ബില്ലടച്ചില്ല, വൈദ്യുതി ബോര്‍ഡ് ഫ്യൂസൂരി; വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം നിലച്ചു

Thursday 5 September 2019 2:56 pm IST

പന്തളം: വൈദ്യുതി ബോര്‍ഡ് ഫ്യൂസൂരിയതു കാരണം പന്തളം വില്ലേജോഫീസ് പ്രവര്‍ത്തനം നിലച്ചു. കഴിഞ്ഞ മാസത്തെ ബില്ലടയ്ക്കാന്‍ വൈകിയതാണ് ഇവിടേയ്ക്കുള്ള വൈദ്യുതി വിച്ഛേദിക്കാന്‍ കാരണമായത്. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് വൈദ്യുതി വിച്ഛേദിച്ചത്. തഹസില്‍ദാരുടെ ഓഫീസില്‍ നിന്നും കളക്ടറേറ്റില്‍ നിന്നും ആവശ്യപ്പെട്ടിട്ടും വൈദ്യുതി വകുപ്പ് ജീവനക്കാര്‍ വഴങ്ങിയില്ല. ബുധനാഴ്ച്ച രാവിലെ 10 മണിക്കു ബില്ലടച്ചതിനു ശേഷം പത്തരയ്ക്കാണ് വൈദ്യുതി പുനസ്ഥാപിച്ചത്. 

വില്ലേജ് ഓഫീസില്‍ നിന്ന് ലഭിക്കേണ്ട രേഖകള്‍ എല്ലാം കമ്പ്യൂട്ടര്‍ മുഖാന്തിരമായതിനാല്‍ വൈദ്യുതി ഇല്ലാതായതോടെ മുടങ്ങി. ഇത് വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമാകുകയും വിവിധ ആവശ്യങ്ങള്‍ക്കായെത്തിയ നൂറിലേറെ പേര്‍ക്ക് അടിയന്തിര പ്രാധാന്യമുള്ള സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിച്ചില്ല. കോളേജുകളില്‍ കോഴ്‌സുകള്‍ക്കു ചേരുവാന്‍ വരുമാന സര്‍ട്ടിഫിക്കറ്റിനായും കോടതിയില്‍ ജാമ്യം നില്‍ക്കുന്നതിനായി കരമടച്ച രസീതിനായെത്തിയവരും സേവനം ലഭിക്കാതെ മടങ്ങി പോകേണ്ടി വന്നു.

തപാല്‍ വകുപ്പിലെ ജോലിക്കപേക്ഷിക്കാനുള്ള അവസാന ദിവസം ബുധനാഴ്ചയായിരുന്നു. അതിനാല്‍ അപേക്ഷഅയയ്ക്കാന്‍ നോണ്‍ ക്രീമിലേയര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയവരും ഏറെയുണ്ടായിരുന്നു. വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടനുസരിച്ച് തഹസില്‍ദാറാണ് ക്രീമിലേയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഇതിന് ഒരു ദിവസം സമയമെടുക്കും.ചൊവ്വാഴ്ച്ചവില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടുമായി ബുധനാഴ്ച്ച തഹസില്‍ദാറില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിവര്‍ക്ക് ഇതോടെ ജോലിയ്ക്കപേക്ഷിക്കാനും കഴിഞ്ഞില്ല. ഇക്കാര്യം വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ ബോദ്ധ്യപ്പെടുത്തിയിട്ടും അതു ചെവിക്കൊണ്ടില്ലെന്ന് വില്ലേജ് ഓഫീസര്‍ പറഞ്ഞു.  പ്രളയവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡുകളുമുണ്ടായിരുന്നു. അവരുടെയും ജോലി മുടങ്ങി.    

3000 രൂപയ്ക്കടുത്തായിരുന്നു ബില്ലടയ്‌ക്കേണ്ടിയിരുന്നത്. കഴിഞ്ഞ മാസം 29 ആയിരുന്നു ബില്ലടയ്‌ക്കേണ്ട അവസാന തീയതി. പ്രളയവുമായി ബന്ധപ്പെട്ട ജോലിയുടെ തിരക്കിലായിരുന്നതിനാലാണ് ബില്ലടയ്ക്കാന്‍ സാധിക്കാതിരുന്നതെന്ന് വില്ലേജ് ഓഫീസ് അധികൃതര്‍ പറഞ്ഞു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും അതിനു തയ്യാറാകാതിരുന്നതാണ് വൈദ്യുതി വിച്ഛേദിക്കാന്‍ കാരണമെന്നാണ് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.