ഇന്ത്യയെ പട്ടിണിരാജ്യമാക്കിയുള്ള റിപ്പോര്‍ട്ട് തയാറാക്കിയത് ജര്‍മ്മനിയിലെ ബിഷപ്പുമാരുടെ സംഘം; വ്യാജപ്രചരണം ചാരിറ്റിയുടെ മറവിലുള്ള ഫണ്ടൊഴുക്ക് പുനഃസ്ഥാപിക്കാന്‍; മോദി സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കാന്‍ മാധ്യമങ്ങള്‍ക്ക് പണം

Thursday 17 October 2019 2:13 pm IST

ന്യൂദല്‍ഹി : ഇന്ത്യയില്‍ പട്ടിണി വര്‍ധിക്കുന്നതായി സര്‍വ്വേ നടത്തി ആഗോളതലത്തില്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനു പിന്നില്‍ ജര്‍മ്മനിയും അയര്‍ലാന്‍ഡ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബിഷപ്പുമാരുടെ സംഘം. സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് പോലും പിന്നിലായാണ് ഇവര്‍ ഇന്ത്യയുടെ സ്ഥാനം പട്ടികയില്‍പ്പെടുത്തിയത്. വെല്‍ത്ഹങ്കര്‍ഹില്‍ഫ് എന്ന ബിഷപ്പുമാര്‍ നേതൃത്വം നല്‍കുന്ന ചാരിറ്റി സംഘടനയും ഐറിഷ് സന്നദ്ധ സംഘടനയായ കണ്‍സേണ്‍ വേള്‍ഡ്‌വൈഡും ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

സാമ്പത്തികമായി ഇന്ത്യയില്‍ നിന്നും ഏറെ പിന്നിലുള്ള പാക്കിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ വരെ ഭാരതത്തിന്റെ ഏറെ മുന്നിലാണെന്നാണ് ഇവര്‍ റിപ്പോര്‍ട്ടില്‍ ചിത്രീകരിച്ചത്. ആഗോള തലത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ഇന്ത്യന്‍ വിപണിയുടെ നില മെച്ചപ്പെട്ടതാണെന്നും അതിവേഗ വളര്‍ച്ച കൈവരിക്കുന്നതാണെന്നും യുഎന്നിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ആയുധം എന്ന നിലയില്‍ രാജ്യത്തെ മുന്‍നിര മാധ്യമങ്ങള്‍ ഈ വിഷയം ഏറ്റെടുക്കുകയും വന്‍ പ്രാധാന്യത്തോടെ ഇത് നല്‍കുകയും ചെയ്തു. ഇത് പെയ്‌ഡ് ന്യൂസാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

ശിശു ജനസംഖ്യയുടെ അനുപാതവും അവിടുത്തെ പോഷകാഹാരക്കുറവും അടിസ്ഥാനപ്പെടുത്തിയാണ് ഇത് നല്‍കിയിരിക്കുന്നത്. 117 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് 102ാം സ്ഥാനമാണ് നല്‍കിയത്.  എന്നാല്‍ പട്ടിക പ്രസിദ്ധീകരിച്ച മുന്‍നിര മാധ്യമങ്ങളൊക്കെയും അന്താരാഷ്ട്ര സംഘടന എന്നതല്ലാതെ പേരു വിവരങ്ങളൊന്നും വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. വെല്‍ത് ഹങ്കര്‍ ഹില്‍ഫ് എന്ന പേരില്‍  സന്നദ്ധ സംഘടന എന്ന നിലയിലാണ് ഇത് നിലകൊള്ളുന്നത്. കൂടാതെ സര്‍ക്കാര്‍ പങ്കാളിത്ത സ്ഥാപനം അല്ലെന്നും ഇതിനെ കുറിച്ചുള്ള വിവരങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്.

എന്നാല്‍ ജര്‍മ്മന്‍ ബിഷപ്പുകള്‍ക്കും കത്തോലിക്ക വിഭാഗത്തിനും വ്യക്തമായ പങ്ക് ഈ സ്ഥാപനത്തിലുണ്ട് എന്ന് വ്യക്തമാക്കുന്നുണ്ട്. ക്രിസ്ത്യന്‍ ഡെമോക്രോറ്റിക് യൂണിയന്‍ നേതാവും അഭിഭാഷകനുമായ വോള്‍ഫ്ഗാങ് ഷോബിള്‍ എന്ന രാഷ്ട്രീയ നേതാവാണ് വെല്‍ത്ഹങ്കര്‍ ഹില്‍ഫ് എന്ന സംഘടനയുടെ ചെയര്‍മാന്‍. ജര്‍മ്മന്‍ ബിഷപ് കമ്മീഷനറി ഓഫീസിന് ഇതില്‍ വ്യക്തമായ പങ്കാളിത്തം ഉണ്ടെന്നും വ്യക്തമാക്കുന്നുണ്ട്. ജര്‍മ്മന്‍ മൊത്തക്കച്ചവട, വിദേശ വ്യാപാര വകുപ്പ് പ്രസിഡന്റ്, കാര്‍ഷിക അസോസിയേഷന്‍ തുടങ്ങി വിവിധ നേതാക്കളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജര്‍മ്മനിയിലെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ ബവരിയ ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയന്‍ എന്നിവയാണ് വെല്‍തുങ്കര്‍ഹില്‍ഫിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ വന്‍ കുതിച്ചു ചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിക്ഷേപ സൗഹൃദ രാജ്യമാക്കി മാറ്റി. കാര്‍ഷിക മേഖലയിലും ഊന്നല്‍ നല്‍കി അടിസ്ഥാന സൗകര്യ വികസനത്തിലും പ്രാധാന്യം നല്‍കി. ഇതോടെ രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക നിലവാരത്തിലും മാറ്റം വന്നു തുടങ്ങി.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്ക് ധനസഹായങ്ങൾ നൽകി ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മറവിൽ മത പരിവര്‍ത്തനം നടത്തിയിരുന്ന മിഷണറി ഗ്രൂപ്പുകള്‍ക്ക് ഇത് വന്‍ തിരിച്ചടിയാണ് നല്‍കിയത്. ഇത്തരത്തിലുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ പുതിയ കേന്ദ്ര നയങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടു മതപരിവര്‍ത്തനം നടത്തി ധനസഹായം ലഭ്യമാക്കല്‍ എന്ന മിഷണറി ഗ്രൂപ്പുകളുടെ തീരുമാനം രാജ്യത്ത് വേരോടെ പിഴുതെറിയുമെന്ന സ്ഥിതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതു കൂടാതെ വിദേശത്തു നിന്നും ചാരിറ്റിയുടെ മറവില്‍ ഫണ്ട് ഇന്ത്യയിലേക്ക് ഒഴുക്കുന്നതിനും കര്‍ശ്ശനമായ നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ പട്ടിണി രാഷ്ട്രമാക്കി വീണ്ടും പഴയ സ്ഥിതിയിലേക്ക് നീക്കുന്നതിനായി ശ്രമം നടത്തുന്നത്. കശ്മീര്‍ താഴ്‌വര ഉള്‍പ്പടെ ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന പാക്കിസ്ഥാനും ഈ സര്‍വ്വേയ്ക്ക് പ്രചാരം നല്‍കാനാണ് ശ്രമിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.