നമ്പര്‍വണ്‍ കേരളം നമ്പാനാവാത്തതോ?

Wednesday 4 December 2019 3:00 am IST

മ്പര്‍വണ്‍ കേരളത്തില്‍ നിന്ന് അനുദിനം കേള്‍ക്കുന്നതൊന്നും നമ്പര്‍വണ്‍ അല്ലെന്നത് എത്ര വേദനാജനകമാണ്. എല്ലാ കാര്യങ്ങളിലും നമ്മള്‍ മുമ്പിലാണെന്ന് സര്‍ക്കാരും അല്ലാത്തവരും നിരന്തരം കൊട്ടിഘോഷിക്കുമ്പോള്‍ അതിന്റെ പിന്നില്‍ ദൈന്യതയുടെയും വേദനയുടെയും എത്രയെത്ര സംഭവഗതികളാണുള്ളത്. അതൊന്നും ശ്രദ്ധിക്കാനും കൈത്താങ്ങ് നല്‍കാനും കഴിഞ്ഞില്ലെങ്കില്‍ ഈ പ്രചാരണ ഘോഷങ്ങള്‍ക്കെന്ത് ഗുണം?

   ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ടവരെക്കുറിച്ച് തരിമ്പു പോലും നമ്മള്‍ അന്വേഷിക്കുന്നില്ലെങ്കില്‍ മനുഷ്യരൂപം പൂണ്ടിട്ട് കാര്യമില്ലെന്ന് പറയേണ്ടതില്ല. പ്രഗല്‍ഭരും മറ്റുമായവരുടെ കാര്യത്തില്‍ ആയിരം പേര്‍ ശ്രദ്ധിക്കാനുള്ളപ്പോള്‍ അരികു ജീവിതങ്ങളെ ആര് സംരക്ഷിക്കും?അത്തരം വേദനാജനകമായ ഒരു വാര്‍ത്തയാണ് തിരുവനന്തപുരം നഗരഹൃദയത്തില്‍ നിന്ന് കഴിഞ്ഞ ദിവസം അറിയാനായത്.ആഹാരം കഴിക്കാനാവാതെ മണ്ണു തിന്നേണ്ടിവന്ന കുഞ്ഞു മക്കളുടെ സ്ഥിതിയില്‍ നെഞ്ചു പൊട്ടേണ്ടതല്ലേ? ഇത്രയും സൗകര്യങ്ങളും സംവിധാനങ്ങളും ഉണ്ടായിട്ടും എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന് ഓരോരുത്തരും സ്വയം ചോദിച്ച് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇല്ലെങ്കില്‍ കരാളമായ മുഖമാവും ലോകത്തിനു മുമ്പില്‍ കേരളത്തിന്റേതായുണ്ടാവുക.

   പറക്കമുറ്റാത്ത മക്കളുമായി അമ്മയും അച്ഛനും പൊതുനിരത്തിനോരത്ത് റക്‌സിന്‍വലിച്ചുകെട്ടി നാളിതുവരെ കഴിഞ്ഞുകൂടുമ്പോഴും അതിസാങ്കേതികയുടെ സങ്കീര്‍ണവഴികള്‍ തേടിപ്പിടിക്കാനായിരുന്നു ഇവിടത്തെ ഭരണാധികാരികളും അവരുടെ ഉദ്യോഗസ്ഥവൃന്ദവും ഔത്സുക്യം കാണിച്ചത്.' തുടുത്ത ആപ്പിളിന്റെ ഉള്ള് കെട്ടിരിക്കും' എന്ന ലോകപ്രശസ്ത നാടകകൃത്തിന്റെ നിരീക്ഷണം എത്ര ശരിയാണെന്ന് ഇപ്പോള്‍ മനസ്സിലാവുന്നു.ഇതിനെ പരാമര്‍ശിച്ചല്ലെങ്കിലും ഹൈക്കോടതി നടത്തിയ അഭിപ്രായപ്രകടനം ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. റോമാനഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ചുരസിച്ച നീറോ ചക്രവര്‍ത്തിയുടെ പിന്മുറക്കാരാവുകയാണ് ഇവിടത്തെ ഭരണക്കാരും അവരുടെ ഒത്താശക്കാരും.

   എരിയുന്ന വയറിന് ഇത്തിരി ഭക്ഷണം കൊടുക്കാനും തല ചായ്ക്കാന്‍ ഒരു കൂരയെങ്കിലും നല്‍കാനും കഴിയാത്തവര്‍ ഏത് ലോകരാജ്യം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ മനസ്സിലാക്കിയിട്ടും എന്തു കാര്യം? ഭരണകൂടത്തിന്റെ മൂക്കിനു താഴെ ഇത്ര ദയനീയമായ സംഭവഗതികളുണ്ടായിട്ടും അതറിഞ്ഞില്ല എന്നാണെങ്കില്‍ ഇവിടെ ഭരണസംവിധാനം ഉണ്ടെന്ന് എങ്ങനെ പറയാനാവും? ഭരണകൂടം എന്നതു തന്നെ ഒരാളോ രണ്ടാളോ ചേര്‍ന്നുള്ള സംവിധാനമല്ലെന്ന് വ്യക്തമാണ്.

   ഓരോരോ വകുപ്പിനും അതിന്റേതായ നടപടി ക്രമങ്ങളും മറ്റുമുണ്ട്. എന്നാല്‍ ഒന്നും നേരാംവണ്ണം പ്രവര്‍ത്തിക്കുന്നില്ല എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ജനപ്രതിനിധികളും ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പാലിച്ചോ എന്നതും ശ്രദ്ധിക്കേണ്ടതാണ്.ഭരണകൂടത്തിലെ നിശ്ചിതയാളുകള്‍ക്ക് മാത്രമാണ് ഇതിന്റെയൊക്കെ ഉത്തരവാദിത്തം എന്നു പറയാനാവില്ല. അതേ സമയം വേണ്ട രീതിയില്‍ കാര്യങ്ങള്‍ നീക്കാനുള്ള ശ്രദ്ധ തുലോം പരിമിതമായിരുന്നു എന്നത് വ്യക്തമാണ്. പ്രസംഗവും ആരോപണ പ്രത്യാരോപണ നാടകങ്ങളും മറ്റും നാടിന്റെ സ്പന്ദനങ്ങള്‍ അറിയാന്‍ ഇടവരുത്തില്ലെന്ന് ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ അറിയണം.പാര്‍ട്ടിനേട്ടവും സ്വന്തം നേട്ടവും നോക്കുന്ന തിരക്കില്‍ സാധാരണക്കാരും നിസ്സഹായരും പുറമ്പോക്കില്‍ ആയാല്‍ ആര്‍ക്കെന്ത് ചേതം? എന്ന മനോഭാവമാണെങ്കില്‍ ഇതിനെക്കാള്‍ ഭീകരമായ അവസ്ഥയാവും ഭാവിയില്‍ ഉണ്ടാവുകയെന്ന് ഓര്‍മപ്പെടുത്തുകയാണ്. സാധാരണ മനുഷ്യരുടെ സ്ഥിതിയറിയാന്‍ വിമാനമേറി അവിടെ നിന്ന് നോക്കിയാല്‍ മതിയെന്ന നികൃഷ്ട രാഷ്ട്രീയ നിലപാടു മാറ്റാന്‍ ഈ ദയനീയ സംഭവം വഴിവെച്ചെങ്കില്‍ എന്നേ ഞങ്ങള്‍ക്കു പറയാനുള്ളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.