അടിയന്തരാവസ്ഥ പീഡിത പെന്‍ഷന്‍ ആറു മാസത്തിനുള്ളില്‍ തീരുമാനം വേണമെന്ന് ഹൈക്കോടതി

Monday 5 August 2019 9:43 pm IST

കൊച്ചി: അടിയന്താരാവസ്ഥക്കാലത്ത് ജയില്‍ പീഡനം അനുഭവിച്ചവരെ സ്വാതന്ത്ര്യസമര സേനാനികളായി പരിഗണിച്ച് പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്‍കണമെന്ന നിവേദനം ലഭിച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ ആറു മാസത്തിനുള്ളില്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. 

അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടം രണ്ടാം സ്വാതന്ത്ര്യസമരമായി കണക്കാക്കണമെന്നും സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് നല്‍കുന്ന സൗജന്യ ചികിത്സാ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് വൈക്കം ഗോപകുമാര്‍ ഉള്‍പ്പെടെ 40 പേര്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) ഇതിനെ എതിര്‍ത്തു.

അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയവര്‍ക്ക് പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കുന്നതു കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ വരുന്ന വിഷയമാണെന്നും കോടതിക്ക് ഇങ്ങനെ  നിര്‍ദേശിക്കാനാകില്ലെന്നും എഎസ്ജി വ്യക്തമാക്കി. ഇതു ശരിവച്ച സിംഗിള്‍ ബെഞ്ച് ഹര്‍ജിക്കാരുടെ ആവശ്യങ്ങള്‍ അവഗണിക്കാനാവില്ലെന്നും വ്യക്തമാക്കി. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ നിവേദനം ലഭിച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ ആറു മാസത്തിനുള്ളില്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് നിര്‍ദേശിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.