ശബരിമല: കെ. സുരേന്ദ്രനെതിരേ ചുമത്തിയത് കള്ളക്കേസുകള്‍; ആകെ ലഭിച്ച തെളിവുകള്‍ പത്രവാര്‍ത്തകള്‍ മാത്രം; കേസുകള്‍ അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച്

Tuesday 28 January 2020 10:53 am IST

തിരുവനന്തപുരം: ശബരിമലയില്‍  ഗൂഢാലോചന നടത്തി എന്ന കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ ചുമത്തിയത് കള്ളക്കേസുകള്‍ എന്ന് വ്യക്തമായി. തെളിവ് ലഭിക്കാത്തതിനാല്‍ കേസ് അവസാനിപ്പാക്കാന്‍ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ 20 പേരെ പ്രതികളാക്കി എടുത്ത കേസിലാണ് തെളിവില്ല എന്ന് കണ്ടെത്തി അവസാനിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്.

ഇടത് അനുഭാവ സംഘടനയായ ലോയേഴ്‌സ് യൂണിയനാണ് കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി അന്വേഷണത്തിനു ഉത്തരവിട്ടത്. തുടക്കത്തില്‍ 200 പേര്‍ പ്രതികളായിരുന്ന ഈ കേസില്‍ പിന്നീട് 20 പേരായി മാറുകയായിരുന്നു.

ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി അടക്കമുള്ളവര്‍ പ്രതി സ്ഥാനത്തുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ഗൂഢാലോചന നടത്തിയത് തെളിയിക്കാന്‍ പൊലീസിനു കഴിഞ്ഞില്ല.  പത്ര വാര്‍ത്തകളല്ലാതെ തെളിവുകളായി മറ്റൊന്നും ശേഖരിക്കാനും കഴിഞ്ഞില്ല. കൂടാതെ ശബരിമലയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ ഒത്തുകൂടിയെന്ന രീതിയില്‍ വാദം ഉന്നയിക്കാനും കഴിഞ്ഞില്ല.പരാതിക്കാരന് സ്വമേധയാ തെളിവുകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് െ്രെകംബ്രാഞ്ച് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

ചിത്തിര ആട്ടവിശേഷ സമയത്ത് സന്നിധാനത്ത് ഉണ്ടായ സംഭവങ്ങളുടെ പേരിലാണ് സുരേന്ദ്രനെതിരെ കേസ് എടുത്തിരുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളോളം സുരേന്ദ്രനെ ജയിലില്‍ അടച്ചിരുന്നു. ചിത്തിര ആട്ടവിശേഷ ദിനത്തിലെ പ്രതിഷേധത്തില്‍ തൃശൂര്‍ സ്വദേശിനി ലളിതക്കെതിരെ നടന്ന ആക്രമത്തില്‍ സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. മറ്റൊരു പ്രതിയായ സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍നിന്ന് ഗൂഢാലോചന വ്യക്തമാവുന്നതായാണു പൊലീസ് പറഞ്ഞത്. ഗൂഢാലോചനക്ക് പുറമേ, വധശ്രമ കുറ്റവും ചുമത്തിയിരുന്നു. നിരവധി കേസുകളില്‍ പ്രതിയാണ് സുരേന്ദ്രനെന്നും ചിത്തിര ആട്ടവിശേഷത്തിന് സ്ത്രീയെ ആക്രമിച്ചതില്‍ ഗൂഢാലോചന തെളിയിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന്റെ കൈയിലുണ്ടെന്നും ഇത് ഹാജാരാക്കുമെന്നും പ്രോസിക്യൂഷനുവേണ്ടി ഹാജരായ എ.പി.പി. അനില്‍ അന്ന് അറിയിച്ചിരുന്നു. എന്നാല്‍, പത്രവാര്‍ത്തകള്‍ അല്ലാതെ മറ്റൊരു തെളിവും സുരേന്ദ്രനെതിരേ ഇതുവരെ ഹാജരാക്കാന്‍ സാധിച്ചില്ല.

 ചിത്തിര ആട്ടവിശേഷ ദിനം ജന്മനാള്‍ ആയതിനാല്‍ ഉദയാസ്തമന പൂജ വഴിപാടുനടത്താന്‍ വേണ്ടിയാണ് അദ്ദേഹം അവിടെ തങ്ങിയതെന്നായിരുന്നു സുരേന്ദ്രനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കിയത്. 3000 രൂപ ദേവസ്വംബോര്‍ഡില്‍ അടച്ച് എടുത്ത രസീത് തെളിവായി ഹാജരാക്കിയിരുന്നു. പൊലീസ് ഗൂഢാലോചന നടത്തി കള്ളക്കേസില്‍ കുടുക്കുകയാണ് എന്നും അഭിഭാഷകര്‍ അന്നേ വാദിച്ചിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.