ഇന്ത്യന്‍ ക്രിക്കറ്റിലെ ' ദാദാ ' യുഗത്തിന് ശുഭാരംഭം; ബിസിസിഐ അധ്യക്ഷ സ്ഥാനം ഔദ്യോഗികമായി ഏറ്റെടുത്തു

Wednesday 23 October 2019 11:46 am IST

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ 'ദാദാ'  സൗരവ് ഗാംഗുലി ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ഭരണത്തലവന്‍. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) അധ്യക്ഷനായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഔദ്യോഗികമായി ചുമതലയേറ്റു.  ബിസിസിഐയെ ശുദ്ധീകരിക്കുന്നതിനായി സുപ്രീം കോടതി നിയോഗിച്ച മുന്‍ സിഎജി വിനോദ് റായിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ 33 മാസത്തെ ഭരണത്തിന് ശേഷമാണ് പുതിയ ഭരണസമിതി ചുമതലേറ്റത്. എതിരില്ലാതെയാണ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടത്. ബുധനാഴ്ച അധികാരം കൈമാറാന്‍ ഭരണസമിതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജെയ് ഷായാണ് പുതിയ സെക്രട്ടറി. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിന്റെ സഹോദരന്‍ അരുണ്‍ ധൂമലാണ് ട്രഷറര്‍. ഉത്തരാഖണ്ഡില്‍ നിന്നുള്ള മാഹിം വര്‍മ വൈസ് പ്രസിഡന്റും കേരളത്തില്‍ നിന്നുള്ള ജയേഷ് ജോര്‍ജ് ജോയിന്റ്് സെക്രട്ടറിയുമാണ്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നയാള്‍ ബിസിസിഐ തലപ്പത്തേക്ക് എത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ 91 വര്‍ഷം നീണ്ട ചരിത്രമാണ് തിരുത്തിയെഴുതപ്പെട്ടത്. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് ദാദ എത്തുന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയൊരു അധ്യായത്തിന് തുടക്കമായി.  ഒരു കാലത്ത് ഒത്തുകളി വിവാദങ്ങളിലും കോഴ ആരോപണങ്ങളിലും മുങ്ങിത്താണിരുന്ന ടീം ഇന്ത്യയെ ചങ്കൂറ്റത്തോടെ മുന്നില്‍ നിന്ന് നയിച്ച വീര നായകനായിരുന്നു ഗാംഗുലി.

ക്രിക്കറ്റ് ഭരണം ശുദ്ധീകരിക്കുന്നതിന് സുപ്രീം കോടതി നിയോഗിച്ച ലോധ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പുതിയ ഭരണസമിതി അധികാരത്തിലെത്തുന്നത്. ബിസിസിഐയുടെ 39ാമത്തെ പ്രസിഡന്റാണ് സൗരവ് ഗാംഗുലി.  ദാദ യുഗം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പിടിച്ചുയര്‍ത്തിയ പോലെ ബിസിസിഐയുടെ പ്രതിച്ഛായയും മികവു തിരിച്ചുപിടിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം, ഗാംഗുലിക്ക് ഒമ്പത് മാസം മാത്രമേ അധികാരത്തില്‍ ഇരിക്കാന്‍ സാധിക്കുകയുള്ളൂ. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികളിലുണ്ടായിരുന്ന ഗാംഗുലി അധികാരത്തില്‍ ആറുവര്‍ഷം പൂര്‍ത്തിയാകുന്ന ജൂലൈ അവസാനം സ്ഥാനം ഒഴിയേണ്ടിവരും. ആറുവര്‍ഷം ഭരണത്തിലിരുന്നവര്‍ മാറിനില്‍ക്കണമെന്ന ലോധ കമ്മീഷന്‍ നിര്‍ദേശം അനുസരിച്ചാണിത്. 2013ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഒത്തുകളി വിവാദങ്ങളെ തുടര്‍ന്നാണ് ബിസിസിഐ ഭരണത്തില്‍ സുപ്രീം കോടതി ഇടപെടല്‍ തുടങ്ങിയത്. 2017ലാണ് ബിസിസിഐ ഭരണം വിനോദ് റായിയുടെ നേതൃത്വത്തിലുള്ള സമിതി ഏറ്റെടുക്കുന്നത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന് തന്നെയാകും കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് ബിസിസിഐ പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട മുന്‍ ഇന്ത്യന്‍ ടീം ക്യാപ്ടന്‍ സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട് ഞാന്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ സിഒഎ കേള്‍ക്കാന്‍ തയാറായിരുന്നില്ല. രഞ്ജി ട്രോഫി ക്രിക്കറ്റിനായിരിക്കും കൂടുതല്‍ ശ്രദ്ധ കൊടുക്കുക. കളിക്കാരുടെ സാമ്പത്തിക നില ഭദ്രമാക്കുന്നതിന് ശ്രദ്ധ കൊടുക്കുമെന്നും ഗാംഗുലി പറഞ്ഞു. 

ബിസിസിഐയുടെ പ്രതിച്ഛായ മോശമായിരിക്കുന്ന സമയമാണിത്. അതുകൊണ്ട് തന്നെ ഇതില്‍ നിന്നൊരു മാറ്റം ആവശ്യമാണ്. പറഞ്ഞു കൊണ്ടിരിക്കാതെ എന്തെങ്കിലും ചെയ്യാന്‍ എനിക്ക് ലഭിച്ച വലിയ അവസരമാണ് ഇതെന്ന് ഗാംഗുലി പറഞ്ഞു. പൊതുസമ്മതനായി തെരഞ്ഞെടുക്കപ്പെട്ടാലും അല്ലെങ്കിലും വലിയ ഉത്തരവാദിത്വമാണ് ലഭിക്കുന്നത്. ക്രിക്കറ്റ് ലോകത്തിലെ ഏറ്റവും വലിയ ഓര്‍ഗനൈസേഷനാണ് ഇത്. ശക്തികേന്ദ്രമാണ് ഇന്ത്യ. പ്രസിഡന്റാവുമെന്ന് ഞാന്‍ കരുതിയില്ലെന്നും ഗാംഗുലി പറഞ്ഞു.  

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.