കേരളത്തില്‍ വ്യാജ പാസ്‌പോര്‍ട്ടുകള്‍ പെരുകുന്നുവെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം; ഉപയോഗിക്കുന്നത് ദേശവിരുദ്ധ ശക്തികള്‍; എന്‍ഐഎ അന്വേഷണം ആരംഭിച്ചു

Sunday 15 September 2019 7:04 pm IST

കോട്ടയം: സംസ്ഥാനത്ത് വ്യാജപാസ്‌പോര്‍ട്ടുകള്‍ പെരുകുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. കേരളത്തില്‍നിന്നുള്ള പാസ്‌പോര്‍ട്ടുകള്‍ രാജ്യവിരുദ്ധശക്തികള്‍ കൈക്കലാക്കി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നെന്ന് കേന്ദ്ര രഹസ്യാന്വേഷണവിഭാഗം സംസ്ഥാന പോലീസിന് പലതവണ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, ഇതുവരെ നടപടിയില്ല. വിദേശരാജ്യങ്ങളിലെ ഭീകരാക്രമണങ്ങളുടെ പങ്ക് കേരളത്തിലുള്ളവരിലേക്ക് എത്താന്‍ തുടങ്ങിയതോടെയാണ് വ്യാജ പാസ്‌പോര്‍ട്ട് വിഷയത്തില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചത്. 

10 വര്‍ഷം മുമ്പ് വ്യാജരേഖകള്‍ ചമച്ച് കാസര്‍കോട് നിന്ന് ഇരുനൂറോളം പേര്‍ പാസ്‌പോര്‍ട്ടുകള്‍ നിര്‍മിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ 2015ല്‍ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് പിടിച്ച പാസ്‌പോര്‍ട്ടുകളില്‍ ചിലത് കേരളത്തില്‍ നിര്‍മിച്ചതാണെന്നും വ്യക്തമായിരുന്നു. സംസ്ഥാനത്തെ മതതീവ്രവാദികള്‍ വിദേശത്തേക്ക് കടക്കാന്‍ ഇത്തരം പാസ്‌പോര്‍ട്ടുകളാണ് ഉപയോഗിക്കുന്നത്. അടുത്തിടെ കുവൈറ്റിലേക്ക് ഇന്ത്യന്‍ വ്യാജ പാസ്‌പോര്‍ട്ടുമായി കടക്കാന്‍ ശ്രമിച്ച ആറ് ശ്രീലങ്കന്‍ പൗരന്മാരെ പിടികൂടിയിരുന്നു.കൊടുംക്രിമിനലും പിടികിട്ടാപ്പുള്ളിയുമായ ബംഗ്ലാദേശ് സ്വദേശി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി പിടിയിലായിരുന്നു. ഇതിന്റെ ഉറവിടവും എന്‍ഐഎ അന്വേഷിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.