ടിക്കറ്റെടുക്കുമ്പോള്‍ മുന്നില്‍ കാട്ടാന; സഞ്ചാരികള്‍ ചിതറിയോടി, ഒരു മണിക്കൂറോളം ഇരവികുളം ദേശീയോദ്യാനം അടച്ചിട്ടു

Thursday 7 November 2019 7:18 pm IST

കാട്ടാന ഇരവികുളം ദേശീയോദ്യാനത്തിന്റെ അഞ്ചാംമൈല്‍ ടിക്കറ്റ് കൗണ്ടറിന് സമീപമെത്തിയപ്പോള്‍

മൂന്നാര്‍: വരയാടുകളുടെ സംരക്ഷണ കേന്ദ്രമായ രാജമലയില്‍ കാട്ടാന ഇറങ്ങി. ആനയെക്കണ്ട് സഞ്ചാരികള്‍ ചിതറിയോടിയതോടെ പാര്‍ക്ക് ഒരുമണിക്കൂറോളം അടച്ചിട്ടു. രാജമല സന്ദർശിക്കുന്നതിനായി വിനോദസഞ്ചാരികൾ ടിക്കറ്റ് എടുക്കുന്നതിനിടെ ആന ഇവരുടെ മുന്നിലേക്ക് എത്തുകയായിരുന്നു. 

ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് മൂന്നാര്‍-മറയൂര്‍ അന്തര്‍ സംസ്ഥാന പാതയിലൂടെ ഒറ്റയാന എത്തിയത്. നാട്ടാനയെന്ന് കരുതി പലരും റോഡില്‍ നിന്ന് മാറാന്‍ കൂട്ടാക്കിയില്ല. വനം വകുപ്പ് ജീവനക്കാര്‍ കാട്ടാനയാണെന്ന് സന്ദര്‍ശകരെ അറിയിച്ചതോടെ പലരും സമീപത്തെ വനംവകുപ്പിന്റെ കെട്ടിടങ്ങളില്‍ അഭയം തേടി. ടിക്കറ്റ് കൗണ്ടറില്‍ നിന്നിരുന്നവരെ ജീവനക്കാര്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

കഴിഞ്ഞ ദിവസം നയമക്കാട് ഭാഗത്ത് നിലയുറപ്പിച്ചിരുന്ന കാട്ടാനയാണ് പാര്‍ക്കിലെത്തിയത്. ഒരു മണിക്കൂറോളമാണ് ഇരവികുളം ദേശീയോദ്യാനത്തിന്റെ അഞ്ചാംമൈല്‍ ടിക്കറ്റ് കൗണ്ടറിന് സമീപത്ത് ആന നിലയുറപ്പിച്ചത്. ആന കാടു കയറിയതോടെ പാര്‍ക്ക് വീണ്ടും തുറന്നു. ആന സാധാരണയായി മേഖലയില്‍ എത്താറുണ്ടെന്നും ഭയപ്പെടേണ്ടതില്ലെന്നുമാണ് അധികൃതര്‍ അറിയിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.