ഫാറൂഖ് അബ്ദുള്ള അറസ്റ്റിലായത് പിതാവ് ഷെയ്ഖ് അബ്ദുള്ള ഉണ്ടാക്കിയ കരിനിയമത്തില്‍; വീട് ജയിലാക്കി ഒരു മുറിയും ശുചിമുറിയും ഒഴിച്ചുള്ള മുറികള്‍ പോലീസ് സീല്‍ ചെയ്തു; കശ്മീരിലെ കുടുംബവാഴ്ചകള്‍ക്ക് കനത്തതിരിച്ചടി

Tuesday 17 September 2019 12:21 pm IST

കശ്മീര്‍:  നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള പോലീസ്  അറസ്റ്റ് ചെയ്തത് അദ്ദേഹത്തിന്റെ പിതാവ് ഷെയ്ഖ് അബ്ദുള്ള കൊണ്ടു വന്ന 'നിയമമില്ലാത്ത നിയമം' എന്ന പ്രത്യേക നിയമംത്തിലൂടെ.   സംസ്ഥാനത്തിന്റെ പൊതു സുരക്ഷക്ക് ഭീഷണിയാവുന്നവരെന്ന് കരുതുന്നവരെ രണ്ട് വര്‍ഷത്തോളം വിചാരണയില്ലാതെ തടവില്‍ വയ്ക്കാന്‍ അനുമതി നല്‍കുന്നതാണ് പൊതുസുരക്ഷാ നിയമം. ക്രമസമാധാന നിലയക്ക് ഭംഗമാവുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നാണ് ഫറൂഖ് അബ്ദുള്ളയില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന പ്രധാന കുറ്റം. 

1978ലാണ് ഷെയ്ഖ് അബ്ദുള്ള സര്‍ക്കാര്‍ ജമ്മു കാശ്മീര്‍ പബ്ലിക് സേഫ്റ്റി ആക്ട് കൊണ്ടുവന്നത്. വിചാരണയില്ലാതെ രണ്ട് വര്‍ഷം വരെ വ്യക്തികളെ തടവില്‍ വയ്ക്കാന്‍ വ്യവസ്ഥയുള്ള ഈ നിയമത്തിലൂടെയാണ് ഫറൂഖ് അബ്ദുള്ള അറസ്റ്റിലായിരിക്കുന്നത്. ഇതോടെ പൊതു സുരക്ഷാ നിയമപ്രകാരം  തടവിലായ ഫറൂഖ് അബ്ദുള്ളയുടെ വീട് ഇപ്പോള്‍ ജയിലാണ്. ഒരു  മുറിയും ശുചിമുറിയും മാത്രമാണ് ഫറൂഖ് അബ്ദുള്ളക്ക് ഇനി ഉപയോഗിക്കാന്‍ സാധിക്കുക. വീട്ടിലെ മറ്റ് മുറികള്‍ അടച്ചു. കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ സമയം മുതല്‍ വീട്ടുതടങ്കലില്‍ ആയപ്പോള്‍ മുതല്‍ ഒപ്പമുണ്ടായിരുന്ന പാചകക്കാരനെയും വീട് ജയില്‍ ആയതോടെ പോലീസ് പറഞ്ഞയച്ചു.

ഫാറൂഖ് അബ്ദുള്ളയെ ഹാജരാക്കണം എന്ന് ആവശ്യപ്പെട്ട് എംഡിഎംകെ അധ്യക്ഷന്‍ വൈക്കോ സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തതിന് പിന്നാലെയാണ് പബ്ലിക് സേഫ്റ്റി ആക്ട് ചുമത്തിയുള്ള അറസ്റ്റ്. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനു ശേഷം ഫാറൂഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയില്‍ എടുക്കുകയോ ചെയ്തിട്ടില്ല എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത്. ആര്‍ട്ടിക്കിള്‍ 370 പ്രഖ്യാപിക്കുന്നതിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫാറൂഖ് അബ്ദുള്ളയെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നതായുള്ള വിവരം നേരത്തെ പുറത്തുവന്നിരുന്നു.

1990കളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കാശ്മീര്‍ താഴ്‌വരയില്‍ ശക്തമായ ശേഷം പോലീസും സുരക്ഷാസേനയും ഇത് വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി പരാതിയുണ്ടായി. അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയിദ് 1990ല്‍ ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ പവേഴ്‌സ് ആക്ട് എന്ന നിയമം കൊണ്ടുവന്നതോടെ പിഎസ്എയുടെ ദുരുപയോഗം കൂടി. 2012ല്‍ നിയമത്തില്‍ ഇളവുകള്‍ കൊണ്ടുവന്നു. കര്‍ശന വ്യവസ്ഥകള്‍ ഒഴിവാക്കി. ആദ്യ തവണ ചെയ്ത കുറ്റത്തിന് തന്നെ രണ്ട് വര്‍ഷത്തേയ്ക്ക് തടവിലിടാമെന്ന വ്യവസ്ഥ ആറ് മാസത്തേയ്ക്കാക്കി ചുരുക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.