ഫെഡറര്‍, ദ്യോക്കോവിച്ച് സെറീന മൂന്നാം റൗണ്ടില്‍

Thursday 23 January 2020 5:29 am IST

മെല്‍ബണ്‍: സ്വിസ് താരം റോജര്‍ ഫെഡററും അമേരിക്കയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസും ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ മൂന്നാം റൗണ്ടിലേക്ക് മാര്‍ച്ച് ചെയ്തു. 

ആറു തവണ ഇവിടെ കിരീടം ചൂടിയ ഫെഡറര്‍ രണ്ടാം റൗണ്ടില്‍ സെര്‍ബിന്റെ ഫിലിപ്പ് ക്രാജിനോവിച്ചിനെ പരാജയപ്പെടുത്തി. മൂന്നാം സീഡായ ഫെഡറര്‍ ലോക നാല്‍പ്പത്തിയൊന്നാം റാങ്കുകാരനായ ക്രാജിനോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-1, 6-4, 6-1. 

ഫെഡറര്‍ അടുത്ത റൗണ്ടില്‍ ഓസ്‌ട്രേലിയയുടെ ജോണ്‍ മില്‍മാനെ നേരിടും. മുപ്പത്തിയൊന്നാം സീഡായ പോളണ്ടിന്റെ ഹ്യൂബര്‍ട്ടിനെ തോല്‍പ്പിച്ചാണ് മില്‍മാന്‍ മൂന്നാം റൗണ്ടിലെത്തിയത്. 

ഏഴു തവണ ചാമ്പ്യനായ നൊവാക് ദ്യോക്കോവിച്ചും മൂന്നാം റൗണ്ടിലെത്തി. ജപ്പാന്റെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായ ടാറ്റ്‌സുമയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍ 6-1, 6-4, 6-2. 

മുപ്പത്തിയെട്ടുകാരിയായ സെറീന വില്യംസ് രണ്ടാം റൗണ്ടില്‍ സ്ലോവേനിയയുടെ സിഡാന്‍സെക്കിനെ നേരിട്ടുളള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. 

വനിതകളുടെ ലോക ഒന്നാം നമ്പര്‍ ആഷ് ബാര്‍ട്ടിയും മൂന്നാം റൗണ്ടിലെത്തി. പൊളോണയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ബാര്‍ട്ടി മൂന്നാം റൗണ്ടിലെത്തിയത്. സ്‌കോര്‍ 6-1, 6-4. 

അമേരിക്കയുടെ കൗമാര താരം കോ കോ ഗോഫ് രണ്ടാം റൗണ്ടില്‍ സൊറാന ക്രിസ്റ്റിയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍ 4-6, 6-3, 7-5.  അടുത്ത റൗണ്ടില്‍ ഗോഫ് നിലവിലെ ചാമ്പ്യന്‍ നവോമി ഒസാക്കയെ നേരിടും. ജാപ്പനീസ് താരമായ ഒസാക്ക രണ്ടാം റൗണ്ടില്‍ ചൈനയുടെ ഴങ് സായ്‌സായിയെ തോല്‍പ്പിച്ചു. സ്‌കോര്‍. 6-2, 6-4. 

വിരമിക്കലിന് മുമ്പ് അവസാന മത്സരം കളിക്കുന്ന മുന്‍ ലോക ഒന്നാം നമ്പര്‍ കരോളിന്‍ വോസ്‌നിയാക്കി ഉക്രെയ്‌നിന്റെ ഡയാനയെ 7-5, 7-5 ന് പരാജയപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.