അയ്യപ്പ സന്നിധിയിലേക്ക് വീണ്ടും

Wednesday 13 November 2019 3:48 am IST

ണ്ഡലക്കാല തീര്‍ഥാടനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇത്തവണയും ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് തൃപ്തിയോടെയും സന്തോഷത്തോടെയും അയ്യപ്പനെ ദര്‍ശിച്ച് മടങ്ങാനാകില്ലെന്ന സൂചനകളാണ് ഉണ്ടാകുന്നത്. ഈ തീര്‍ഥാടനക്കാലവും സംഘര്‍ഷഭരിതമാക്കാന്‍ ബോധപൂര്‍വ ശ്രമം പലഭാഗങ്ങളില്‍ നിന്നും ഉണ്ടാകുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി ഇനിയും വന്നിട്ടില്ലാത്തതിനാല്‍  ശബരിമലയിലെ ആചാരങ്ങള്‍ക്ക് വിരുദ്ധമായി സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള ബോധപൂര്‍വ ശ്രമങ്ങള്‍ ഉണ്ടായേക്കും.  തമിഴ്‌നാട്ടില്‍ നിന്നുള്ള മനീതി സംഘം സന്നിധാനത്തെത്തുമെന്ന് വാര്‍ത്തകള്‍ ഇതിനോടകം പ്രചരിച്ചുകഴിഞ്ഞു. കഴിഞ്ഞ മണ്ഡലക്കാലത്ത് പോലീസിന്റെയും സര്‍ക്കാരിന്റെയും ഒത്താശയോടെ സന്നിധാനത്തെത്തിയെന്നവകാശപ്പെടുന്ന ബിന്ദു അമ്മിണിയും കനക ദുര്‍ഗയും വീണ്ടുമെത്തുമെന്ന ഭീഷണിയുമുണ്ട്. ഇതെല്ലാം കോടിക്കണക്കിന് വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്താനുള്ള നീക്കങ്ങളായേ കാണാനാകൂ. 

ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ വേണ്ടി ആക്ടിവിസ്റ്റുകളായ സ്ത്രീകളെ ശബരിമലയിലെത്തിക്കാന്‍ നീക്കം നടത്തുന്നതും ഗൗരവത്തോടെയാണ് കാണേണ്ടത്. ഒരു വാര്‍ത്താ ബ്രേക്കിംഗിനുവേണ്ടി സംസ്ഥാനത്തെയാകെ അസ്വസ്ഥമാക്കുന്ന നടപടിയാകുമത്. വിശ്വാസങ്ങളെയും ആചാരങ്ങളെയും ഹനിച്ച് സന്നിധാനത്തേക്ക് സ്ത്രീകളെ എത്തിക്കാനുള്ള ഏതു നീക്കവും വിശ്വാസികള്‍ക്ക് സഹിക്കാനാകില്ല. അതിനാല്‍ സന്നിധാനത്തു മാത്രം ഒതുങ്ങുന്നതാകില്ല ആ അസ്വസ്ഥത എന്ന് സര്‍ക്കാര്‍ തിരിച്ചറിയേണ്ടതുണ്ട്. സുഗമമായ തീര്‍ത്ഥാടനക്കാലം സാധ്യമാകാന്‍ സര്‍ക്കാര്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. പ്രകോപനപരമായ നടപടികളില്‍ നിന്ന് പിന്തിരിഞ്ഞ് ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് സൗകര്യങ്ങളൊരുക്കുന്നതിനാകണം കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.

ശബരിമലയിലും ഇടത്താവളങ്ങളിലും തീര്‍ഥാടനത്തിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ മണ്ഡലക്കാലത്ത് സര്‍ക്കാരും ബോര്‍ഡും സ്വീകരിച്ച നിലപാടുമൂലം വന്‍ വരുമാന നഷ്ടമാണ് ഉണ്ടായത്. ഇത് തീര്‍ഥാടനമുന്നൊരുക്കങ്ങളെയും ബാധിച്ചതായാണ് പറയുന്നത്. എന്നാല്‍ ദേവസ്വം ബോര്‍ഡിനെ സാമ്പത്തികമായി സഹായിക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം വെറും വാക്കാകുകയും ചെയ്തു. പ്രഖ്യാപിച്ചതല്ലാതെ പണമൊന്നും ബോര്‍ഡിനു നല്‍കിയില്ല. സന്നിധാനത്തെ അന്നദാന മണ്ഡപത്തിന്റെ പണി പൂര്‍ത്തീകരിക്കാനായില്ല. തീര്‍ഥാടകര്‍ക്ക് വിരിവെയ്ക്കുന്നതിന് കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തുമെന്ന വാഗ്ദാനവും നടപ്പിലായിട്ടില്ല. തീര്‍ഥാടനം തുടങ്ങാന്‍ നാല് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ അതൊന്നും ഇനി നടപ്പിലാക്കാനുമാകില്ല. ഭസ്മക്കുളത്തിന്റെ നവീകരണവും വാക്കുകളില്‍ മാത്രം ഒതുങ്ങി. ഇതിനേക്കാളെല്ലാം ഉപരിയാണ് സന്നിധാനത്തെയും പരിസരത്തെയും മാലിന്യപ്രശ്‌നം. തീര്‍ഥാടകര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും വൃത്തിയുള്ള സൗകര്യങ്ങള്‍ ഇല്ലെന്നത് ഏറെ ഗൗരവകരമാണ്. 

വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പുനര്‍നിര്‍മിച്ച ആറാട്ട് കടവ് വീണ്ടും തകര്‍ന്ന അവസ്ഥയിലാണ്. പമ്പാനദിയും മലിനപ്പെട്ടിരിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇപ്പോള്‍ പുണ്യനദിയിലൂടെ ഒഴുകുന്നത്. തീര്‍ഥാടനം ആരംഭിക്കുന്നതിന് മുമ്പ് പമ്പാനദി ശുചീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പിലായില്ല. ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും കാരണമാകും. യുവതീ പ്രവേശന വിധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ശബരിമലിയില്‍ കൊണ്ടുവന്ന അനാവശ്യ നിയന്ത്രണങ്ങളും നിരോധനാജ്ഞയുമെല്ലാം കച്ചവടക്കാരെയാണ് വളരെക്കൂടുതല്‍ ബാധിച്ചത്. അതിനാല്‍ ഇത്തവണ കടകള്‍ ലേലംകൊള്ളാന്‍ കച്ചവടക്കാരെത്തിയില്ല. ഇത് വരുമാനത്തെ ബാധിക്കുമെന്ന് ഉറപ്പാണ്. 

ശബരിമല തീര്‍ഥാടനത്തെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കേണ്ടത് സര്‍ക്കാരാണ്. ആചാരങ്ങളെയും വിശ്വാസത്തിലെടുത്ത് സുഗമമായ തീര്‍ത്ഥാടനത്തിനുള്ള വഴിയൊരുക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും തയാറാകണം. തീര്‍ഥാടകരോട് ശത്രുതാമനോഭാവത്തില്‍ പെരുമാറുന്നത് അവസാനിപ്പിക്കണം.  കോടിക്കണക്കിന് അയ്യപ്പ ഭക്തരുടെ വിശ്വാസങ്ങള്‍ക്ക് മുറിവേല്‍ക്കുന്ന തരത്തില്‍ പെരുമാറുന്നത് അവസാനിപ്പിച്ച് സുഗമവും സുരക്ഷിതവും ഭയമില്ലാത്തതുമായ തീര്‍ഥാടനക്കാലത്തിനായി നടപടികളുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.