പുഞ്ചക്കരി നെല്‍പ്പാടത്ത് നെല്‍കൃഷി നശിച്ചു; വെള്ളം കയറിയത് അഞ്ച് ഹെക്ടര്‍ കൃഷിയിടത്തില്‍

Tuesday 13 August 2019 12:44 pm IST

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ വെളളായണി പുഞ്ചക്കരി പാടത്ത് വന്‍തോതില്‍ വെളളം കയറി അഞ്ച് ഹെക്ടറോളം വരുന്ന നെല്‍കൃഷി പൂര്‍ണമായും നശിച്ചു. നിലമക്കരി പാടശേഖരത്തില്‍ കയറിയ വെളളം ബണ്ട് തകര്‍ത്താണ് പുഞ്ചക്കരി പാടത്തേക്ക് ഇരച്ചുകയറിയത്.

പുഞ്ചക്കരിയില്‍ 25 ദിവസം മുമ്പാണ് നെല്‍കൃഷി ഇറക്കിയത്. വിനോദ്, അനില്‍, സേതുനാഥ് എന്നിവരാണ് ഇവിടെ കൃഷിയിറക്കിയത്. അഞ്ച് ഹെക്ടര്‍ നെല്‍കൃഷിയും വെളളത്തില്‍ മുങ്ങിയതോടെ നെല്ലിന്റെ തലനാമ്പുപോലും കാണാന്‍ കഴിയാത്ത അവസ്ഥയിലാണ്. വിവരമറിഞ്ഞ് പാടശേഖര സമിതി കണ്‍വീനര്‍ ചന്ദ്രാനന്ദന്‍, കല്ലിയൂര്‍ പഞ്ചായത്ത് അധികൃതര്‍, നേമം പോലീസ് സ്റ്റേഷനിലെ പിആര്‍ഒ മതിമാന്‍ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

പാടം നിറഞ്ഞുകിടക്കുന്ന  വെളളം മധുപാലം വലിയ തോട്ടിലേക്ക് പമ്പ് ഉപയോഗിച്ച് നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. മണിക്കൂറുകള്‍ക്കൊണ്ട് മാത്രമേ  ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുവാന്‍ കഴിയുകയുളളു. കഴിഞ്ഞ തവണ പാടശേഖരത്ത് ഇറങ്ങിയ വെളളംമൂലം നെല്‍കൃഷി മന്ദീഭവിച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും ശക്തമായ മഴയില്‍ വെളളം കയറി കൃഷിയാകെ നശിച്ചിരിക്കുന്നത്.

നെല്‍പ്പാടത്ത് വെള്ളം കയറിയതിലൂടെ ഏകദേശം രണ്ടു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്ന് കണ്‍വീനര്‍ ചന്ദ്രാനന്ദന്‍ പറഞ്ഞു. നെല്‍പ്പാടം വെളളത്തില്‍ മുങ്ങിയ വിവരമറിഞ്ഞ് കല്ലിയൂര്‍ പഞ്ചായത്ത് അധികൃതരെ കൂടാതെ നേമം കൃഷി ഓഫീസര്‍, ആര്‍ഡിഒ എന്നിവരും സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തി. നെല്‍കൃഷി പൂര്‍ണമായും നശിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാണു കര്‍ഷകരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.