കശ്മീരില്‍ കേന്ദ്രം പിടിമുറുക്കുന്നു; ഭീകരരുടെ പേടിസ്വപ്‌നമായ മുന്‍ ഐ.പി.എസ് ഓഫീസര്‍ സുപ്രധാന ചുമതലയിലേക്ക്, സംഘത്തില്‍ വീരപ്പനെ കൊന്ന മലയാളിയും

Sunday 21 July 2019 3:37 pm IST

ന്യൂദല്‍ഹി: കശ്മീരില്‍ അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അസാധാരണ നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ ഫാറൂഖ് അഹമ്മദ് ഖാനെ ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ അഞ്ചാം ഉപദേശകനായി നിയമിച്ചു. കാശ്മീരിലെ സമാധാന ശ്രമങ്ങള്‍ തള്ളുന്ന വിഘടനവാദികള്‍ക്കും ഭീകരര്‍ക്കും ശക്തമായ താക്കീതാണ് കേന്ദ്രസര്‍ക്കാര്‍ ഇതിലൂടെ നല്‍കിയിരിക്കുന്നത്.

ചുമതലയേറ്റതിന് പിന്നാലെ സംസ്ഥാനത്ത് സഞ്ചരിക്കുമ്പോള്‍ തനിക്ക് പോലീസ് സുരക്ഷ വേണ്ടെന്ന നിലപാടുമായി ഫാറൂഖ് രംഗത്തെത്തി. 90കളില്‍ കാശ്മീരിലെ ഭീകരരുടെ നട്ടൊല്ലൊടിച്ച ഫാറൂഖിന് സംസ്ഥാന സര്‍ക്കാര്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തനിക്ക് കനത്ത സുരക്ഷ ആവശ്യമില്ലെന്നും സഞ്ചരിക്കാന്‍ സാധാരണ വാഹനം മതിയെന്നുമാണ് ഫാറൂഖിന്റെ നിലപാട്. ജനങ്ങളുമായി കൂടുതല്‍ ഇടപെടുന്നതിന് വേണ്ടിയാണ് ഇതെന്നും അദ്ദേഹം സംസ്ഥാന പോലീസ് മേധാവി ദില്‍ബാഗ് സിംഗിന് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു.

വീരപ്പനെ കൊന്ന മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥനും ജമ്മുകാശ്മീര്‍ ഗവര്‍ണറുടെ ഉപദേശകന്റെ റോളിലുണ്ട്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയും വിരമിച്ച ഐ.പി.എസ് ഉദ്യോസ്ഥനുമായ കെ.വിജയകുമാറാണ് ഇത്. സിആര്‍പിഎഫ് മേധാവിയായിരുന്ന വിജയകുമാര്‍ 2012 സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ സുരക്ഷാ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയായിരുന്നു. 

1975 ബാച്ചിലെ തമിഴ്നാട് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ വിജയകുമാര്‍, 1998 - 2001 കാലയളവില്‍ ബി.എസ്.എഫ് ഐ.ജിയായും പ്രവര്‍ത്തിച്ചു. വീരപ്പനെ പിടികൂടാന്‍ തമിഴ്നാട് സര്‍ക്കാര്‍ രൂപം നല്‍കിയ ഓപ്പറേഷന്‍ കൊക്കൂണ്‍ 2004 ഒക്ടോബര്‍ 18ന് വീരപ്പനെ വധിച്ചതോടെയാണ് അവസാനിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.