കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി ഇടതു സര്‍ക്കാരിന്റെ സ്വന്തം സൃഷ്ടി

Thursday 21 November 2019 4:15 am IST
മുഖ്യമന്ത്രി പരിവാരസമേതം നവംബര്‍ 24 മുതല്‍ ഡിസംബര്‍ 6 വരെ ജപ്പാനും കൊറിയയും സന്ദര്‍ശിക്കാന്‍ പോകുന്നു. ഖജനാവില്‍ നിന്നും വന്‍ തുക ചെലവഴിച്ച് മുഖ്യമന്ത്രി ഭാര്യാ സമേതനായി ഒരു വന്‍പടയെ നയിച്ച് നടത്തുന്ന ഈ വിദേശയാത്ര കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരാനാണത്രേ. രാഷ്ട്രത്തലവന്മാര്‍ പോയി ഇങ്ങനെ നിക്ഷേപംകൊണ്ടുവരാന്‍ ശ്രമിച്ചാല്‍ അത് മനസ്സിലാക്കാം. സാമ്പത്തികമായി പാപ്പരായ ഒരു സംസ്ഥാനത്തിന്റെ, ഭരണകാലാവധി അവസാനിക്കാന്‍ പോകുന്ന ഒരു മുഖ്യമന്ത്രി പോയി വിദേശ നിക്ഷേപം ചോദിച്ചാല്‍ ആരാണ് അതിന് തയാറാകുന്നത്?

കേരളം ഇന്ന് അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഇതിനെത്തുടര്‍ന്ന് ട്രഷറിയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാവശ്യം ഉള്ള ചെലവുകള്‍ മാത്രമേ അനുവദിക്കുന്നുള്ളൂ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവുകളും വെട്ടിക്കുറക്കുന്നു. ഇതോടെ നാടിന്റെ വികസനം പാടേ പ്രതിസന്ധിയിലായിരിക്കുന്നു. ട്രഷറിയില്‍ പണം ഇല്ലാതെ വരുന്നതോടെ ഓവര്‍ ഡ്രാഫ്റ്റ് ഉണ്ടായി ഇടപാടുകള്‍ പൂര്‍ണമായി തടസ്സപ്പെടാതിരിക്കാനാണ് ഇത്തരം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വകുപ്പുകളുടെ അഞ്ചുലക്ഷം വരെയുള്ള ബില്ലുകള്‍ക്ക് ആദ്യം നിയന്ത്രണം ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. ശമ്പളം, പെന്‍ഷന്‍, മെഡിക്കല്‍ ബില്ലുകള്‍, ശബരിമല ചെലവുകള്‍, ഇന്ധനം, ദുരന്തനിവാരണം എന്നിവയൊഴികെ എല്ലാ ബില്ലുകള്‍ക്കും ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി. കടുത്ത ട്രഷറി നിയന്ത്രണം വന്നതോടെ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലെ ട്രോളുകളിലും ധനകാര്യ മന്ത്രിയും സര്‍ക്കാരും വിചാരണ ചെയ്യപ്പെടുന്ന സ്ഥിതിയായി.

ഇതോടെ സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന് സമ്മതിക്കാന്‍ നിര്‍ബന്ധിതനായ ധനകാര്യ മന്ത്രി തോമസ് ഐസക് അതിന്റെ ഗൗരവം വിശദീകരിക്കാനും തയാറായി. തന്റെ പ്രതീക്ഷക്കൊത്ത് വരുമാന വര്‍ധനവ് ഉണ്ടാകാത്തതും കേന്ദ്രം പണം അനുവദിച്ചു കൊടുക്കാത്തതുമാണ് ഇന്നത്തെ ദുഃസ്ഥിതിക്ക് കാരണമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഒരു യാഥാര്‍ത്ഥ്യവും ഇല്ലാത്ത രീതിയില്‍ വരുമാനം പ്രതീക്ഷിച്ച് ബജറ്റ് ഉണ്ടാക്കിയത് ആരുടെ കുറ്റമാണ്? തന്റെ എല്ലാ വീഴ്ചകള്‍ക്കും കേന്ദ്രത്തെ കുറ്റം പറയുന്ന സമീപനം അദ്ദേഹം ഇപ്പോഴും പുറത്തെടുത്തിരിക്കുകയാണ്. ജിഎസ്ടി നഷ്ടപരിഹാര തുകയായി 1600 കോടി രൂപാ കേന്ദ്രം കൈമാറാത്തതാണ് പ്രതിസന്ധിയുടെ മുഖ്യ കാരണമായി അദ്ദേഹം കാണുന്നത്. ഇത് എന്നു കിട്ടുമെന്ന് ഒരു രൂപവും ഇല്ലെന്നാണ് മന്ത്രിയുടെ വിലാപം. ബജറ്റില്‍ വകയിരുത്തിയ വായ്പയും കേന്ദ്രം വെട്ടിച്ചുരുക്കിക്കളഞ്ഞെന്നാണ് മറ്റൊരു പരാതി. സംസ്ഥാനത്തിന്റെ ധനസ്ഥിതിക്കനുസരിച്ചേ കടമെടുക്കാന്‍ കേന്ദ്രം അനുവദിക്കൂ. ധനസ്ഥിതി പരിഗണിക്കാതെ തന്റെ ഭാവനക്കനുസരിച്ച് ആവശ്യമുള്ള തുക കടമെടുക്കണമെന്ന് ആവശ്യപ്പെട്ടാല്‍ കേന്ദ്രാനുമതി ലഭിക്കില്ലെന്ന് സാമ്പത്തിക ശാസ്ത്രത്തിന്റെ ബാലപാഠം അറിയാവുന്നവര്‍ക്ക് മനസ്സിലാകും. ഈ കേന്ദ്ര നടപടികള്‍ എല്ലാം സാമ്പത്തികമായി സംസ്ഥാനത്തെ സമ്മര്‍ദ്ദത്തിലാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കങ്ങളുടെ ഭാഗമാണെന്നും ഇത് കേന്ദ്രത്തിന്റെ രാഷ്ട്രീയ പകപോക്കലാണെന്നും ഒക്കെ നിരുത്തരവാദപരമായി തട്ടിവിട്ട് കേരളത്തിലെ ജനങ്ങളെയാകെ വിഡ്ഢികളാക്കുവാന്‍ ശ്രമിക്കുകയാണ് ധനകാര്യമന്ത്രി ചെയ്യുന്നത്. എല്ലാറ്റിനും കേന്ദ്രത്തെ ആശ്രയിക്കാനാണെങ്കില്‍  ഇവിടെ എന്തിനാണ് ഒരു മന്ത്രിസഭ?

ചരക്കുസേവന നികുതി (ജിഎസ്ടി)യുടെ പരിധിയില്‍ വരാത്ത മദ്യം, പെട്രോള്‍, ഡീസല്‍ എന്നിവയില്‍ നിന്നുള്ള നികുതി വരുമാനം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. രാജ്യത്ത് പൊതുവേ ഉണ്ടായിട്ടുള്ള മാന്ദ്യം ഈ മേഖലകളെയും ബാധിച്ചു എന്നതിന് തെളിവാണിത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ ഇനത്തില്‍ 740 കോടിയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ വാണിജ്യനികുതി ഇനത്തിലെ വരുമാന വര്‍ധനവ് നാമമാത്രമാണ്. ധനകാര്യ മന്ത്രി എന്ന നിലയില്‍ ഇതൊക്കെ മനസ്സിലാക്കി പരിഹാര നടപടികള്‍ സ്വീകരിക്കുകയും നികുതി പിരിവ് ഊര്‍ജിതമാക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇന്നത്തെ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല.

നവംബര്‍ മാസം സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കം അതിരൂക്ഷമാണ്. രണ്ട് ദിവസം ട്രഷറി ഓവര്‍ഡ്രാഫ്റ്റിലായി. പണത്തിന് ഞെരുക്കം ഉണ്ടാകുമ്പോള്‍ വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ് ഇനത്തില്‍ 1500 കോടി രൂപാ വരെ റിസര്‍വ് ബാങ്കില്‍നിന്ന് കടം എടുക്കാം. ഇതില്‍ കൂടുതല്‍ എടുത്താല്‍ ഓവര്‍ ഡ്രാഫ്റ്റാകും. ഇങ്ങനെ മുന്‍കൂറായി  എടുക്കുന്ന മൊത്തം തുക 14 ദിവസത്തിനകം അടച്ചില്ലെങ്കില്‍ ട്രഷറി സ്തംഭനത്തിലാകും.

സംസ്ഥാനം അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും ധൂര്‍ത്തിന് യാതൊരു കുറവും വരുത്തുന്നില്ല എന്നത് ശ്രദ്ധിക്കണം. നവംബര്‍ 12 ന് പുറത്തിറങ്ങിയ ഒരുത്തരവ് പ്രകാരം നവോത്ഥാന സ്മരണകള്‍ നിലനിര്‍ത്താനായി 14 ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മിക്കാനായി 700 കോടി രൂപയാണ് ചെലവഴിക്കുവാന്‍ പോകുന്നത്. സിപിഎമ്മിന്റെ സഹയാത്രികരായ കുറെ ആളുകളെ പ്രതിഷ്ഠിക്കാന്‍ വേണ്ടി സാംസ്‌കാരിക നായകന്മാരുടെ പേരില്‍ കെട്ടിടങ്ങള്‍ പണിയാനുള്ള ഈ പദ്ധതി കിഫ്ബി വഴിയാണ് നടപ്പാക്കുന്നത്. സ്വാഭാവികമായും നടത്തിപ്പ് ഊരാളുങ്കല്‍ സൊസൈറ്റിക്കായിരിക്കുമല്ലോ?

ഇതിനു പുറമെ മുഖ്യമന്ത്രി പരിവാരസമേതം നവംബര്‍ 24 മുതല്‍ ഡിസംബര്‍ 6 വരെ ജപ്പാനും കൊറിയയും സന്ദര്‍ശിക്കാന്‍ പോകുന്നു. ഖജനാവില്‍ നിന്നും വന്‍ തുക ചെലവഴിച്ച് മുഖ്യമന്ത്രി ഭാര്യാ സമേതനായി ഒരു വന്‍പടയെ നയിച്ച് നടത്തുന്ന ഈ വിദേശയാത്ര കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരാനാണത്രേ. രാഷ്ട്രത്തലവന്മാര്‍ പോയി ഇങ്ങനെ നിക്ഷേപം കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ അത് മനസ്സിലാക്കാം. സാമ്പത്തികമായി പാപ്പരായ ഒരു സംസ്ഥാനത്തിന്റെ, ഭരണകാലാവധി അവസാനിക്കാന്‍ പോകുന്ന ഒരു മുഖ്യമന്ത്രി പോയി വിദേശ നിക്ഷേപം ചോദിച്ചാല്‍ ആരാണ് അതിന് തയാറാകുന്നത്? ഈ വിദേശപര്യടനം ഒഴിവാക്കി കേരളത്തില്‍ ഒരു നിക്ഷേപക സംഗമം വിളിച്ചാല്‍ താല്‍പ്പര്യമുള്ളവര്‍ സ്വന്തം ചെലവില്‍ ഇവിടെ വരും. തൊഴില്‍ സൗഹൃദ സംസ്ഥാനം അല്ലെന്നും സമരങ്ങളുടെ നാടെന്നും കുപ്രസിദ്ധമായ കേരളത്തില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള ഈ വിദേശയാത്രയും മറ്റൊരു പാഴ്‌ചെലവായി മാറും.

ഇടതുസര്‍ക്കാരിന്റെ പാഴ്‌ചെലവിന് മറ്റൊരുദാഹരണമാണ് കേരളത്തെ ഞെട്ടിച്ച പെരിയ ഇരട്ടക്കൊലപാതകത്തിലെ പാര്‍ട്ടിക്കാരായ പ്രതികളെ രക്ഷിക്കാനായി കേസ് സിബിഐക്ക് വിടുന്നതൊഴിവാക്കാന്‍ സുപ്രീംകോടതി അഭിഭാഷകരെ രംഗത്തിറക്കിയത്. 46 ലക്ഷം രൂപയാണ് ഇതിനോടകം  ഇതിനായി ചെലവഴിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം കട്ടപ്പനയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ നടത്തിയ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് നാല് ലക്ഷം രൂപയാണ് ചെലവാക്കിയത്. ഇതൊക്കെ കാണുമ്പോള്‍ ഒരു കാര്യം വ്യക്തമാകും. ഇടതുമുന്നണി ഭരണ കാലത്ത് മുണ്ട് മുറുക്കി ഉടുക്കേണ്ടത് സാധാരണക്കാര്‍ മാത്രം. മന്ത്രിമാര്‍ക്കും ഭരണത്തണലില്‍ കഴിയുന്ന ഉന്നതര്‍ക്കും സാമ്പത്തിക ബുദ്ധിമുട്ട് ഇല്ല. യഥേഷ്ടം ധൂര്‍ത്തും ആഡംബരവും ആകാം.

പുതിയ ക്യാബിനറ്റ് പദവികള്‍, അനുദിനം വാങ്ങിക്കൂട്ടുന്ന ആഡംബര കാറുകള്‍, പാര്‍ട്ടിക്കാര്‍ക്കായി കണ്ടെത്തുന്ന നൂതന പദവികള്‍, കലോത്സവങ്ങളുടെയും വിവിധ മേളകളുടെയും പേരില്‍ വേണ്ടപ്പെട്ടവര്‍ക്ക് യഥേഷ്ടം ചെലവഴിക്കാനായി അനുവദിക്കുന്ന കോടികള്‍, മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കാനായി ചെലവിടുന്ന ലക്ഷങ്ങള്‍, ഒപ്പം സമ്പന്നരുടെ ക്ലബ്ബുകളില്‍ നിന്ന് പിരിച്ചെടുക്കാനുള്ള പാട്ട കുടിശികയില്‍ ചെയ്തുകൊടുക്കുന്ന ഇളവുകള്‍, കിഫ്ബി വഴി നടപ്പാക്കുന്ന വന്‍കിട പദ്ധതികളുടെ നടത്തിപ്പില്‍ ചോരുന്ന കോടികള്‍, ഇതൊന്നും കാണാതെ ഉത്തരവാദപ്പെട്ടവര്‍ പിച്ചും പേയും പറയുന്നത് അവസാനിപ്പിക്കണം. കേരളത്തിന്റെ പൊതുക്കടം രണ്ട് ലക്ഷം കോടിയോടടുക്കുന്നത് സര്‍ക്കാര്‍ ഗൗരവമായി കാണണം. പാഴ്‌ചെലവുകളും ധൂര്‍ത്തും അവസാനിപ്പിച്ച് വിഭവ സമാഹരണത്തിന് പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താതെ കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പ്രയാസമാണ്.

 

                                                     (സംസ്ഥാന ഓഡിറ്റ് വകുപ്പ് മുന്‍ ജോയിന്റ് ഡയറക്ടറാണ് ലേഖകന്‍) 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.