മന്ത്രി കടകംപള്ളിക്കൊപ്പം ഹണിട്രാപ്പില്‍ കുടുങ്ങിയത് ഉന്നത പോലീസ് ഉദ്യോഗസ്ഥരും; യുവതിക്കെതിരെ അന്വേഷണം നടത്താന്‍ ഡിജിപിയുടെ നിര്‍ദേശം; കുത്തഴിഞ്ഞ് പിണറായി ഭരണം

Thursday 27 June 2019 3:28 pm IST

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആരോപണമുന്നയിച്ച യുവതിയുടെ വലയില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും കുടുങ്ങിയെന്ന് റിപ്പോര്‍ട്ട്. പോലീസ് ഉദ്യോഗസ്ഥരെ തെരഞ്ഞ് പിടിച്ച് പ്രേമം നടിച്ച് കുരുക്കുന്നുവെന്ന വോയ്സ് പോലീസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഇതോടെ  എസ്ഐ പീഡിപ്പിച്ചതായി ആരോപണം ഉന്നയിച്ച യുവതിയെക്കുറിച്ച് വിശദാന്വേഷണം നടത്താന്‍  പോലീസ് മേധാവി നിര്‍ദേശം നല്‍കി. യുവതിയെക്കുറിച്ചുളള  വിവരങ്ങള്‍  ശേഖരിച്ച  ശേഷം ആരോപണത്തെക്കുറിച്ചുളള അന്വേഷണം മതിയെന്നാണ് ഉന്നതാധികൃതരുടെ നിലപാട്. 

അഞ്ചല്‍ സ്വദേശിനിയായ യുവതിയാണ് നെടുമങ്ങാട് സ്വദേശിയായ തുമ്പ പോലീസ് സ്റ്റേഷനില്‍ പുതുതായി എത്തിയ എസ്ഐക്കെതിരെ പീഡനാരോപണം നടത്തിയത്.  കഴിഞ്ഞ ദിവസം ഫേസ്ബുക്ക് വഴി യുവതി ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് പ്രചരണം നടത്തിയിരുന്നു.  ഉത്തരവാദി എസ്ഐ സുമേഷ് ആണെന്നു കാണിച്ചാണ് യുവതി പ്രചരണം നടത്തിയത്.  പ്രചരണം വൈറലായതോടെ ഡിജിപിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വനിതാ സെല്ലില്‍ നിന്ന് പോലീസുകാരെത്തി ജോലിയുടെ ഭാഗമായി ശ്രീകാര്യത്ത് പേയിംഗ് ഗസ്റ്റായി താമസിക്കുന്ന യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

ഇതോടെ  യുവതി ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് എസ്ഐയ്ക്കെതിരെ പീഡന ആരോപണമുന്നയിച്ചു. ആഴ്ചകള്‍ക്ക് മുമ്പ് യുവതി പോലീസ് പരാതി സെല്ലിലും മുഖ്യമന്ത്രിക്കും നല്‍കിയിരുന്നു. യുവതിയെ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയശേഷം എസ്ഐയ്ക്കെതിരെ കേസെടുത്തു.   എന്നാല്‍  യുവതിയെ കുറിച്ചുളള ഞെട്ടിക്കുന്ന വിവരങ്ങള്‍  പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ അന്വേഷണം യുവതിയെ കേന്ദ്രീകരിക്കുകയായിരുന്നു. 2016ല്‍ യുവതിയുടെ പരാതിയില്‍  ബലാത്സംഗ കേസ് രജിസ്റ്റര്‍  ചെയ്തിട്ടുണ്ട്. പുനലൂര്‍ സ്വദേശിയും ദൂരദര്‍ശന്‍ കേന്ദ്രത്തിലെ ജീവനക്കാരനുമെതിരെയാണ് യുവതി അന്ന് പരാതി നല്‍കിയത്. കൂടാതെ ആലപ്പുഴ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് പണം തട്ടിയതായും ആരോപണമുണ്ട്. പത്ത് ലക്ഷമാണ് ആവശ്യപ്പെട്ടത്. എന്നാല്‍  മൂന്ന് ലക്ഷം നല്‍കി പോലീസ് ഉദ്യോഗസ്ഥന്‍ യുവതിയുടെ ഭീഷണിയില്‍ നിന്ന് തലയൂരുകയായിരുന്നുവത്രെ. ഇത്തരത്തില്‍ അനവധി ആരോപണങ്ങള്‍ യുവതിക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. 

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സുരക്ഷാ ചുമതല വഹിച്ചിരുന്ന സമയത്താണ് ആരോപണ വിധേയനായ എസ്ഐയെ യുവതി നേരില്‍ കാണുന്നതും ഫേസ് ബുക്ക് പരിചയം പുതുക്കിയതും. യൂണിവേഴ്സിറ്റിയില്‍ ജീവനക്കാരിയെന്ന നിലയിലാണ് പരിചയത്തിന് തുടക്കമിട്ടത്. നിരവധിയിടങ്ങളില്‍ തന്നെക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. 

എന്നാല്‍ യുവതിയുടെ പീഡനാരോപണം എസ്ഐ നിഷേധിച്ചു.  താനുമായുളള പരിചയം സാമ്പത്തിക  മുതലെടുപ്പിന് വേണ്ടിയാണെന്ന് എസ്ഐ പറഞ്ഞു. തന്നോട് അനവധി തവണ പണം ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ആരോപണമുയര്‍ത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് പൂയപ്പളളിയിലേക്ക് സ്ഥലംമാറ്റമായപ്പോള്‍ മുതലാണ് പീഡനത്തില്‍ തന്നെ കുരുക്കുമെന്ന യുവതിയുടെ ഭീഷണി വന്നത്. അവിടെ നിന്നും പേരൂര്‍ക്കട സ്റ്റേഷനിലെത്തിയപ്പോഴും തുമ്പയിലെത്തിയപ്പോഴും ഭീഷണി വര്‍ധിക്കുകയാണുണ്ടായത്. നെടുമങ്ങാടിലെ തന്റെ വീട്ടില്‍ വന്നും ഭീഷണി ഉയര്‍ത്തിയതായി എസ്ഐ പറഞ്ഞു.  

 ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയും ഇതേ യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹണിട്രാപ്പില്‍ മന്ത്രിയുടെ പേര് പരാമര്‍ശിച്ചുകൊണ്ടുള്ള യുവതിയുടെ ശബ്ദരേഖ 'ജനം' ടിവിയാണ് പുറത്തുവിട്ടിരിക്കുന്നത്. തന്റെ പേര് പുറത്ത് പറയരുതെന്ന് കടകംപള്ളി ആവശ്യപ്പെട്ടുവെന്നും. തനിക്ക് പത്ത് ലക്ഷമോ പതിനഞ്ച് ലക്ഷമോ തരാമെന്ന് മന്ത്രി പറഞ്ഞെന്ന് യുവതി ഫോണ്‍ സന്ദേശത്തില്‍ അവകാശപ്പെടുന്നുണ്ട്. യുവതി വിവാഹിതയാണ്. ആറ് വയസ്സുളള മകളുമുണ്ട്. ഭര്‍ത്താവുമായി അകന്നാണ് യുവതി കഴിയുന്നത്. ബന്ധം വേര്‍പ്പെടുത്താന്‍ യുവതിയുടെ  ഭര്‍ത്താവ് കേസ് കൊടുത്തിട്ടുണ്ട്. എന്നാല്‍  ബന്ധം വേര്‍പ്പെടുത്തലിന് സമ്മതിച്ചിട്ടില്ല. അതേസമയം യുവതിക്ക് ഭരണപക്ഷ രാഷ്ട്രീയതലത്തിലും നഗരത്തിലെ പ്രമുഖരുമായും അടുത്ത ബന്ധമുളളതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.