താരപൊലിമയില്‍ ഗോവ രാജ്യാന്തര ചലച്ചിത്രമേള; ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി പുരസ്‌കാരം രജനീകാന്തിന്; ആദരവ് അര്‍പ്പിച്ച് അമിതാഭ് ബച്ചന്‍

Thursday 21 November 2019 3:33 pm IST

പനാജി: അമ്പതാം രാജ്യാന്തര ചലച്ചിത്രമേള വേദി കൈയടക്കി ഇന്ത്യന്‍ സിനിമയിലെ ബിഗ് ബിയും തലൈവനും. ഐഎഫ്എഫ്‌ഐയുടെ സുവര്‍ണജൂബിലി പതിപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ എത്തിയതായിരുന്നു അമിതാഭ് ബച്ചന്‍. തുടര്‍ന്ന് ഉദ്ഘാടനവേദിയില്‍ വച്ച്  ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി പുരസ്‌കാരം രജനീകാന്ത് ഏറ്റുവാങ്ങി. കരണ്‍ ജോഹര്‍, സിദ്ധാര്‍ത്ഥ് റോയ് കപൂര്‍, ഫിറോസ് അബ്ബാസ് ഖാന്‍, സുഭാഷ് ഗായ് എന്നിവരാണ് ഐ എഫ് എഫ് ഐ സുവര്‍ണ ജൂബിലി പതിപ്പിന്റെ സ്റ്റിയറിംഗ് കമ്മറ്റിയിലെ അംഗങ്ങള്‍.

എന്നോടൊപ്പം ഉണ്ടായിരുന്നതിനും അവിശ്വസനീയമായ രീതിയില്‍ പ്രചോദിപ്പിച്ചതിനും ഒരുപാട് നന്ദി രജനി. എന്തൊരു എളിയ മനുഷ്യന്‍. വളരെ എളിയ തലത്തില്‍ നിന്നും  ഉയര്‍ന്നുവന്നു. രാവും പകലുമെന്നില്ലാതെ എപ്പോഴും നമ്മളെ  പ്രചോദിപ്പിക്കുന്ന അദ്ദേഹം ഇന്ന് നമ്മോടൊപ്പം ഉണ്ട് എന്നത് അവിശ്വസനീയമാണെന്ന് രജനീകാന്തിനെ ആദരിക്കുന്നതിനിടയില്‍ അമിതാഭ് ബച്ചന്‍ പറഞ്ഞു.

ബുധനാഴ്ച വൈകിട്ട് ഗോവയിലെ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്‌ഘാടനചടങ്ങിന് എത്തിയവര്‍ക്കെല്ലാം വിസ്മയം സമ്മാനിക്കുന്നൊരു മുഹൂര്‍ത്തമായിരുന്നു ബച്ചനും രജനീകാന്തും പരസ്പരം കെട്ടിപുണര്‍ന്ന് സ്‌നേഹം പങ്കുവച്ചത്. ചടങ്ങില്‍ ഫ്രഞ്ച് അഭിനേത്രിയായ ഇസബെല്ല ഹപ്പെര്‍ട്ടിന് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു.

രാജ്യാന്തര ചലച്ചിത്രമേളയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് വലിയ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അമിതാഭ് ബച്ചന്റെ ചിത്രങ്ങളുടെ റെട്രോസ്പെക്ടീവും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ബ്രിട്ടീഷ് സംവിധായകനായ കെന്‍ ലോച്ചിന്റെ ചിത്രങ്ങളുടെ റെട്രോസ്പെക്ടീവും ഈ വര്‍ഷം ഐഎഫ്എഫ്‌ഐയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനു പുറമെ 76 രാജ്യങ്ങളില്‍ നിന്നായി 200ലധികം ചിത്രങ്ങളാണ് ഐഎഫ്എഫ്‌ഐ 2019ല്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത്. ഇന്ത്യന്‍ പനോരമയിലേക്ക് 41 ചിത്രങ്ങളാണ് ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത്. 26 ഫീച്ചര്‍ വിഭാഗത്തിലേക്ക് 26 ചിത്രങ്ങളും നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് 15 ചിത്രങ്ങളുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.