കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 104 ആയി; പുത്തുമലയിലും കവളപ്പാറയിലും ഇന്നും തെരച്ചില്‍ തുടരും, 36 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് കണക്കു കൂട്ടല്‍

Thursday 15 August 2019 8:48 am IST

തിരുവനന്തപുരം: പ്രളയപ്പേമാരിയില്‍ മരിച്ചവരുടെ എണ്ണം 104 ആയി. വന്‍ ദുരന്തം വിതച്ച പുത്തുമലയിലും കവളപ്പാറയിലും ഇന്നും തെരച്ചില്‍ തുടരും. ഉരുള്‍പൊട്ടല്‍ വന്‍ദുരന്തം വിതച്ച നിലമ്പൂര്‍ കവളപ്പാറയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ രാവിലെ ഏഴരയോടെ തുടങ്ങി. ഇതുവരെ 30 പേരുടെ മൃതദേഹമാണ് ഇവിടെ നിന്നും ലഭിച്ചത്. 29 പേരെ ഇനിയും കണ്ടെത്താനുണ്ട്. രാത്രി ഏറെ വൈകിയതോടെയാണ് ബുധനാഴ്ച തെരച്ചില്‍ നിര്‍ത്തിയത്.  

14 മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടക്കുക. മണ്ണിടിഞ്ഞ പ്രദേശം നാല് ഭാഗമായി തിരിച്ചാണ് തെരച്ചില്‍. കവളപ്പാറയില്‍ നിന്ന്  പുത്തുമലയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചും തെരച്ചില്‍ നടത്തും. ഇവിടെ നിന്നും ഏഴുപേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് അധികൃതരുടെ കണക്ക്. ഇതുവരെ 10 മൃതദേഹങ്ങളാണ് ലഭിച്ചിട്ടുള്ളത്. അതേസമയം ബുധനാഴ്ച തെരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. നാട്ടുകാരുടെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഭൂപടം തയ്യാറാക്കിയും മറ്റും ഏക്കറുകണക്കിന് ഭൂമി മണ്ണുമാന്തി ഉപയോഗിച്ച് തെരച്ചില്‍ നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. 

അതേസമയം സ്‌കാനറുകള്‍ അടക്കമുള്ള സാങ്കേതിക വിദ്യകള്‍ പുത്തുമലയില്‍ പ്രവര്‍ത്തികമാകാത്തതിനാല്‍ അവയൊന്നും തെരച്ചിലിനായി ഇതുവരെ കൊണ്ടുവന്നിട്ടില്ല. പാറക്കല്ലുകളും മരത്തടികളും നിറഞ്ഞ ദുരന്തഭൂമിയില്‍ സ്‌കാനറുകള്‍ പരാജയപ്പെടുമെന്നാണ് നിഗമനം. കൂടാതെ മഴ ഇപ്പോഴും തുടരുന്നതിനാല്‍ ഇവിടെ ചതുപ്പ് നിലത്തിന് സമാനമായിരിക്കുകയാണ്. മണ്ണുമാന്തിയന്ത്രങ്ങള്‍ പലപ്പോഴും ചതുപ്പില്‍ പുതഞ്ഞു പോവുന്നത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്. ഇതിനെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നും ഡോഗ് സ്വ്കാഡിനെ എത്തിച്ച് തെരച്ചില്‍ നടത്തുന്നത്. 

സംസ്ഥാനത്ത് രണ്ട് ദിവസത്തിനുള്ളില്‍ മഴയുടെ ശക്തി കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് ഒരിടത്തും റെഡ് അലര്‍ട്ടില്ല. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മാത്രമാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്ന്ത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.