ക്ഷേത്രത്തിനു വേണ്ടി മാത്രമായിരുന്നില്ല പോരാട്ടം

Sunday 10 November 2019 2:15 pm IST
താനാണ് ഭരണാധികാരിയെന്നും അതുകൊണ്ട് തന്നെ തന്റെ താല്‍പ്പര്യങ്ങള്‍ പിന്തുടരണമന്നും ജനങ്ങള്‍ക്ക് സന്ദേശം നല്‍കാന്‍ ബാബര്‍ ആഗ്രഹിച്ചിരുന്നു. ഇന്ത്യയുടെ ആത്മാവായിരുന്ന, അവിഭാജ്യ ഘടകമായിരുന്ന രാമന്റെ ജന്മസ്ഥലത്ത് നിലകൊണ്ടിരുന്ന ക്ഷേത്രം തകര്‍ക്കുകവഴി ഇത്തരത്തില്‍ ശക്തമായൊരു സന്ദേശം ജനങ്ങളിലേക്കെത്തുമെന്നായിരുന്നു അവരുടെ ചിന്ത

അയോധ്യയെന്നാല്‍ യുദ്ധം ചെയ്യാന്‍ പറ്റാത്ത നാട്. മുഗളന്മാരാണ് അവിടെ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചത്. രാമജന്മഭൂമിക്ക് വേണ്ടിയുള്ള യുദ്ധം. 1528ല്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബറിന്റെ സൈന്യാധിപന്‍ മിര്‍ ബാഖിയുടെ നേതൃത്വത്തില്‍ അയോധ്യയില്‍ സ്ഥിതി ചെയ്തിരുന്ന രാമക്ഷേത്രം തകര്‍ത്ത ദിവസം മുതലാണ് ഈ യുദ്ധം ആരംഭിച്ചത്. പ്രത്യക്ഷമായും പരോക്ഷമായും നിയമപരമായും പല രീതിയിലുള്ള യുദ്ധങ്ങള്‍. ബാബറിന്റെ ചൂഷണങ്ങളുടെ ഔദ്യോഗിക രേഖകളടങ്ങുന്ന ബാബര്‍ നാമയില്‍, എങ്ങനെയാണ് ബാഖി ക്ഷേത്രം തകര്‍ത്തതെന്നും അവിടുത്തെ ജനങ്ങളുടെ പ്രതികരണം എന്തായിരുന്നെന്നും വിശദീകരിക്കുന്നുണ്ട്. താനാണ് ഭരണാധികാരിയെന്നും അതുകൊണ്ട് തന്നെ തന്റെ താല്‍പ്പര്യങ്ങള്‍ പിന്തുടരണമന്നും ജനങ്ങള്‍ക്ക് സന്ദേശം നല്‍കാന്‍ ബാബര്‍ ആഗ്രഹിച്ചിരുന്നു. ഇന്ത്യയുടെ ആത്മാവായിരുന്ന, അവിഭാജ്യഘടകമായിരുന്ന രാമന്റെ ജന്മസ്ഥലത്ത് നിലകൊണ്ടിരുന്ന ക്ഷേത്രം തകര്‍ക്കുകവഴി ഇത്തരത്തില്‍ ശക്തമായൊരു സന്ദേശം ജനങ്ങളിലേക്കെത്തുമെന്നായിരുന്നു അവരുടെ ചിന്ത. സാംസ്‌കാരികമായും മതപരമായും ഹൈന്ദവര്‍ക്ക് വളരെ പ്രധാനപ്പെട്ട സ്ഥലമാണ് അയോധ്യ. അതുകൊണ്ട് തന്നെ ക്ഷേത്രം തകര്‍ത്തതിനെ വലിയൊരു നേട്ടമായാണ് ബാബര്‍ കരുതിയത്. 

ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്ത് പള്ളി നിര്‍മിക്കാനും ബാബര്‍ കണക്കുകൂട്ടി. താമസിയാതെ തന്നെ പള്ളിയോട് സാമ്യമുള്ള ഒരു കെട്ടിടം അവിടെ ഉയര്‍ന്നു. ഗോപുരവും കൈകാല്‍ കഴുകാനുള്ള സ്ഥലവും കൂടാതെ ഒരു പള്ളിയില്‍ വേണ്ട പല കാര്യങ്ങളും ആ മന്ദിരത്തില്‍ ഉണ്ടായിരുന്നില്ല. ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും മന്ദിരത്തിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചു. 

തുടര്‍ന്ന് നാല് വര്‍ഷം ബാബര്‍ ഇന്ത്യ ഭരിച്ചു. ഇക്കാലയളവില്‍ രാമജന്മഭൂമിക്ക് വേണ്ടി നാല് തവണയാണ് ഹിന്ദുക്കളുമായി പോരാടിയത്. ഇതിലെല്ലാം വിജയിച്ചെങ്കിലും ബാബറിന് തന്റെ ആഗ്രഹമനുസരിച്ചുള്ള പള്ളി നിര്‍മിക്കാന്‍ സാധിച്ചില്ല. ബാബറിന്റെ കാലശേഷവും ഭരണത്തിലെത്തിയ മുഗളന്മാരോട് ഹിന്ദുക്കള്‍ രാമജന്മഭൂമിക്ക് വേണ്ടി പോരാടി. അങ്ങനെ 1934 വരെ രാമജന്മഭൂമി തിരിച്ചെടുക്കാനായി 76 തവണ ഏറ്റുമുട്ടലുണ്ടായി. മുഗള്‍ ചക്രവര്‍ത്തിമാരായി വന്ന അക്ബര്‍, ജഹാംഗീര്‍, ഷാജഹാന്‍, ഔറംഗസീബ് എന്നിവര്‍ക്കെല്ലാം ഹിന്ദുക്കളുടെ കടുത്ത പോരാട്ടത്തെ നേരിടേണ്ടി വന്നു. മുഗളന്മാരുമായുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി സംന്യാസികള്‍ക്ക് ജീവന്‍ നഷ്ടമായി. 

  സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം, കോടതി മുറികളിലായി യുദ്ധം. പോരാട്ടങ്ങള്‍ നിയമവഴയിലേക്ക് മാറി. ഇത് വെറും ഭൂമിക്കുവേണ്ടിയുള്ള യുദ്ധം മാത്രമായിരുന്നില്ലെന്ന് രാമജന്മഭൂമിയുടെ നീണ്ട നാളത്തെ ചരിത്രം കാട്ടിത്തരുന്നു. ആത്മാഭിമാനവും സ്വധര്‍മവും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടമായിരുന്നു അത്. ഭഗവാന്‍ രാമന് വളരെയധികം പ്രാധാന്യം നല്‍കിയിരുന്ന ജനങ്ങളില്‍ ഈ പോരാട്ടം സംസ്‌കാരത്തിന്റെയും പുനരുത്ഥാനത്തിന്റെയും വ്യക്തിത്വത്തിന്റെയും പ്രശ്‌നമായിരുന്നു. ഹിന്ദുക്കളുടെ അന്തസ്സിന്റെയും ബഹുമാനത്തിന്റെയും ധാര്‍മിക ബോധത്തിന്റെയും ആവിഷ്‌കാരമായിരുന്നു രാമജന്മഭൂമിക്ക് വേണ്ടിയുള്ള പോരാട്ടം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.