കലാശക്കളി

Sunday 19 January 2020 6:06 am IST

ബെംഗളൂരു: ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വെടിക്കെട്ടിന് തിരികൊളുത്താന്‍ ഇന്ത്യയും ഓസീസും ഒരുങ്ങിക്കഴിഞ്ഞു. പരമ്പര വിജയം തീരുമാനിക്കുന്ന മൂന്നാം ഏകദിനത്തില്‍ ലോക ക്രിക്കറ്റിലെ അതികായകന്മാരായ ഈ ടീമുകള്‍ ഇന്ന് ഏറ്റുമുട്ടും. ഫൈനലെന്ന വിശേഷിപ്പിക്കാവുന്ന ഈ പോരാട്ടത്തിലെ വിജയികള്‍ക്ക് പരമ്പര സ്വന്തമാകും. ഉച്ചകഴിഞ്ഞ് 1.30ന് കളി തുടങ്ങും. 

നിലവില്‍ പരമ്പരയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. മുംബൈയിലെ ആദ്യ മത്സരത്തില്‍ ഓസീസ് ഇന്ത്യയെ അടിച്ചൊതുക്കി. പത്ത് വിക്കറ്റിനാണ് അവര്‍ വിജയിച്ചത്. എന്നാല്‍ രാജ്‌കോട്ടിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ശക്തമായ പേരാട്ടത്തില്‍ വിജയം പിടിച്ചു.

ആദ്യ മത്സരത്തില്‍ ബാറ്റിങ് ഓര്‍ഡര്‍ പരിഷ്‌ക്കരിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ സ്്ഥിരമായ ബാറ്റിങ് ഓര്‍ഡറിലേക്ക് തിരിച്ചുവന്നു. മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ കോഹ്‌ലിയും ഓപ്പണര്‍ ശിഖര്‍ ധവാന്‍,  കെ.എല്‍. രാഹുല്‍ എന്നിവരും തകര്‍ത്തുകളിച്ചതോടെ വിജയം ഇന്ത്യന്‍ പക്ഷത്തേക്ക് പോന്നു.

ഋഷഭ് പന്തിന് പകരം വിക്കറ്റ് കാത്ത രാഹുല്‍ കീപ്പിങ്ങിലും മോശമായില്ല. ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിനെ സ്റ്റമ്പ് ചെയ്ത പുറത്താക്കി. കൂടാതെ രണ്ട് ക്യാച്ചും എടുത്തു.

ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങിയ ശിഖര്‍ ധവാന്‍ രോഹിതിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും.

ബൗളിങ്‌നിരയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമുണ്ടാകും. രണ്ടാം മത്സരത്തില്‍ സറ്റീവ് സ്മിത്തിനെയും അലക്‌സ് ക്യാരിയേയും വീഴ്ത്തിയ കുല്‍ദീപ് യാദവ് അവസാന ഇലവനില്‍ ഉണ്ടാകും. മറ്റൊരു സ്പിന്നറായ യുസ്‌വേന്ദ്ര ചഹലിന് ചിലപ്പോള്‍ അവസരം ലഭിച്ചേക്കും. ഐപിഎല്ലില്‍ ചഹലിന്റെ ഹോം ഗ്രൗണ്ടാണിത്. 

പരിക്ക് ഭേദമായി കളിക്കളത്തില്‍ തിരിച്ചെത്തിയ ജസ്പ്രീത് ബുംറ രാജ്‌കോട്ടില്‍ ഭംഗിയായി പന്തെറിഞ്ഞത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. ലോക ഒന്നാം നമ്പറായ ബുംറ ഫോമിലേക്കുയര്‍ന്നാല്‍ പിന്നെ ഓസീസ് ബാറ്റ്‌സ്മാന്മാര്‍ക്ക് രക്ഷയില്ല. മറ്റ് പേസര്‍മാരായ മുഹമ്മദ് ഷമിയും നവ്ദീപ് സെയ്‌നിയും ഫോമിലാണ്.

രണ്ടാം മത്സരത്തിനിടെ പരിക്കേറ്റ രോഹിത് ശര്‍മയും ശിഖര്‍ ധവാനും സുഖം പ്രാപിച്ചുവരുകയാണ്. ഇവരെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഇന്ന് രാവിലെ തീരുമാനമെടുക്കുമെന്ന്് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അറിയിച്ചു.

രണ്ടാം മത്സരത്തില്‍ തോറ്റ ഓസീസ് ടീമില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. രാജ്‌കോട്ടില്‍ തുടക്കം മുതല്‍ അവര്‍ നല്ല രീതിയിലാണ് മുന്നോട്ട് പോയത്. മിന്നുന്ന ഫോമില്‍ കളിച്ചുവന്ന സ്റ്റാര്‍ ബാറ്റ്‌സമാന്‍ സ്റ്റീവ് സ്മിത്ത് കുല്‍ദീപ് യാദവിന്റെ പന്തില്‍ പുറത്തായതോടെയാണ് ഓസീസ് തോല്‍വിയിലേക്ക് നീങ്ങിയത്്.

രണ്ടാം മത്സരത്തില്‍ തിളങ്ങാന്‍ കഴിയാതെപോയ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് തിരിച്ചടിക്കാനുള്ള ഒരുക്കത്തിലാണ്. രാജ്‌കോട്ടില്‍ പത്ത്് ഓവറില്‍ 78 റണ്‍സ് വിട്ടുകൊടുത്ത സ്റ്റാര്‍ക്കിന് വിക്കറ്റൊന്നും ലഭിച്ചില്ല. അതേസമയം, പാറ്റ് കമിന്‍സും ആദം സാമ്പയും മോശമായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.