കുഞ്ഞുങ്ങള്‍ക്ക് ഓട്ടിസം ബാധിക്കാന്‍ കാരണം മാതാപിതാക്കളുടെ വ്യഭിചാരവും സ്വയംഭോഗവും സ്വവര്‍ഗരതിയും; പ്രസംഗം വിവാദമായതോടെ ധ്യാന പരിപാടികളില്‍ നിന്ന് വിലക്ക്; ഒടുവില്‍ മാപ്പു പറഞ്ഞു തടിയൂരി സീറോ മലബാര്‍ സഭ പുരോഹിതന്‍

Thursday 11 July 2019 12:19 pm IST

കൊച്ചി: കുഞ്ഞുങ്ങള്‍ക്ക് ഓട്ടിസം ബാധിക്കാനുള്ള കാരണത്തെ സംബന്ധിച്ചു അസംബന്ധം പ്രസംഗിച്ച പുരോഹിതന്‍ ഒടുവില്‍ മാപ്പു പറഞ്ഞു തടിയൂരി. വിദേശരാജ്യങ്ങളില്‍ അടക്കം മലയാളി മാതാപിതാക്കള്‍ക്കാണു ഓട്ടിസം ബാധിച്ച കുട്ടികള്‍ അധികവും ഉണ്ടാകുന്നതെന്നും ഇതിനു കാരണം മാതാപിതാക്കളുടെ വ്യഭിചാര പ്രവര്‍ത്തികളും സ്വയഭോഗവും സ്വവര്‍ഗരതിയും പോണ്‍ ചിത്രങ്ങള്‍ കാണുന്നതും കൊണ്ടാണെന്നായിരുന്നു പുരോഹിതന്റെ വിവാദം പ്രസംഗം. സീറോ മലബാര്‍ സഭയിലെ പുരോഹതിതനും ഇടുക്കി മരിയന്‍ ധ്യാനകേന്ദ്രത്തിലെ ഡയറക്റ്ററുമായ ഡൊമിനിക് വാളമനാല്‍ ആണ് കുറച്ചു നാളുകള്‍ക്കു മുന്‍പ് വിവാദ പ്രഭാഷണം നടത്തിയത്. ഈ പ്രഭാഷണത്തിന്റെ പേരില്‍ വാളമനാലിനെ അയര്‍ലണ്ടിലും കാനഡയിലും സംഘടിപ്പിച്ചിരുന്ന ധ്യാനപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു.സോഷ്യല്‍ മീഡിയയില്‍ അടക്കം പുരോഹിതനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രവാചക ശബ്ദം എന്ന ഫേസ്ബുക്ക് പേജില്‍ വീഡിയോയിലൂടെ ഡൊമനിക്ക് മാപ്പുമായി രംഗത്തെത്തിയത്. 

ഞാന്‍ ഏറ്റവും അധികം സ്‌നേഹിക്കുന്നവരാണ് ഓട്ടിസം കുട്ടികള്‍, അവരനുഭവിക്കുന്ന വേദന എനിക്ക് നന്നായി അറിയാം. ഞാനവരുടെ കുടുംബത്തിലെ ഒരംഗമാണ്. അവരുടെ വേദനയെ എന്റെ വേദനയായാണ് ഞാന്‍ കണക്കാക്കുന്നത്. അവര്‍ വിഷമിച്ചു എന്നറിഞ്ഞു, ആത്മാര്‍ഥമായി ഖേദം പ്രകടിപ്പിക്കുന്നു, ഹൃദയം തുറന്ന് ക്ഷമചോദിക്കുന്നെന്നും വിഡിയോയിലൂടെ ഡൊമനിക്ക് വ്യക്തമാക്കി. തന്റെ പ്രഭാഷണം ഒരുപാട് പേരെ വേദനിപ്പിച്ചെന്ന് വ്യക്തമായെന്നും അതില്‍ നിര്‍വ്യാജ്യം ഖേദം പ്രകടിപ്പിക്കുകയാണെന്നും ഡൊമനിക്ക്. ഓട്ടിസത്തെ സംബന്ധിച്ചു അശാസ്ത്രിയമായ പരാമര്‍ശവും ഡൊമനിക്കില്‍ നിന്നുണ്ടായി. അനുസരിച്ച് ഓട്ടിസത്തിന്റെ കാരണമോ പരിഹാരമോ ഇതുവരെ കണ്ടെത്താന്‍  വൈദ്യശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ലെന്നും പ്രാര്‍ഥനകൊണ്ട് സുഖപ്പെടുത്താന്‍ കഴിയുമെന്നുമാണു ഡൊമനിക്കിന്റെ അവകാശവാദം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.