ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്

Friday 21 June 2019 3:47 am IST

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്', എന്ന ലക്ഷ്യംവെച്ച് പുതിയ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ ഭാരതത്തിലെ ജനാധിപത്യ പ്രക്രിയയുടെ അടിത്തറ ബലപ്പെടുത്തുന്ന ശ്രദ്ധേയ ചുവടുവെപ്പാണ്. അടുത്ത പൊതുതെരഞ്ഞെടുപ്പിന് ഇനി അഞ്ചുവര്‍ഷം ബാക്കിയുണ്ട്, ഇത് സമയബന്ധിതവും പരാതിക്ക് ഇടമില്ലാതെയുമുള്ള തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ക്ക് അവസരം നല്‍കുന്നു. ഇപ്പോള്‍ അതിനെ എതിര്‍ക്കുന്നവര്‍ രണ്ട് വസ്തുതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒന്ന്, അഞ്ചുവര്‍ഷങ്ങള്‍ കഴിഞ്ഞാലും ഭാരതീയ സമ്മതിദായക സമൂഹത്തിന്റെ വിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിയും എന്ന് അവര്‍ക്ക് ഉറപ്പില്ല. രണ്ട്, ഭാരതീയ ജനാധിപത്യത്തിന്റെ ഘടനയിലുള്ള ശക്തിപ്പെടുത്തല്‍ അവര്‍ക്ക് താത്പര്യമുള്ള വിഷയമല്ല.

ആരുപറഞ്ഞു എന്നതിനപ്പുറം എന്തുപറഞ്ഞു എന്നതിനെ അറിഞ്ഞ് യോജിക്കയോ വിയോജിക്കയോ ചെയ്യുന്നതാണ് കൂട്ടായ തീരുമാനങ്ങളിലേക്ക് എത്തിച്ചേരാനുള്ള ശരിയായവഴി. കക്ഷിരാഷ്ട്രീയത്തെയും വേര്‍തിരിച്ചുനിര്‍ത്തുന്ന മറ്റ് ഘടകങ്ങളെയും മാറ്റിവെച്ച് സക്രിയ സംവാദംവഴി ഉരുത്തിരിയുന്ന പൊതുധാരണകളും നിര്‍ണ്ണയങ്ങളുമാണ് ജനാധിപത്യത്തിന്റെ നേര്‍ദിശയിലേക്കുള്ള മുന്നേറ്റത്തിന് മാര്‍ഗരേഖകളാകേണ്ടത്. ചലനാത്മക സമാജത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും വികാസപരിണാമ ചരിത്രത്തിന്റെ പല ഘട്ടങ്ങളിലും പുനര്‍വിചിന്തനം വേണ്ടിവരും. കടന്നുപോന്ന മാര്‍ഗ്ഗങ്ങള്‍ വിലയിരുത്തേണ്ടിവരും, ലക്ഷ്യങ്ങള്‍ പുനര്‍നിര്‍വചിക്കേണ്ടിവരും, രസതന്ത്രങ്ങള്‍ പുനരാവിഷ്‌കരിക്കേണ്ടിവരും, വ്യവസ്ഥകളിലും വ്യവസ്ഥാപിത സമ്പ്രദായങ്ങളിലും കാലം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ വേണ്ടിവരും. 

 സാധാരണഗതിയില്‍ മാറണമെന്നും മാറ്റണമെന്നും ആവശ്യപ്പെടുന്നത് പലപ്പോഴും ഭരണകൂടങ്ങളെ ചെറുക്കുന്ന ജനകീയ പ്രതിരോധ ശബ്ദങ്ങളായിരിക്കും. പക്ഷേ 2019-ലെ ഭാരതം ഭാഗ്യവതിയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന് ചില സ്വയംതിരുത്തലുകള്‍ക്ക് കാലമായിരിക്കുന്നൂവെന്ന് അടുത്തകാലത്ത് വീണ്ടും അധികാരത്തിലെത്തിയ ഭരണകൂടം തിരിച്ചറിയുന്നു. ഭാരതീയദേശീയതയുടെ സര്‍വ്വതോമുഖമായ വളര്‍ച്ചയ്ക്കും അഖണ്ഡഭാരതത്തിന്റെ വിശ്വവിജയത്തിനായി പൂര്‍ണ്ണമായും സമര്‍പ്പിച്ച സ്വയം സേവകരില്‍നിന്ന് രാഷ്ട്രം പ്രതീക്ഷിക്കുന്ന പുതിയ ചുവടുവെപ്പുകള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.

 പുതിയ തെരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി തയ്യാറാകുമ്പോള്‍ എല്ലാ രാഷ്ട്രീയകക്ഷികളും പൊതുബോധവും ധാരണയും ഉള്‍ക്കൊണ്ട് ആവണം അഭിപ്രായം പറയുവാന്‍. ജവഹര്‍ലാല്‍ നെഹ്‌റുവില്‍ തുടങ്ങി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ഘട്ടംവരെ ലോകസഭയിലേക്കും നിയമസഭകളിലേക്കും ഒരേസന്ദര്‍ഭങ്ങളില്‍ തെരഞ്ഞെടുപ്പ് എന്ന രീതിയാണ് അനുവര്‍ത്തിച്ചുപോന്നത്. ചില ഒറ്റപ്പെട്ട വ്യത്യസ്ഥ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒന്നിച്ചുള്ള തെരഞ്ഞെടുപ്പുകളായിരുന്നു പൊതുരീതി. ഇന്ദിരാഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തിയശേഷം ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്ന 1967ലും പൊതുവേ അക്കാര്യത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായതില്ല. 

 സ്വേച്ഛാധികാരിയുടെ പാത തെരഞ്ഞെടുത്ത് ജനാധിപത്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും കഴുത്തുഞെരിച്ച് ഇന്ദിര നടത്തിയ ഇടപെടലുകള്‍ കണക്കിലെടുക്കുമ്പോള്‍ തിരുത്തലുകള്‍ പലതുംവേണമെന്ന തിരിച്ചറിവിലേക്കാണ് നാം എത്തിച്ചേരുക. രാഷ്ട്രപതി സ്ഥാനത്തേക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നിശ്ചയിച്ച സ്ഥാനാര്‍ത്ഥി നീലം സഞ്ജീവറെഡ്ഡിയുടെ കാലുവാരി വി.വി. ഗിരിയെ റിബല്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിടത്തുനിന്നാണ് രാഷ്ട്രീയധാര്‍മ്മികതയെ വെല്ലുവിളിച്ചുള്ള വഴിവിട്ട പോക്കിന് ഇന്ദിര തുടക്കം കുറിച്ചത്. പ്രധാനമന്ത്രിക്കസേരയില്‍ ഇന്ദിരയ്ക്ക് ഇടംനല്‍കുന്നതില്‍ മുഖ്യപങ്കുവഹിച്ച കാമരാജിനെപോലും കണക്കിലെടുക്കാതെയാണ് പുതിയ രാഷ്ട്രീയ സംസ്‌കാരത്തിന് അവര്‍ തുടക്കം കുറിച്ചത്.

 അക്കാരണംകൊണ്ട് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത പാരമ്പര്യമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ചരിത്രമായി മാറി. 1947ല്‍ മഹാത്മാഗാന്ധി കോണ്‍ഗ്രസ്സ് പിരിച്ചുവിടാന്‍ ആവശ്യപെട്ടത് അനുസരിക്കാതിരുന്ന കോണ്‍ഗ്രസ്സുകാര്‍ രണ്ടു ദശാബ്ദങ്ങള്‍ക്കുശേഷം ഇന്ദിര തുടങ്ങിയ പാളയത്തില്‍പടയുടെ ഫലമായി പരസ്പരം തല്ലിപ്പിരിഞ്ഞ് കോണ്‍ഗ്രസ്സിനെ കുഴിച്ചുമൂടി. നിജലിംഗപ്പയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് (ഒ) ഇന്ദിരയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് (ആര്‍) എന്നീ പേരുകളില്‍ രണ്ടു പുതിയ പാര്‍ട്ടികള്‍ക്ക് ജന്മവുംനല്‍കി. അടിയന്തരാവസ്ഥയുടെ കറുത്ത ഏടുകളോടെ ഇന്ദിരയോടൊപ്പം അവശേഷിച്ച ചിലര്‍ പൊറുതിമുട്ടി പുറത്തുപോയി. ഇതോടെ വീണ്ടും പിളര്‍ന്ന് കോണ്‍ഗ്രസ്സ് (ഇന്ദിര) ആയിമാറി. ഈ പാര്‍ട്ടിയെയാണ് ഇന്ദിരയുടെ ഇറ്റാലിയന്‍ മരുമകളും കൊച്ചുമകനും കുടുംബസ്വത്തായി കയ്യടക്കിവച്ചിരിക്കുന്നത്.

 1969-ലെ കോണ്‍ഗ്രസ്സ് പിളര്‍പ്പോടെ ഇന്ദിരാഗാന്ധിയുടെ സര്‍ക്കാരിന് ഭൂരിപക്ഷപിന്തുണ നഷ്ടപ്പെട്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ താങ്ങിനിര്‍ത്താന്‍ തയാറായതിനാലാണ് പിന്നീട് അധികാരത്തില്‍ തൂങ്ങിക്കിടക്കാന്‍ അവര്‍ക്കായത്. 1967ന് ശേഷം 1972ല്‍ നടക്കേണ്ടിയിരുന്ന ലോകസഭാ തെരഞ്ഞെടുപ്പ് 1971ല്‍ തന്നെ നടത്തി ഇന്ദിര വീണ്ടും അധികാരത്തിലെത്തി. അവിടംമുതലാണ് ലോകസഭാ തെരഞ്ഞെടുപ്പും വ്യത്യസ്ഥ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളും പല സന്ദര്‍ഭങ്ങളിലായി നടക്കുന്ന അനാരോഗ്യപ്രവണത വ്യാപകമായത്. ആ പൊതുതെരഞ്ഞെടുപ്പ് 1971ല്‍ നടന്നതിനാല്‍ അടുത്ത തെരഞ്ഞെടുപ്പ് 1976ല്‍ നടക്കണമായിരുന്നു. പക്ഷേ അടിയന്തരാവസ്ഥയില്‍ ഇന്ദിരയുടെ ഫാസിസ്റ്റ് ഭരണകൂടം കുറുക്കുവഴിയിലൂടെ ലോകസഭയുടെ കാലാവധി വര്‍ദ്ധിപ്പിച്ചശേഷം 1977ല്‍ ആണ് തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറായത്. 

 ഇന്ദിര കോണ്‍ഗ്രസ്സിന് ബദലായി 1977ല്‍ വന്ന ജനതാപാര്‍ട്ടി സര്‍ക്കാരും, 1990ല്‍ വന്ന മറ്റുസര്‍ക്കാരുകളും ഇടയ്ക്കുവെച്ച് അധികാരം ഒഴിയേണ്ടിവന്ന സാഹചര്യത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പുകളുടെ തീയതികള്‍ നിയമസഭാ തെരഞ്ഞെടുപ്പുകളുമായി യാതൊരു ബന്ധവുമില്ലാതെയായി. ഇതുമൂലം രാജ്യത്ത് എവിടെയെങ്കിലും ഒരിടത്ത് തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന അനാരോഗ്യകരമായ അവസ്ഥയിലെത്തി.

നിയമസഭകളുടെ കാര്യം കണക്കിലെടുക്കുമ്പോള്‍ രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെപോലും പൊളിച്ചടുക്കിയ കോണ്‍ഗ്രസ്സ് ഭരണകാലങ്ങളിലെ ഇടപെടലുകളും പരിഗണിക്കണം. 1959ല്‍ അന്നത്തെ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ ഇന്ദിരയുടെ നിര്‍ദ്ദേശം അനുസരിച്ച് ജവഹര്‍ലാല്‍ നെഹ്‌റു കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ടതായിരുന്നു തുടക്കം. ആ നടപടിയുടെ ദൂരവ്യാപക ഫലങ്ങള്‍ മനസ്സില്‍ കണ്ടതുകൊണ്ടാണ് രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ അന്നത്തെ സര്‍സംഘചാലക് ഗുരുജി കമ്യൂണിസ്റ്റുസര്‍ക്കാരിന് എതിരെ ഉണ്ടായ ആ നടപടിയെ വിമര്‍ശിച്ചത്.

പിന്നീട് ഇന്ദിരയുടെ ഭരണത്തില്‍ അധികാരവും ഗവര്‍ണര്‍മാരെ ഉപയോഗിച്ചും സ്വന്തംപാര്‍ട്ടിയുടെ ഉള്‍പ്പടെയുള്ള തനിക്കിഷ്ടമില്ലാത്ത സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടുന്നതും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ തന്നിഷ്ടംപോലെ നടത്തുന്നതും പതിവായി. പിന്നീടുവന്ന പല സര്‍ക്കാരുകളും ആ വഴിതുടര്‍ന്നു. രാമജന്മഭൂമിയില്‍ കടന്നുകയറി പണിതുണ്ടാക്കിയ വിവാദമന്ദിരം തകര്‍ന്നതിന്റെ പേരില്‍ രാജ്യത്തെ വിവിധ സര്‍ക്കാരുകളെ പിരിച്ചുവിട്ടു. ബിജെപി ഭരിച്ചിരുന്ന യുപി, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍ സര്‍ക്കാരുകളെയാണ് നരസിംഹ റാവുവിന്റെ കാലത്ത് പിരിച്ചുവിട്ടത്. ഇത് ഏറ്റവും ജനാധിപത്യവിരുദ്ധ നടപടിയായിരുന്നു. അങ്ങനെയുള്ള കടന്നുകയറ്റങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനിലെ  സര്‍ക്കാര്‍ നോമിനികളും കൂട്ടുന്നിന്നു. ജനാധിപത്യം സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വം വേണ്ട വിധം നിറവേറ്റുന്നതില്‍ കോടതികള്‍ പോലും പരാജയപ്പെട്ടെന്ന സംശയങ്ങള്‍ക്ക് ഇത് കാരണമായി.

 കേന്ദ്രഭരണത്തിലുള്ളവര്‍ക്ക് ജനാധിപത്യ പ്രതിബദ്ധത ഇല്ലാതായത് നിയമസഭകളുടെ കാലാവധികളെ ബാധിച്ചു. ഒപ്പംതന്നെ പലയിടത്തും ഭരിച്ച സംസ്ഥാന സര്‍ക്കാരുകളും തങ്ങളുടെ രാഷ്ട്രീയലാഭം കണക്കാക്കി നിയമസഭകളുടെ കാലാവധി വെട്ടിക്കുറക്കാന്‍ തയ്യാറായി. അപ്രതീക്ഷിതമായി തെലുങ്കാന നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനു നീങ്ങിയ ചന്ദ്രശേഖര്‍ റാവുവിന്റെ നടപടി അടുത്ത കാലത്തുണ്ടായതാണ്.

അങ്ങനെ സ്വാതന്ത്ര്യത്തിനുശേഷം ആദ്യ രണ്ടുദശകങ്ങളില്‍ ഒന്നിച്ചുനടന്നിരുന്ന ലോകസഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഓരോന്നും ഒക്കുമ്പോള്‍ നടക്കുന്ന സാഹചര്യത്തിന് ഇടവരുത്തി. തെരഞ്ഞെടുപ്പ് ചിലവുകള്‍ വലിയ ഭാരമായി മാറി. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന നിയന്ത്രണങ്ങള്‍ ഭരണകൂടങ്ങളുടെ കൈകാലുകള്‍ കെട്ടിയിടുന്ന അവസ്ഥയിലെത്തി. 

അതോടൊപ്പം ലോകസഭയിലും രാജ്യസഭയിലും വ്യത്യസ്ത അഭിപ്രായം പ്രതിഫലിക്കുന്ന നിലയിലെത്തി. പതിനാറാം ലോകസഭയില്‍ നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ നടത്തിയ പല നിയമനിര്‍മ്മാണ ശ്രമങ്ങളെയും സ്ഥാപിതതാത്പര്യക്കാര്‍ രാജ്യസഭയില്‍ തടസ്സപ്പെടുത്തുന്നത് രാജ്യം കണ്ടു.

ജനവിശ്വാസം ആവര്‍ത്തിച്ച് വ്യക്തമാക്കി കൂടുതല്‍ കരുത്തോടെ ജനാധിപത്യത്തെ സാര്‍ത്ഥകമാക്കാനും ജന്മഭൂമിയെ സുരക്ഷിതമാക്കാനുമുള്ള ചുമതലയാണ് നരേന്ദ്രമോദി ഏറ്റെടുത്തിട്ടുള്ളത്. അതിനുതകുന്ന പരിശ്രമങ്ങള്‍ക്ക് പുതിയ സര്‍ക്കാര്‍ തുടക്കം കുറിക്കുമ്പോള്‍ കൂടെ നില്‍ക്കാന്‍ തയ്യാറാകാത്തവരെ ജനം തിരുത്തും. 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ലക്ഷ്യത്തിലേക്കു നീങ്ങുമ്പോള്‍ ഉണ്ടാകാവുന്ന സംശയങ്ങളെയും സന്ദേഹങ്ങളെയും വെല്ലുവിളികളെയും പൊതുചര്‍ച്ചയ്ക്ക് വിധേയമാക്കി പ്രായോഗിക പരിഹാരങ്ങള്‍ കണ്ടെത്താന്‍ ഭാരതീയ ജനാധിപത്യത്തിനു കഴിയും, കഴിയണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.