അതിവേഗം ഏഴായിരം

Saturday 18 January 2020 5:15 am IST

രാജ്‌കോട്ട്: ഏകദിനത്തില്‍ അതിവേഗം ഏഴായിരം റണ്‍സ് നേടുന്ന ഓപ്പണര്‍ എന്ന ലോക റെക്കോഡ് രോഹിത് ശര്‍മയ്ക്ക് സ്വന്തമായി. ഓസീസിനെതിരായ രണ്ടാം ഏകദിന മത്സരത്തിനിടയ്ക്കാണ് രോഹിത് ഈ റെക്കോഡ് കുറിച്ചത്. 137 ഇന്നിങ്‌സിലാണ് താരം ഏഴായിരം റണ്‍സ് നേടിയത്. ഇതോടെ 147 ഇന്നിങ്‌സില്‍ ഏഴായിരം തികച്ച ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹഷീം അംലയുടെ റെക്കോഡാണ് വഴിമാറിയത്. ഇന്ത്യയുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഈ പട്ടികയില്‍ മൂന്നാമത്. സച്ചിന്‍ 160 ഇന്നിങ്‌സിലാണ് ഏഴായിരം കടന്നത്. 

ഏകദിനത്തില്‍ ഏഴായിരം റണ്‍സ് കുറിക്കുന്ന നാലാമത്തെ ഇന്ത്യന്‍ ഓപ്പണറാണ് രോഹിത് ശര്‍മ. സച്ചിന്‍, സൗരവ് ഗാംഗുലി ,  വീരേന്ദര്‍ സേവാഗ് എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ നിറം മങ്ങിയ രോഹിത് ശര്‍മ രണ്ടാം മത്സരത്തില്‍ 44 പന്തില്‍ 42 റണ്‍സ് നേടി. നാലു റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ ഏകദിനത്തില്‍ ഒമ്പതിനായിരം റണ്‍സ് തികയ്ക്കാമായിരുന്നു. മധ്യനിര ബാറ്റ്‌സ്മാനായിട്ടാണ് രോഹിത് ഇന്ത്യന്‍ ടീമില്‍ കളി തുടങ്ങിയത്. 2013 ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ അന്നത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയാണ് രോഹിതിന് ഓപ്പണറുടെ റോള്‍ സമ്മാനിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.