മഹാരാഷ്ട്രയുടെ മഹാകഷ്ടം

Thursday 28 November 2019 5:19 am IST

രാജ്യത്ത് വിസ്തൃതിയില്‍ മൂന്നാമതും ജനസംഖ്യയില്‍ രണ്ടാമതുമുള്ളസംസ്ഥാനമാണ് മഹാരാഷ്ട്ര. രാജ്യത്തിന്റെ സാമ്പത്തികതല സ്ഥാനമെന്ന് കരുതപ്പെടുന്ന മഹാരാഷ്ട്ര രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ കഴിഞ്ഞത് ഒരു മാസത്തിലധികം കാലം. കഴിഞ്ഞ മാസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതിയത് ബിജെപി സഖ്യത്തിന് അനുകൂലമായാണ്. എന്നാല്‍ ബിജെപിക്ക് മാത്രമായി ഭൂരിപക്ഷമില്ല. പക്ഷെ 105 അംഗങ്ങളുമായി ബിജെപി ഒന്നാം നിരയിലെത്തി. സഖ്യകക്ഷിയായ ശിവസേന 56 അംഗങ്ങളോടെ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. രണ്ടാം കക്ഷിയായ ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം നല്‍കണമെന്ന അവരുടെ വാശിയാണ് പ്രശ്‌നമുണ്ടാക്കിയത്. നീതിക്കും മര്യാദയ്ക്കും ചേരാത്ത ആവശ്യം അംഗീകരിക്കാന്‍ ബിജെപി

ക്ക് കഴിയുമായിരുന്നില്ല. അങ്ങിനെയാണ് മൂന്നുപതിറ്റാണ്ടായി തുടരുന്ന സഖ്യത്തില്‍ നിന്നും ശിവസേന പിന്‍മാറുകയും കോണ്‍ഗ്രസ്-എന്‍സിപി കക്ഷികളുമായി സഖ്യത്തില്‍ ഏര്‍പ്പെടുന്നതും. ഒരുമാസത്തോളം സമയം നല്‍കിയിട്ടും മന്ത്രിസഭയുണ്ടാക്കാന്‍ അവര്‍ക്കായില്ല. തുടര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചത്. എന്‍സിപിയുടെ 54 അംഗങ്ങള്‍ ബിജെപിക്ക് പിന്തുണ നല്‍കുമെന്ന് കക്ഷിനേതാവ് അജിത് പവാര്‍ ഗവര്‍ണര്‍ക്ക് കത്തുനല്‍കിയതോടെയാണ് ബിജെപി സത്യപ്രതിജ്ഞ ചെയ്യാന്‍ നിശ്ചയിച്ചത്.

എന്‍സിപി നേതാവ് നല്‍കിയ കത്തില്‍ കാര്യമില്ലെന്ന് ബോധ്യപ്പെട്ട ഉടന്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിപദം ഒഴിഞ്ഞു. എന്നിട്ടും ബിജെപി കുതിരക്കച്ചവടം നടത്തുന്നു എന്ന രാഷ്ട്രീയ പ്രതിയോഗികളും അവരുടെ വായ്ത്താരികളായ മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത് അധാര്‍മികമാണ്. ബിജെപി വളഞ്ഞ വഴിയിലൂടെ അധികാരത്തിലെത്താന്‍ ആഗ്രഹിച്ചെങ്കില്‍ നിഷ്പ്രയാസം നടക്കുമായിരുന്നു. അതിന് തയ്യാറായില്ല എന്നതാണ് വസ്തുത. ജനാധിപത്യവും മതേതരത്വവും മൂന്നുനേരവും വിഴുങ്ങുകയും വിസര്‍ജിക്കുകയും ചെയ്യുന്ന പാര്‍ട്ടികളുണ്ട്. അവയില്‍ മുഖ്യസ്ഥാനം കോണ്‍ഗ്രസ്സിനും എന്‍സിപിക്കും സിപിഎമ്മിനുമാണ്. അവരുടെ ഇന്നത്തെ മുഖ്യകക്ഷിയായി ശിവസേന മാറിയിരിക്കുകയാണ്. മണ്ണിന്റെ മക്കള്‍വാദം ഉന്നയിച്ച് മലയാളികളെ അടക്കം ആട്ടിയോടിക്കുകയും കശാപ്പും ചെയ്ത കക്ഷിയുമാണ് ശിവസേന. അയോധ്യയിലെ ബാബറിന്റെ കെട്ടിടം തകര്‍ന്ന് വീണപ്പോള്‍ അത് തകര്‍ത്തത് ശിവസൈനികരാണെന്ന് അവകാശപ്പെട്ട ഏകനേതാവ്  ബാല്‍താക്കറെയാണ്. ആ താക്കറെയുടെ മകനെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് തയ്യാറായി ഉപമുഖ്യമന്ത്രിസ്ഥാനം പങ്കിട്ടെടുക്കാനും മനസാക്ഷിക്കുത്തില്ല. അതിനേക്കാള്‍ വിചിത്രമാണ് സിപിഎമ്മിന്റെ നിലപാഞട്. മഹാരാഷ്ട്രയില്‍ ഒരൊറ്റ അംഗമാണ് സിപിഎമ്മിനുള്ളത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് സിപിഎം നേതാവ് സോമനാഥ് ചാറ്റര്‍ജി സ്പീക്കര്‍ ആയതുപോലെ മഹാരാഷ്ട്രയില്‍ സ്പീക്കറാകാനാണ് സിപിഎം കൊതിക്കുന്നത്.

വര്‍ഗീയ വിരുദ്ധ സമരമെന്ന മുഖംമൂടി അണിഞ്ഞ് സിപിഎമ്മും ഒടുവില്‍ മഹാരാഷ്ട്രയില്‍ വികൃതമുഖം പ്രകടിപ്പിക്കുകയാണ്. ഉദ്ധവ്താക്കറെ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് സിപിഎം വ്യക്തമാക്കിക്കഴിഞ്ഞു.  മഹാരാഷ്ട്രയിലെ സിപിഎമ്മിന്റെ ഏക എംഎല്‍എയാണ് ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സംയുക്ത സര്‍ക്കാരിനെ പിന്തുണയ്ക്കുക. പാല്‌ഘോര്‍ ജില്ലയിലെ ദഹാണു മണ്ഡലത്തിലെ സിപിഎം എംഎല്‍എ വിനോദ് നിക്കോളെയാണ് ശിവസേനയെ പിന്തുണയ്ക്കുമെന്നറിയിച്ചത്. ഡെപ്യൂട്ടി സ്പീക്കര്‍ അടക്കം ഏതെങ്കിലും സുപ്രധാന സ്ഥാനങ്ങള്‍ വേണമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെയോട് നിക്കോളെ അഭ്യര്‍ഥിക്കുകയും ചെയ്തു. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്യുന്നത് ഇന്നാണ്. മഹാസഖ്യത്തിന്റെകക്ഷിനേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഉദ്ധവ് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. എന്‍സിപിയുടെ ജയന്ത് പാട്ടീലും കോണ്‍ഗ്രസ്സിന്റെ ബാലാസാഹെബ് തോറാട്ടും ഉപമുഖ്യമന്ത്രിമാരാകും. ശിവജി പാര്‍ക്കിലാണ് സത്യപ്രതിജ്ഞ, ഏതായാലും കേട്ടുകേള്‍വിയില്ലാത്ത എന്നുപറഞ്ഞാല്‍ പോരാ, ഉളുപ്പില്ലാത്ത ജനാധിപത്യഹത്യയും രാഷ്ട്രീയ അസത്യവുമാണ് മഹാരാഷ്ട്രയില്‍ ഉണ്ടായത്. കുതിരയും കഴുതയും ഇണചേര്‍ന്നാല്‍ പിറക്കുന്നത് കോവര്‍ കഴുത എന്ന് കേട്ടിട്ടുണ്ട്. മഹാരാഷ്ട്രയില്‍ അതുണ്ടാകുന്നത് മഹാകഷ്ടവും എന്നല്ലാതെ മറ്റെന്ത് പറയും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.