മന്ത്രി ജി സുധാകരന്റെ 'സന്നിധാനത്തിലെ കഴുത'യ്ക്ക് ബദലായി 'ദുരിതാശ്വാസ ക്യാമ്പിലെ കഴുത' എന്ന പേരില്‍ ഫേസ്ബുക്കില്‍ കവിതയെഴുതി; ലോക്കല്‍ സെക്രട്ടറി കേസില്‍ പ്രതിയായി

Monday 19 August 2019 2:56 pm IST

ആലപ്പുഴ: സിപിഎം പ്രവര്‍ത്തകന്‍ ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയ വിഷയത്തില്‍ മന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ കവിതയെഴുതി പ്രതികരിച്ച സിപിഎം ലോക്കല്‍ സെക്രട്ടറിയെ മറ്റൊരു സംഭവത്തില്‍ പ്രതിയാക്കി. ഓമനക്കുട്ടന്‍ വിഷയത്തില്‍ മന്ത്രി ജി. സുധാകരനെ പരിഹസിച്ച് ഫേസ്ബുക്കില്‍ കവിതയെഴുതിയ കൊക്കോതമംഗലം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രവീണ്‍ ജി.പണിക്കര്‍ക്കെതിരെയാണ് പോലീസ് നടപടി എടുത്തിരിക്കുന്നത്. ചേര്‍ത്തലയിലെ കയര്‍ സൊസൈറ്റിയില്‍ അതിക്രമിച്ചുകയറി സെക്രട്ടറിയായ വനിതയോടു മോശമായി പെരുമാറിയെന്നാണു കേസ്. ദിവസങ്ങള്‍ക്കു മുന്‍പു നടന്ന സംഭവത്തില്‍ പോലീസ് പെട്ടന്ന് കേസ് രജിസ്റ്റര്‍ ചെയ്തത് മന്ത്രിയെ വിമര്‍ശിച്ചതുകൊണ്ടാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 

ദുരിതാശ്വാസ ക്യാംപില്‍ പണം പിരിച്ചെന്ന് ആരോപണമുയര്‍ന്നയുടന്‍ ലോക്കല്‍ കമ്മിറ്റിയംഗം എസ്. ഓമനക്കുട്ടനെ സസ്‌പെന്‍ഡ് ചെയ്തതിലും സംഭവത്തില്‍ മന്ത്രി ജി.സുധാകരന്റെ നടത്തിയ പ്രതികരണത്തിലും പ്രതിഷേധിച്ചാണ് 'ദുരിതാശ്വാസ ക്യാംപിലെ കഴുത' എന്ന പേരില്‍ പ്രവീണ്‍ കവിത പോസ്റ്റ് ചെയ്തത്.  ജി. സുധാകരന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് 'സന്നിധാനത്തിലെ കഴുത' എന്ന പേരില്‍ കവിത എഴുതിയിരുന്നു. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്‍ നേതാക്കള്‍ക്കുവേണ്ടി പണിയെടുക്കുന്ന കഴുതയാണെന്ന മട്ടിലാണു പ്രവീണിന്റെ കവിത. 'സന്നിധാനത്തിലെ കഴുതയെപ്പോല്‍ ഒത്തിരിപ്പേര്‍ ചുമടെടുക്കുന്ന കൊണ്ടത്രേ, ആനപ്പുറത്ത് നീ തിടമ്പുമായി ഇരിക്കുന്നു..' എന്നിങ്ങനെ വരികളുണ്ട്. ഇതാണ് മന്ത്രിയെ പ്രകോപിച്ചതെന്ന് കരുതുന്നു. കവിത പോസ്റ്റ് ചെയ്ത് വിവാദമായ ഉടന്‍ പിന്‍വലിച്ചെങ്കിലും ചിലര്‍ സ്‌ക്രീന്‍ഷോട്ട് എടുത്തു പാര്‍ട്ടി നേതൃത്വത്തിനു കൈമാറിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.