ലോകസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം; സി.പി.ഐക്കും തൃണമൂലിനും എന്‍.സി.പിക്കും ദേശീയ പാര്‍ട്ടി പദവി നഷ്ടമാകും; നടപടികള്‍ ആരംഭിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Thursday 18 July 2019 9:32 pm IST

ന്യൂദല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പില്‍ നാണംകെട്ട തോല്‍വി എറ്റുവാങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ പാര്‍ട്ടി പദവി നഷ്ടമായേക്കും. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനും ശരത്പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിക്കും( എന്‍.സി.പി) സി.പി.ഐക്കുമാണ് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകാന്‍ സാധ്യതയുള്ളത്. ഈ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍  നോട്ടീസ് നല്‍കും. ദേശീയ പാര്‍ട്ടി പദവി എന്തുകൊണ്ട് റദ്ദാക്കരുത് എന്നതിന് കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലെ ഈ പാര്‍ട്ടികളുടെ മോശം പ്രകടനം കണക്കിലെടുത്താണ് ഇത്തരമൊരു നടപടി.  2014ലെ ലോക്സഭ തിരഞ്ഞെടുപ്പ് മുതല്‍ തന്നെ ഈ പാര്‍ട്ടികളുടെ ദേശീയ പാര്‍ട്ടി പദവി ഭീഷണിയിലാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എല്ലാ സംസ്ഥാനങ്ങളിലും ഒരൊറ്റ തിരഞ്ഞെടുപ്പ് ചിഹ്നം നിലനിര്‍ത്തണമെങ്കില്‍ ദേശീയ പാര്‍ട്ടി പദവി വേണം.

ഇപ്പോള്‍ എട്ട് പാര്‍ട്ടികള്‍ക്കാണ് ദേശീയ പാര്‍ട്ടി പദവിയുള്ളത്. കോണ്‍ഗ്രസ്, ബി.ജെ.പി, സി.പി.ഐ.എം, സി.പി.ഐ, ബി.എസ്.പി, എന്‍സി.പി, എ.ഐ.ടി.സിയും ഏറ്റവും പുതുതായി മണിപ്പൂര്‍, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെ അംഗീകൃത സംസ്ഥാന പാര്‍ട്ടിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്കും ദേശീയ പദവിയുണ്ട്.

10 ലോക്സഭ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പുകളിലും വിജയം നേടിയ ബി എസ് പിയുടെ പദവി നഷ്ടമാകില്ല. 1968ലെ ഇലക്ഷന്‍ സിംബല്‍സ് (റിസര്‍വേഷന്‍ ആന്‍ഡ് അലോട്മെന്റ്) ഉത്തരവ് പ്രകാരം ഒരു പാര്‍ട്ടിയെ ദേശീയ പാര്‍ട്ടിയായി കണക്കാക്കണമെങ്കില്‍ ചുരുങ്ങിയത് നാല് സംസ്ഥാനങ്ങളിലെങ്കിലും ലോക്സഭ മണ്ഡലങ്ങളിലോ നിയമസഭ മണ്ഡലങ്ങളിലോ ആറ് ശതമാനം വോട്ട് നേടാന്‍ കഴിയണമെന്നാണ്. 

നാല് അംഗങ്ങളെങ്കിലും ലോക്സഭയില്‍ വേണം. മൊത്തം ലോക്സഭ സീറ്റുകളുടെ രണ്ട് ശതമാനമെങ്കിലും നേടണം. ചുരുങ്ങിയത് മൂന്ന് സംസ്ഥാനങ്ങളിലെങ്കിലും സ്ഥാനാര്‍ത്ഥികള്‍ വേണം. 2014 ല്‍ തൃണമൂല്‍ കോണ്‍ഗ്രസിനും എന്‍.സി.പിക്കും സി.പി.ഐ ക്കും മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിക്കും ദേശീയ പദവിയില്‍ തുടരുന്നതിന്റെ അയോഗ്യത സംബന്ധിച്ച് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. 

2014 ലെ തെരഞ്ഞെടുപ്പിന് ശേഷം, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പദവി നിലനിര്‍ത്താന്‍ കമ്മീഷന്‍ അനുവദിച്ചതുപോലെ, വീണ്ടും തുടരാന്‍ അനുവദിക്കുമോ എന്നത് സംശയമാണ്. ദേശീയ പാര്‍ട്ടി പദവിയില്‍ നിന്നും ഇവരെ ഒഴിവാക്കുകയാണെങ്കില്‍ മൊത്തം ദേശീയ പാര്‍ട്ടികളുടെ എണ്ണം എട്ടില്‍ നിന്ന് അഞ്ചാകും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.