ഫാത്തിമയുടെ ഫോണില്‍ നിന്നും രണ്ട് അധ്യാപകരുടേയും പേരുകള്‍ കണ്ടെത്തി; അന്വേഷണത്തിന് ഉന്നത വിദ്യാഭ്യസ സെക്രട്ടറി ഇന്നെത്തും

Sunday 17 November 2019 10:15 am IST

ചെന്നൈ : മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മൊബൈല്‍ ഫോണില്‍ രണ്ട് അധ്യാപകരുടെ പേരുകള്‍ കൂടി കണ്ടെത്തി. അന്വേഷണ സംഘം നടത്തിയ തെരച്ചിലില്‍ ഫോണില്‍ പ്രത്യേകം എഴുതി സൂക്ഷിച്ച നിലയിലാണ് ഇവരുടെ പേരുകള്‍ പരാമര്‍ശിച്ചിരിക്കുകയായിരുന്നു.

ഫോണിലെ കുറിപ്പുകളില്‍ ചില വിദ്യാര്‍ത്ഥികള്‍ക്കെതിരെയും പരാമര്‍ശമുണ്ടെന്നും സൂചനയുണ്ട്. ഫാത്തിമയുടെ മരണത്തിനുശേഷം കണ്ടെടുത്ത മൊബൈല്‍ ഫോണില്‍ വാള്‍ പേപ്പര്‍ ആയി മരണത്തിനു കാരണക്കാരന്‍ സുദര്‍ശന്‍ പത്മനാഭന്‍ എന്ന് എഴുതിയിരുന്നു. ഫോണിലെ കുറിപ്പ് പരിശോധിക്കാനും വോള്‍ പേപ്പറില്‍ ഫാത്തിമ എഴുതിയിരുന്നു. 

മാതാപിതാക്കളേയും സഹോദരിമാരേയും അങ്ങേയറ്റം സ്നേഹിക്കുന്നു എന്നു തുടങ്ങുന്ന കുറിപ്പില്‍ ഇപ്പോഴത്തെ സ്ഥലത്തെ വെറുപ്പോടെ കാണുകയാണെന്നു ഫാത്തിമ എഴുതിയിട്ടുണ്ട്. ഇതോടൊപ്പമാണ് മരണത്തിനു കാരണക്കാരെന്ന് ചൂണ്ടിക്കാട്ടി രണ്ട് അധ്യാപകരുടെ പേരും കുറിച്ചിരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് ആരോപണ വിധേയരായ അധ്യാപകരോട് ക്യാംപസ് വിട്ടു പോകരുതെന്ന് അന്വേഷണ സംഘം നിര്‍ദ്ദേശം നല്‍കി. അതേസമയം സുദര്‍ശന്‍ പത്മനാഭന്‍ എന്ന അധ്യാപകന്‍ അവധിയിലാണെങ്കിലും ഐഐടിയില്‍ തന്നെയുണ്ടെന്നാണു സൂചന. കോടതി നിര്‍ദ്ദേശ പ്രകാരം ഫൊറന്‍സിക് പരിശോധനയ്ക്കയച്ച മൊബൈല്‍ ഫോണ്‍, തമിഴ്നാട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇതുവരെ പരിശോധിച്ചിട്ടില്ല. ഫാത്തിമയുടെ കുടുംബത്തിന്റെ സാന്നിധ്യത്തിലാകും ഇത് പരിശോധന നടത്തുക. 

അതിനിടെ ഫാത്തിമയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍. സുബ്രഹ്മണ്യം ഉള്‍പ്പെടുന്ന കേന്ദ്രസംഘം ഇന്ന് ചെന്നൈയിലെത്തും. കേസിന്റെ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സംഘം പരിശോധിക്കും. ഫാത്തിമയുടെ മരണത്തെ തുടര്‍ന്ന് എംഎ ഇന്റഗ്രേറ്റഡ് ബാച്ചിന് അവധി നല്‍കിയിരിക്കുകയാണ്. സെമസ്റ്റര്‍ പരീക്ഷയും നീട്ടിവെച്ചതിനാല്‍ വിദ്യാര്‍ത്ഥികളില്‍ പലരും വീട്ടിലേക്ക് മടങ്ങി. എങ്കിലും ചെന്നൈയിലുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നും മരണം സംബന്ധിച്ച് റിപ്പോര്‍ട്ട് തേടും. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.