ക്ഷേത്രങ്ങളിലെ ആചാരപരമായ ആന എഴുന്നള്ളിപ്പ് തടയാന്‍ ആസൂത്രിത നീക്കം; പിന്നില്‍ വിദേശ ഫണ്ട് സ്വീകരിക്കുന്ന സന്നദ്ധ സംഘടനകള്‍; ഒത്താശ ചെയ്ത് പിണറായി സര്‍ക്കാര്‍

Tuesday 15 October 2019 12:25 pm IST

തൃശൂര്‍: ക്ഷേത്രാചാരമായ ആന എഴുന്നള്ളിപ്പ് തടയാന്‍ വീണ്ടും ആസൂത്രിത നീക്കം. മൃഗസ്‌നേഹത്തിന്റെ മുഖംമൂടി അണിഞ്ഞ സന്നദ്ധ സംഘടനയും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമാണ് പിന്നില്‍. ശബരിമലയിലെ ആചാര്യ ധ്വംസനത്തിനായി പ്രവര്‍ത്തിക്കുന്ന ശക്തികളുടെ പിന്തുണയുമുണ്ട്. കോടിക്കണക്കിന് വിദേശഫണ്ട് തരപ്പെടുത്തി പ്രവര്‍ത്തിക്കുന്ന കപട മൃഗസ്നേഹ സംഘടനയുടെ ഉദ്ദേശ്യവും സംശയം ജനിപ്പിക്കുന്നു.

ആറാട്ട്പുഴ പൂരം, തൃശൂര്‍ പൂരം, ഉത്രാളിക്കാവ് പൂരം, പാര്‍ക്കാടി പൂരം, കൊല്ലംപൂരം, വൈക്കത്തഷ്ടമി, തൃപ്പൂണിത്തുറ, ഏറ്റുമാനൂര്‍, ആറ്റുകാല്‍, ശ്രീപദ്മനാഭ സ്വാമിക്ഷേത്രം, ശബരിമല എന്നിവിടങ്ങളിലെ ആചാരങ്ങളുടെ ഭാഗമായി കാലാകാലങ്ങളായി ആന എഴുന്നള്ളിപ്പ് നടന്നു വരുന്നു. മഹാക്ഷേത്രങ്ങളിലെ ആന എഴുന്നള്ളത്തിനെ സംബന്ധിച്ച് കപടമൃഗസ്‌നേഹി സംഘടന നല്‍കിയ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

കോടതി പരിഗണനയിലുള്ള വിഷയത്തില്‍ വിധി വരും വരെ സര്‍ക്കാര്‍ നടപടിയെടുക്കാറില്ല. എന്നാല്‍ എഴുന്നള്ളിപ്പിന്റെ കാര്യത്തില്‍ കീഴ്‌ക്കോടതിയുടെ ചില പരാമര്‍ശങ്ങള്‍ മാത്രം ഉയര്‍ത്തിക്കാട്ടി വനം വകുപ്പ് ഉത്തരവുകള്‍ ഇറക്കുകയാണ്. ജില്ല വിട്ട് ആനകളെ കൊണ്ടുപോകരുതെന്ന അവസാനത്തെ ഉത്തരവ് ഉദാഹരണം മാത്രം. ഇന്ത്യയില്‍ മറ്റൊരിടത്തുമില്ലാത്ത നിയമമാണിത്. ആനകളെ സംരക്ഷിക്കുന്ന ക്ഷേത്ര ഭാരവാഹികളെയും ഉടമകളെയും ഭീഷണിപ്പെടുത്തുകയാണ് ലക്ഷ്യം. ആന എഴുന്നള്ളിപ്പ് നടത്താന്‍ വനംവകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവ് കൊണ്ടുവന്നു. രജിസ്റ്റര്‍ ചെയ്യാനോ എഴുന്നള്ളിപ്പിന് പെര്‍മിഷന്‍ വാങ്ങാനോ വനംവകുപ്പ് ഓഫീസില്‍ ദിവസങ്ങളോളം കയറിയിറങ്ങണം. അവസാനം നിസാര സാങ്കേതിക തടസം പറഞ്ഞ് അനുമതി നിഷേധിക്കും. ഇക്കാരണത്താല്‍ ഉത്സവ എഴുന്നള്ളിപ്പ് മുടങ്ങിയ നിരവധി സംഭവങ്ങളുണ്ട്.

ആനകളുടെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് 30 ദിവസത്തിനകം നല്‍കണമെന്ന് സുപ്രീംകോടതി മുഖ്യവനപാലകനോട് ആവശ്യപ്പെട്ടിട്ട് ഒരു വര്‍ഷമായി. നാളിതുവരെ ആന ഉടമകള്‍ക്കോ, ആനകളെ പരിപാലിക്കുന്ന ക്ഷേത്രങ്ങള്‍ക്കോ ഇത് നല്‍കാന്‍ തയ്യാറായിട്ടില്ല. വിഷയം പലപ്രാവശ്യം വിവിധ ക്ഷേത്ര ഭാരവാഹികള്‍ വനംവകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് പറഞ്ഞിട്ടും ഗുണമുണ്ടായിട്ടില്ല. പകരം നല്ലതു പോലെ സംരക്ഷിക്കപ്പെടുന്ന നാട്ടാനകളെ പിടിച്ചെടുക്കാനുള്ള തന്ത്രപ്പാടിലാണ് വനം വകുപ്പ്. ഉത്സവ എഴുന്നള്ളിപ്പിനെതിരെ പ്രചരണം നടത്തുന്ന കനേഡിയന്‍ പൗരത്വമുള്ള യുവതിയും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും തമ്മിലുള്ള ബന്ധത്തിലും ദുരൂഹതയുണ്ട്. മൃഗസ്നേഹി സംഘടനയുടെ മറവില്‍ കോടികളുടെ വിദേശഫണ്ട് വരുന്നത് ഇവര്‍ മുഖേനെയാണ്.

ആചാരങ്ങളുടെ ഭാഗമായ ആന എഴുന്നള്ളിപ്പിനെ സംരക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയേയും സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രമുഖ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും ആന സ്നേഹികളും.

കപടമൃഗസ്‌നേഹികളുമായി നിരന്തരം ഗൂഢാലോചന നടത്തുന്ന വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുക, ആന എഴുന്നള്ളിപ്പിന് എതിരെയുള്ള ഗൂഢാലോചനകളെ പറ്റി അന്വേഷിച്ച് നടപടികള്‍ സ്വീകരിക്കുക, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സംഘടനകളെ കേരളത്തില്‍ നിരോധിക്കാനുള്ള നിയമം കൊണ്ടുവരിക, ഇവരുടെ അക്കൗണ്ടുകളില്‍ വിദേശത്ത് നിന്ന് വരുന്ന പണമിടപാടുകളെ പറ്റി വിശദ അന്വേഷണം നടത്തുക തുടങ്ങിയവയാണ് ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.