗാന്ധിയെന്നത് അലങ്കാരമായി കൊണ്ടുനടക്കുന്നവര്‍ അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ പഠിക്കാനും പിന്തുടരാനും ശ്രമിക്കേണ്ടതുണ്ട്. ഈ നിയമം ഒരിക്കലും തന്റെ ഭാവനയില്‍ വിരിഞ്ഞതല്ല എന്നുമാണ് മോദി പറഞ്ഞത്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ ഗാന്ധിയുടെ പിന്മുറക്കാര്‍ എന്നവകാശപ്പെടുന്നവര്‍ എടുത്തിരിക്കുന്നത് ഗാന്ധി വിരുദ്ധ നിലപാടുകളാണ്. അഹിംസയുടെ വഴിയുമല്ല അവര്‍ സ്വീകരിച്ചിരിക്കുന്നത്. 

മതം നോക്കിയല്ല ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതെന്നും മോദി രാംലീലയില്‍ വച്ച് വ്യക്തമാക്കുകയുണ്ടായി. ദല്‍ഹിയിലെ കോളനികള്‍ നിയമ വിധേയമാക്കിയത് കോളനി നിവാസികളുടെ മതമോ പാര്‍ട്ടിയോ നോക്കിയല്ല. 40 ലക്ഷത്തോളം പേര്‍ക്കാണ് അവരുടെ വീടുകളില്‍ ഉടമസ്ഥാവകാശം നല്‍കിയതെന്നുമാണ് മോദി പറഞ്ഞത്. മതത്തിനും രാഷ്ട്രീയത്തിനും അതീതമായി ചിന്തിക്കുന്നവനാണ് യഥാര്‍ത്ഥ ഭരണാധികാരിയെന്ന് മോദിയെ ആരും പഠിപ്പിക്കേണ്ടതില്ല. 

പൗരത്വ ഭേദഗതി നിയമം ഇവിടുത്തെ ജനങ്ങളെ ഒരുതരത്തിലും ബാധിക്കില്ല എന്ന് ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുമ്പോള്‍ ആ വാക്കുകള്‍ കേള്‍ക്കാനും ഈ നാട്ടില്‍ ഒരു ബഹുഭൂരിപക്ഷമുണ്ടെന്ന് എതിര്‍ക്കുന്നവര്‍ തിരിച്ചറിയണം. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് അധികാരത്തില്‍. അല്ലാതെ അട്ടിമറിയിലൂടെ ഭരണത്തിലേറിയവരല്ല. പൊതുജനത്തിന് ദ്രോഹകരമാകുന്ന ഒരു തീരുമാനവും അവര്‍ കൈക്കൊള്ളില്ല എന്ന സാമാന്യബുദ്ധിയുള്ളവര്‍ക്ക് തിരിച്ചറിവുണ്ട്. അതില്ലാത്തവരാണ് വ്യാജപ്രചാരണങ്ങളിലൂടെ സ്ഥിതി വഷളാക്കുന്നത്. 

ഈ ഭേദഗതിക്കെതിരെ നിരത്തിലിറങ്ങുന്നവര്‍ക്ക് അതെങ്ങനെ മാര്‍ക്കറ്റ് ചെയ്യണമെന്ന് നന്നായിട്ടറിയാം. പ്രതിഷേധമെന്ന പേരില്‍ അവര്‍ കലാപം അഴിച്ചുവിടും, പൊതുമുതല്‍ നശിപ്പിക്കും. ഇന്ത്യയിലെന്തോ ഗുരുതര പ്രശ്‌നം നടക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യും. ഇതാണ് മോദിയുടെ ഇന്ത്യ എന്ന് മറ്റ് രാജ്യക്കാര്‍ വിലയിരുത്തും. ലോകരാജ്യങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രിക്കുള്ള പ്രതിച്ഛായയ്ക്ക് കോട്ടം തട്ടും. ഇതൊക്കെതന്നെയാണ് പ്രതിഷേധിക്കുന്നവരും ലക്ഷ്യമിടുന്നത്. പൗരത്വം സംബന്ധിച്ച് ശക്തമായ നിലപാടുകള്‍ എടുക്കുന്ന രാജ്യങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യരാകുന്നത് ഇന്നിവിടെ പ്രതിഷേധിക്കുന്നവര്‍ തന്നെയാകും എന്നത് വാസ്തവം. 

കഴിഞ്ഞ ദിവസങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരെയാണ് കണ്ടതെങ്കില്‍ അനുകൂലിക്കുന്നവരെക്കൊണ്ടാകും തെരുവുകള്‍ ഇനി നിറയുക. ആസാമിലും മഹാരാഷ്ട്രയിലെ നാഗ്പൂരിലും പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്ന പതിനായിരങ്ങള്‍ ത്രിവര്‍ണ്ണ പതാകയേന്തി സമാധാനപരമായി നടത്തിയ റാലി തന്നെ അതിന് ഉദാഹരണം. ഈ നിയമം സംബന്ധിച്ച് ഒരു വിഭാഗം ജനങ്ങള്‍ക്കിടയിലുള്ള ഭയാശങ്കകള്‍ക്ക് മറുപടിയുമായി ബിജെപി വന്‍ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ പിന്തുണയ്ക്കുന്നവരുടെ എണ്ണവും കൂടും. ഒരേ കള്ളം കൊണ്ട് ദീര്‍ഘനാള്‍ നിലനിന്നുപോകാന്‍ സാധിക്കില്ല എന്നത് ഒരു പൊതുതത്വമാണ്. അതെങ്കിലും പ്രതിഷേധിക്കുന്നവര്‍ മനസ്സിലാക്കിയാല്‍ നന്ന്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.