എബിവിപി സമ്മേളനത്തിന് ആവേശോജ്ജ്വലത്തുടക്കം

Sunday 8 December 2019 8:00 am IST
"എബിവിപി സംസ്ഥാന സമ്മേളനം മുന്‍ ദേശീയ സംഘടനാ സെക്രട്ടറി സുനില്‍ അംബേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. കൊല്ലം ജില്ലാ പ്രസിഡന്റ് വിശാഖ്, മഹാനഗര്‍ സെക്രട്ടറി ആതിര വിജയകുമാര്‍, സംസ്ഥാന പ്രസിഡന്റ് ഡോ. ബി.ആര്‍. അരുണ്‍, സെക്രട്ടറി എം.എം. ഷാജി, സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. ആര്‍. രാജേന്ദ്രന്‍ എന്നിവര്‍ സമീപം"

കൊല്ലം: ദേശിംഗനാടിന്റെ ചരിത്രത്തില്‍ പുത്തന്‍ അധ്യായം എഴുതിചേര്‍ത്ത് ദേശീയതയുടെ മഹാവിളംബരമായി എബിവിപി സംസ്ഥാന സമ്മേളനത്തിന് ആവേശോജ്ജ്വല തുടക്കം. വിവേകാനന്ദസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത കുങ്കുമ പതാകകളാല്‍ അലങ്കരിച്ച സമ്മേളന നഗരി വിദ്യാര്‍ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

വീരബലിദാനികളുടെ ഛായാചിത്രങ്ങള്‍ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയായിരുന്നു തുടക്കം. ധീരദേശാഭിമാനി വേലുത്തമ്പിദളവയുടെ പേരില്‍ സജ്ജമാക്കിയ ആനന്ദവല്ലീശ്വരം എന്‍എസ്എസ് ഹാളിലെ സമ്മേളനനഗരിയില്‍ രാവിലെ ചേര്‍ന്ന ജനറല്‍ കൗണ്‍സിലില്‍ പ്രതിനിധികള്‍ ഒറ്റക്കെട്ടായാണ് പ്രസിഡന്റിനെയും സെക്രട്ടറിയെയും തെരഞ്ഞെടുത്തത്. കൊല്ലം മുഖത്തല സ്വദേശി ഡോ. ബി.ആര്‍. അരുണ്‍ ആണ് പ്രസിഡന്റ്. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി എം.എം. ഷാജി സെക്രട്ടറിയും. 

തുടര്‍ന്ന് സംസ്ഥാന സമ്മേളനം മുന്‍ ദേശീയ സംഘടനാ സെക്രട്ടറി സുനില്‍ അംബേക്കര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥിസമൂഹത്തെ വഴിതെറ്റിച്ച് അക്രമത്തിലേക്കും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കും എത്തിക്കുകയാണ് ഇടതുപക്ഷമെന്ന് സുനില്‍

അംബേക്കര്‍ പറഞ്ഞു. സ്വന്തം രാജ്യത്തെ സ്‌നേഹിക്കുന്നവരാണ് റഷ്യയിലെയും ചൈനയിലെയും ഇപ്പോള്‍ നേപ്പാളിലെയും കമ്യൂണിസ്റ്റുകള്‍. സ്വത്വവും പാരമ്പര്യവും തിരിച്ചറിയാതെ രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍. ഭാരത് മാതാ കീ ജയ് എന്ന വിളി കേള്‍ക്കുമ്പോള്‍ അവര്‍ക്ക് അസ്വസ്ഥതയാണ്. രാഷ്ട്രസ്‌നേഹം ചര്‍ച്ചയാകുമ്പോള്‍ വിറളിയാണ്. ഇവരുടെ പിടിയിലമര്‍ന്ന വിദ്യാര്‍ഥി സമൂഹത്തെ രക്ഷിച്ച് ദേശീയതയ്‌ക്കൊപ്പം അണിചേര്‍ക്കുകയാണ് എബിവിപി ഏറ്റെടുത്തിരിക്കുന്ന ദൗത്യമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ അന്ധമായ സംഘവിരോധത്തില്‍ മതമൗലികവാദികളെ വളര്‍ത്തുകയാണ് ഇടതും വലതും ചെയ്യുന്നത്. സിറിയയിലടക്കം പിടിയിലാകുന്ന ഭീകരര്‍ മലയാളികളാണെന്നത് ഇതിന്റെ തെളിവാണ്. മാര്‍ക്ക് ദാനത്തിലൂടെ മന്ത്രി കെ.ടി. ജലീല്‍, കേരളത്തിലെ മിടുക്കരായ വിദ്യാര്‍ഥികളെ പരിഹസിക്കുകയാണ് ചെയ്തത്. അദ്ദേഹം മന്ത്രിസ്ഥാനത്തിന് അര്‍ഹനല്ലെന്ന് തെളിയിച്ചതായും സുനില്‍ അംബേക്കര്‍ പറഞ്ഞു.

പ്രസിഡന്റ് ഡോ. ബി.ആര്‍. അരുണ്‍ അധ്യക്ഷനായി. സെക്രട്ടറി എം.എം. ഷാജി, അഡ്വ. ആര്‍. രാജേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് വിശാഖ്, മഹാനഗര്‍ സെക്രട്ടറി ആതിര വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വൈകിട്ട് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ അണിനിരന്ന റാലി കെഎസ്ആര്‍ടിസിയില്‍ നിന്നാരംഭിച്ച് ചിന്നക്കട, റെയില്‍വെ സ്റ്റേഷന്‍ വഴി ക്യുഎസി മൈതാനിയില്‍ സമാപിച്ചു. പൊതുസമ്മേളനം മുന്‍ ദേശീയസെക്രട്ടറി പി. ശ്യാംരാജ് ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ പ്രമേയാവതരണവും ചര്‍ച്ചയും. വൈകിട്ട് നാലിന് സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.