ഭാരതത്തിന് തുറന്ന പിന്തുണയുമായി യൂറോപ്യന്‍ യൂണിയന്‍; ഇന്ത്യയില്‍ പാക്കിസ്ഥാന്‍ ഭീകരത വളര്‍ത്തുന്നു; 370-ാം വകുപ്പ് നീക്കിയത് ചരിത്രപരമെന്ന് വിലയിരുത്തല്‍

Thursday 19 September 2019 9:46 pm IST

ബ്രസല്‍സ്: ഇന്ത്യയില്‍ ഭീകരത പ്രോത്സാഹിപ്പിക്കുന്നതും ഭീകരര്‍ക്ക് സുരക്ഷിതതാവളമൊരുക്കുന്നതും പാക്കിസ്ഥാനെന്ന് തുറന്നടിച്ച് യൂറോപ്യന്‍ യൂണിയനിലെ മന്ത്രിമാര്‍. കശ്മീര്‍ വിഷയത്തില്‍ ലോകരാജ്യങ്ങളുടെ പിന്തുണയ്ക്കായി നെട്ടോട്ടമോടുന്ന പാക്കിസ്ഥാന് യൂറോപ്യന്‍ മന്ത്രിമാരുടെ പ്രഖ്യാപനം വന്‍തിരിച്ചടി.  കശ്മീരിലെ അവസ്ഥ എന്ന ചര്‍ച്ചയ്ക്കിടെയാണ്, യൂറോപ്യന്‍ പാര്‍ലമെന്റിലെ നിരവധി മന്ത്രിമാര്‍ പാക്കിസ്ഥാനെതിരെ തിരിഞ്ഞത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് നീക്കിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്ന് വ്യക്തമാക്കിയ മന്ത്രിമാര്‍, ഭാരതത്തിന്റെ പരമാധികാരത്തെ മാനിക്കാനും യൂേറാപ്യന്‍ യൂണിയനോട് അഭ്യര്‍ഥിച്ചു. 

ഇന്ത്യയിലേക്ക് പാക്കിസ്ഥാന്‍ ഭീകരരെ അയയ്ക്കുന്നു. ജമ്മു കശ്മീരിന്റെ ഒരു ഭാഗം അവര്‍ അനധികൃതമായി കൈയടക്കി. യൂറോപ്യന്‍ കണ്‍സര്‍വേറ്റീവ്‌സ്, റിഫോര്‍മിസ്റ്റ് ഗ്രൂപ്പിലെ ജെഫ്രി വാന്‍ ഓര്‍ഡീന്‍ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിലൊന്നാണ് കശ്മീര്‍. 70 വര്‍ഷമായി അവിടത്തെ പ്രശ്‌നം പരിഹരിച്ചിട്ടില്ല. പുറത്തുനിന്നുള്ള ചിലര്‍ സ്‌പോണ്‍സര്‍ ചെയ്ത ഭീകരത കശ്മീരിന് ഭീഷണിയായിരുന്നു. അവസാനം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. നിയമപരമായി മുഴുവന്‍ പ്രദേശവും ഇന്ത്യയുടെ ഭാഗമാകേണ്ടതായിരുന്നു. പാക്കിസ്ഥാന്‍ പിടിച്ചടക്കിയ ഭാഗത്ത് ഭീകരപ്രവര്‍ത്തനം നടത്തുന്നു, അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിലുള്ളവര്‍ക്കും രാജ്യത്തിന്റെ മറ്റിടങ്ങളിലുള്ളവര്‍ക്കും ഒരേ അവകാശം ലഭ്യമാക്കാനുള്ള ഇന്ത്യയുടെ തീരുമാനം ചരിത്രപരമാണ്. 370-ാം വകുപ്പ്  നീക്കിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവര്‍ക്കും തുല്യാവകാശം നല്‍കി. പാക്കിസ്ഥാനില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ്. അവിടെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു, അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നവര്‍ ചന്ദ്രനില്‍ നിന്നല്ല അടുത്ത രാജ്യത്തു നിന്ന് വന്നവരാണ്. നാം ഇന്ത്യയെ പിന്തുണയ്ക്കണം, ഇറ്റാലിയന്‍ നേതാവ് ഫുള്‍വിയോ മാര്‍ട്ടസ് സിലോ പറഞ്ഞു. 370-ാം വകുപ്പ് നീക്കിയതും ജമ്മു കശ്മീര്‍ പുനഃസംഘടിപ്പിച്ചതും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് സ്ലൊവാക്യന്‍ നേതാവ് മിലന്‍ ഉഹ്‌റിക് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കശ്മീരിലെയും നീക്കങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ പിന്തുണ നല്‍കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.