ഫ്രാങ്കോ മുളയ്ക്കല്‍ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നെന്ന് ആരോപണവുമായി കന്യാസ്ത്രീ; വനിതാ കമ്മീഷനില്‍ പരാതി നല്‍കി

Wednesday 23 October 2019 10:40 am IST

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് ആരോപണവുമായി കന്യാസ്ത്രീ. ബലാത്സംഗക്കേസില്‍ ഫ്രാങ്കോയ്‌ക്കെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയാണ് സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് പരാതി നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ദേശീയ, സംസ്ഥാന വനിതാ കമ്മീഷന്‍ മുമ്പാകെ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. 

അനുയായികളിലൂടെ യൂട്യൂബ് ചാനലുകളുണ്ടാക്കി ഫ്രാങ്കോ മുളക്കല്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് കന്യാസ്ത്രീയുടെ പരാതി. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പരാതി നല്‍കിയത് മുതല്‍ തന്നെ പലരും ഭീഷണിപ്പെടുത്തുകയും സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്നാണ് കന്യാസ്ത്രീ ആരോപിക്കുന്നത്. പോലീസ് അന്വേഷണം നടക്കുന്നതിനിടയിലും സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതായും കന്യാസ്ത്രീ പരാതിയില്‍ പറയുന്നു. 

ബിഷപ്പ് ഫ്രാങ്കോ അനുയായികളുടെ യൂട്യൂബ് ചാനലുകളിലൂടെയും അപമാനിക്കാന്‍ ശ്രമിക്കുന്നു. തന്നെ തിരിച്ചറിയുന്ന വിധത്തില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ഭീഷണിപ്പെടുത്തുന്നവര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് സംസ്ഥാന ദേശീയ വനിതാ കമ്മീഷനുകള്‍ക്ക് നല്‍കിയ പരാതിയില്‍ കന്യാസ്ത്രീ ആവശ്യപ്പെടുന്നു.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇതുവരെ എട്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിന്റെ നാള്‍വഴികളില്‍ ഇരയാക്കപ്പെട്ട കന്യാസ്ത്രീയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും അപമാനിക്കുവാനും ശ്രമിച്ചവര്‍ക്കെതിരെയാണ് കേസ് നല്‍കിയിട്ടുള്ളത്. 

എന്നാല്‍ ഫാദര്‍ ജെയിംസ് എര്‍ത്തയിലിന്റെ കേസുള്‍പ്പെടെ ഒരു കേസിലും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നും കന്യാസ്ത്രീ പരാതിപ്പെട്ടു. കേസന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണെന്നും കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഫ്രാങ്കോ മുളക്കലിന്റെ നേതൃത്വത്തില്‍ ഒരു യുട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു. ഈ ചാനലിനെതിരെ കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയില്‍ വീണ്ടും ഇരയെ സമൂഹമാധ്യമത്തില്‍ തിരിച്ചറിയുന്നതിനിടയാക്കുന്ന തരത്തിലും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലും വീഡിയോകള്‍ ഇറക്കുന്നതില്‍ മനം നൊന്താണ് കന്യാസ്ത്രീ ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. 

അതിനിടെ ബലാത്സംഗക്കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് സമന്‍സ് നല്‍കിയതായി കുറുവിലങ്ങാട് പോലീസ്. നവംബര്‍ 11ന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഫ്രാങ്കോ മുളയ്ക്കലിന് സമന്‍സ് നല്‍കിയതായിരിക്കുന്നത്. ജലന്ധറിലെത്തി ഫ്രാങ്കോ മുളയ്ക്കലിന് സമന്‍സ് കൈമാറിയതായി കുറുവിലങ്ങാട് പോലീസ് അറിയിച്ചു. കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാകാനാണ് ഫ്രാങ്കോയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.