സര്‍വകലാശാല കുടുംബസ്വത്തല്ല

Thursday 17 October 2019 3:22 am IST

രീക്ഷാ ക്രമക്കേട്, കോപ്പിയടി തുടങ്ങിയ കാര്യങ്ങള്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ നടന്നിട്ടുണ്ട്. രാഷ്ട്രീയ രംഗത്ത് തലയെടുപ്പോടെ നില്‍ക്കുന്ന ചിലര്‍ കള്ളത്തരത്തില്‍  മാര്‍ക്കുകള്‍ വാങ്ങി ജയിച്ചിട്ടുമുണ്ട്. എന്നാല്‍ അതൊക്കെ ഒറ്റപ്പെട്ടതും ഒഴിവാക്കേണ്ടതുമായ സംഭവങ്ങളായിട്ടാണ് അധികൃതരും അധികാരികളും കണക്കാക്കിയത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത അങ്ങനെയല്ല. സര്‍വകലാശാലകളുടെ മഹത്വവും പാരമ്പര്യവും ഇല്ലാതാക്കുന്ന രീതിയില്‍ മാര്‍ക്കുദാനം നടത്തുന്നു. അതും വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള മന്ത്രി നേരിട്ട് ഇടപെട്ട്. 

കെ.ടി. ജലീല്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ മന്ത്രിയായപ്പോള്‍ മുതല്‍ പരീക്ഷയിലും നിയമനത്തിലുമൊക്കെ ക്രമക്കേട് നടക്കുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ചില ആരോപണങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉയര്‍ത്തിയതുമാണ്. എന്നാല്‍ മന്ത്രിയെ കണ്ണടച്ച് പിന്തുണയ്ക്കുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. ഇപ്പോള്‍ അവസാനമായി വന്നിരിക്കുന്നത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും നേഴ്‌സിംഗ് കുട്ടികള്‍ക്കും മാര്‍ക്ക് വാരിക്കോരി നല്‍കാന്‍ മന്ത്രി ഇടനിലക്കാരനായി എന്നതാണ്. എംജി സര്‍വകലാശാലയില്‍ ഇഷ്ടക്കാരനായ ബി.ടെക് വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കൂട്ടിനല്‍കാന്‍ മന്ത്രി സിന്‍ഡിക്കേറ്റിലേക്ക് തന്റെ പ്രൈവറ്റ് സെക്രട്ടറിയെ നേരിട്ടയയ്ക്കുകയായിരുന്നു. ഹാജര്‍ബുക്കില്‍ ഒപ്പിട്ട് യോഗത്തില്‍ പങ്കെടുത്ത പ്രൈവറ്റ് സെക്രട്ടറി ആകെപറഞ്ഞത് പ്രസ്തുത കുട്ടിക്ക് ജയിക്കാനാവശ്യമായ ഒരു മാര്‍ക്ക് കൂട്ടിക്കൊടുക്കുക എന്നതാണ്. സെക്രട്ടറിയുടെ ആവശ്യം മന്ത്രിയുടേതാണെന്ന് ബോധ്യമുള്ളതിനാല്‍ സിന്‍ഡിക്കേറ്റ് തലകുലുക്കി. എന്നാല്‍ മന്ത്രിയേക്കാള്‍ മിടുക്കുള്ള ചിലര്‍ സിന്‍ഡിക്കേറ്റിലുള്ളതിനാല്‍ തങ്ങള്‍ക്കിഷ്ടക്കാരായ ചിലരെയുംകൂടി ജയിപ്പിക്കണമെന്നും അഞ്ച്മാര്‍ക്കുവീതം എല്ലാവര്‍ക്കും കൂട്ടിനല്‍കുവാനും തീരുമാനിക്കുകയായിരുന്നു. പരീക്ഷയ്ക്ക് തോറ്റവരെ എങ്ങനെയെങ്കിലും ജയിപ്പിക്കാന്‍ നടത്തിയ നീക്കത്തെ അദാലത്ത് എന്നുപറഞ്ഞ് ന്യായീകരിക്കാനാണ് മന്ത്രിയുടെ ശ്രമം. അതിനിടയിലാണ് സമാനരീതിയില്‍ നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്കും മാര്‍ക്ക് ദാനം നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സിന് തോറ്റവര്‍ക്ക് അഞ്ച്മാര്‍ക്കുവീതം നല്‍കുകയായിരുന്നു. തോറ്റവരെ മാര്‍ക്കുകൂട്ടി നല്‍കി ജയിപ്പിക്കാന്‍ സിന്‍ഡിക്കേറ്റുകള്‍ക്ക് അധികാരമില്ലാതിരിക്കെയാണ് മന്ത്രിയുടെ നടപടി. പിടിക്കപ്പെട്ടപ്പോള്‍ സര്‍വകലാശാലയേയും സിന്‍ഡിക്കേറ്റിനെയും പഴിചാരി രക്ഷപെടാനുള്ള ശ്രമത്തിലാണ് മന്ത്രി ജലീല്‍.

സര്‍വകലാശാല കേന്ദ്രീകരിച്ച് നടക്കുന്ന നിയമന തട്ടിപ്പിന്റെ വാര്‍ത്തകള്‍ കെട്ടടങ്ങും മുന്‍പാണ് മാര്‍ക്കുദാന വിവാദം. കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമനമായിരുന്നു അടുത്തകാലം വരെ സര്‍വകലാശാല കേന്ദ്രീകരിച്ച് നടന്ന വലിയ തട്ടിപ്പ്. അതിനെ നിസാരവല്‍ക്കരിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന പിഎസ്‌സി തട്ടിപ്പ്. കേരള സര്‍വകലാശാലയുടെ എല്ലാവിധ പിന്തുണയോടെയുമാണ് ഇത് എന്നതാണ് മറ്റൊരു കാര്യം. സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ പരീക്ഷയെഴുതിയ എസ്എഫ്‌ഐ വിദ്യാര്‍ഥികളെ റാങ്കുലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പരീക്ഷാ നടത്തിപ്പുകാരെല്ലാം ഒറ്റമനസ്സോടെ പ്രവര്‍ത്തിച്ചിരുന്നു എന്നാണ് അന്വേഷണത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കോളേജ് യൂണിയന്‍ ഓഫീസില്‍നിന്നും ഉത്തരക്കടലാസ് കണ്ടെടുക്കുകയും എസ്എംഎസിലൂടെ ഉത്തരം കൈമാറി വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി എന്ന് ബോധ്യപ്പെട്ടിട്ടും അന്വേഷണം കാര്യമായി നടത്താന്‍ സര്‍ക്കാരിന് താല്പര്യമില്ല. പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ തട്ടിപ്പ് നടന്നതായി സ്ഥിരീകരിക്കപ്പെട്ടിരുന്നു. ചോദ്യക്കടലാസ് മുന്‍കൂട്ടി ചോര്‍ത്തിയെടുത്ത് ഉത്തരങ്ങള്‍ നല്‍കുന്ന സംഘമുണ്ടെന്നും പരീക്ഷകളില്‍ നിരീക്ഷകരായി എത്തുന്നവരുടെ പിന്തുണ ഇവര്‍ക്കുണ്ടെന്നുമുള്ളത് ഞെട്ടലോടെ മാത്രമേ കാണാന്‍ കഴിയൂ. അര്‍ഹരുടെ കൈകളില്‍നിന്ന് വിജയവും തൊഴിലും കവര്‍ന്നെടുക്കുന്ന സംഘം ഭരിക്കുന്നപാര്‍ട്ടിയുടെ തണലിലാണ് എന്നത് ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെയും തൊഴിലന്വേഷകരെയും പരിഹസിക്കുന്നതിന് തുല്യമാണ്. പരീക്ഷവേണ്ട, സ്വന്തക്കാര്‍ക്കുമാത്രം തൊഴില്‍മതി എന്ന നിലപാടിലേക്ക് ഭരണനേതൃത്വം മാറുന്നത് ഒരുകാരണവശാലും അനുവദിക്കാനാവില്ല. സര്‍വകലാശാലകളുടെയും പിഎസ്‌സി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെയും വിശ്വാസ്യത വീണ്ടെടുക്കാനുള്ള നടപടിയാണ് ഉണ്ടാകേണ്ടത്. സര്‍വകലാശാല ഏതെങ്കിലും പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റെയോ കുടുംബസ്വത്തല്ലെന്ന് തിരിച്ചറിയണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.