ദേശീയ ദുരന്തം: ഇന്ത്യയില്‍ ചട്ടമില്ല, ഇതുവരെ പ്രഖ്യാപിച്ചിട്ടേ ഇല്ല

Saturday 18 August 2018 2:58 pm IST
ഒഡീഷയില്‍ 1999 -ല്‍ സംഭവിച്ച സൂപ്പര്‍ സൈക്ലോണ്‍, ബീഹാറിലെ കോസി വെള്ളപ്പൊക്കം, ആയിരക്കണക്കിന് പേര്‍ക്ക് ജീവഹാനിയും ലക്ഷത്തിലേറെ പേര്‍ക്ക് വീടും നഷ്ടമായ 2004 ലെ സുനാമിയും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നില്ല.

 

സുനാമി ചിത്രങ്ങള്‍ (ഫയല്‍ ചിത്രങ്ങള്‍)

കൊച്ചി: ഇന്ത്യയില്‍ ഇതുവരെ ദേശീയ ദുരന്തം പ്രഖ്യാപിച്ചിട്ടേ ഇല്ല. എന്നുമാത്രമല്ല, അങ്ങനെയൊരു പ്രഖ്യാപനത്തിന് ചട്ടവുമില്ല. ദേശീയ ദുരന്തമോ, ദേശീയ വിപത്തോ പ്രഖ്യാപിക്കാന്‍ നമ്മുടെ ഒരു ചട്ടത്തിലും മാനദണ്ഡമോ വ്യവസ്ഥകളോ ഉള്‍പ്പെടുത്തിയിട്ടുമില്ല.

'' അപകടമോ അത്യാഹിതമോ എത്ര വലുതായാലും അതിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നമ്മുടെ ഒരുചട്ടത്തിലും വ്യവസ്ഥയിലും പരാമര്‍ശമില്ലെന്നു മാത്രമല്ല, ഇന്ത്യയില്‍ ഇതുവരെ ദേശീയ ദുരന്തപ്രഖ്യാപനം ഉണ്ടായിട്ടുമില്ല. വാസ്തവത്തില്‍ അതൊരു പ്രയോഗ ശൈലി മാത്രമാണ്,'' ദുരന്ത നിവാരണ (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്) വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.

ഒഡീഷയില്‍ 1999 -ല്‍ സംഭവിച്ച സൂപ്പര്‍ സൈക്ലോണ്‍, ബീഹാറിലെ കോസി വെള്ളപ്പൊക്കം, ആയിരക്കണക്കിന് പേര്‍ക്ക് ജീവഹാനിയും ലക്ഷത്തിലേറെ പേര്‍ക്ക് വീടും നഷ്ടമായ 2004 ലെ സുനാമിയും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നില്ല.

ഉത്തരാഖണ്ഡിലെ പ്രളയ ദുരന്തത്തിന്റെ ആഘാതം കണക്കാക്കി, വന്‍തോതില്‍ സൈനിക സഹായവും സേവനവും ലഭ്യമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക സഹായങ്ങളും എത്തിച്ചു. കുടാതെ എംപിമാരുടെ പ്രാദേശിക വികസന പ്രവര്‍ത്തന സഹായ ധനത്തിനുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ആ സംസ്ഥാനത്തെ എംപിമാര്‍ക്ക് 50 ലക്ഷം രൂപ വീതം നല്‍കിയിരുന്നു.

ചില വിദേശ രാജ്യങ്ങള്‍ക്ക് ഇങ്ങനെയൊരു സംവിധാനമുണ്ട്. അവിടങ്ങളില്‍ വലിയ പ്രകൃതിക്ഷോഭവും മറ്റും ഉണ്ടാകുമ്പോള്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കും. ആ രാജ്യങ്ങള്‍ക്ക് അപ്പോള്‍ വിദേശ രാജ്യങ്ങളുടെയും ഏജന്‍സികളുടെയും സാമ്പത്തിക സഹായം സ്വീകരിക്കാം. എന്നാല്‍, ഇന്ത്യന്‍ ഭരണഘടന നിര്‍മിച്ചവര്‍ അത്തരം അവസരങ്ങളുണ്ടാക്കി, അന്യരാജ്യങ്ങള്‍ക്കും ഏജന്‍സികള്‍ക്കും മുന്നില്‍ ഭിക്ഷയാചിക്കാനുള്ള അവസരം ഉണ്ടാകാതിരിക്കാനാവണം അത്തരമൊരു വ്യവസ്ഥ ഉള്‍പ്പെടുത്താഞ്ഞതെന്ന് നിരീക്ഷിക്കപ്പെടുന്നു. കൊടും കെടുതിയുണ്ടായ ഘട്ടത്തില്‍ പോലും ഇന്ത്യ വിദേശ സഹായങ്ങള്‍ അഭ്യര്‍ഥിച്ചിട്ടില്ല. 

വാസ്തവത്തില്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം, കേന്ദ്ര സര്‍ക്കാരിനേക്കാള്‍ ജനങ്ങളോട് കൂറും താല്‍പര്യവും ഞങ്ങള്‍ക്കാണെന്ന് കാണിക്കാന്‍ പാര്‍ട്ടികള്‍ കാണിക്കുന്ന രാഷ്ട്രീയ പ്രസ്താവന മാത്രമാണ് ദേശീയ ദുരന്ത പ്രഖ്യാപന ആവശ്യമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. മിക്ക സംഭവങ്ങളും ഉണ്ടാകുമ്പോള്‍ ഈ ആവശ്യം ഉയരും, പക്ഷേ ആരും അതിനു വേണ്ടി പിന്നീട് ഒന്നും ചെയ്യാറില്ലെന്ന് അവര്‍ വിശദീകരിക്കുന്നു.

1999-ല്‍ ഒഡീഷ ചുഴലിക്കൊടും കാറ്റിന്റെ കാലത്ത് കേന്ദ്രത്തില്‍ വാജ്‌പേജയി നേതൃത്വത്തില്‍ ബിജെപി ഭരണമായിരുന്നു. കോണ്‍ഗ്രസാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടത്. 2004 -ല്‍ സുനാമി വന്നപ്പോള്‍ മന്‍മോഹന്‍ സിങ്ങിന്റെ കോണ്‍ഗ്രസായിരുന്നു ഭരണത്തില്‍. സുനാമിയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.