തൊഴിലാളി ചൂഷണമില്ല; 'ഫാസിസ്റ്റ് ഗോവയെ കേരളത്തിന് മാതൃകയാക്കിക്കൂടേ'

Friday 20 September 2019 12:25 pm IST

കൊച്ചി: 'ഫാസിസ്റ്റ്' ബിജെപി ഭരിക്കുന്ന ഗോവയെ കേരളത്തിന് മാതൃകയാക്കിക്കൂടേ എന്ന ചോദ്യം ചര്‍ച്ചയാകുന്നു. ബിജെപി ഭരിക്കുന്ന ഗോവയിലെ ടാക്സി സേവനം വിലയിരുത്തിയാണ് ചോദ്യം. ഓണ്‍ലൈന്‍ ടാക്സി സംവിധാനങ്ങള്‍ പലതും കേരളത്തിലുണ്ട്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും സ്വകാര്യ സംരംഭങ്ങളുമടക്കം പലതുണ്ടെങ്കിലും അവിടെ തൊഴില്‍ തര്‍ക്കവും തൊഴിലാളി ചൂഷണവും ഏറെയാണെന്നാണ് ആക്ഷേപം.

ഗോവയിലെ ബിജെപി സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ടാക്സി സംവിധാനത്തെ പ്രശംസിച്ച്, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിലെ ജീവനക്കാരനെങ്കിലും കടുത്ത ബിജെപി-സംഘപരിവാര്‍ രാഷ്ട്രീയ വിമര്‍ശനകനായ റൂബിന്‍ ഡിക്രൂസിന്റെ ഗോവന്‍ അനുഭവം സാമൂഹ്യ മാധ്യമത്തില്‍ ഇങ്ങനെ പങ്കുവെക്കുന്നു: ''ഗോവയിലെ ശ്രദ്ധേയമായ ഒരു കാര്യം ഗോവ മൈല്‍സ് എന്ന ടാക്‌സി ആപ്പ് ആണ്! ഇവിടെ ഊബറും ഓലയും ഇല്ല! സര്‍ക്കാര്‍ ഉണ്ടാക്കിയ ആപ്പ് ആണ്. ഒരു വര്‍ഷമായി നന്നായി നടക്കുന്നു. രണ്ടായിരത്തിലേറെ ടാക്‌സികള്‍ ഈ ആപ്പില്‍ ചേര്‍ന്നിട്ടുണ്ട്.

സാധാരണ റേഡിയോ ടാക്‌സിയുടെ നിരക്കേ ഉള്ളൂ. പ്രത്യേകത, മുഴുവന്‍ തുകയും ഡ്രൈവര്‍ക്കു കിട്ടും എന്നതാണ്. ആപ്പുടമസ്ഥരായ സര്‍ക്കാരിന് ഒരു ശതമാനവും കൊടുക്കണ്ട!

ഇപ്പോള്‍ ഡോണ പോള ബീച്ചില്‍ നിന്ന് ബോം ജീസസ് കത്തീഡ്രല്‍ വരെ 20 കിലോമീറ്റര്‍ വരാന്‍ 506 രൂപയേ ആയുള്ളു! കേരളസര്‍ക്കാരിന് ആലോചിച്ചു കൂടെ?''

ന്യൂനപക്ഷ ക്രിസ്ത്യന്‍ വിഭാഗം ഭൂരിപക്ഷമായ സംസ്ഥാനമാണ് ഗോവ. അവിടെ ഭരിക്കുന്നത് ചിലര്‍ 'ന്യൂനപക്ഷ വിരുദ്ധരെന്ന്' ആക്ഷേപിക്കുന്ന ബിജെപിയാണ്. ബിജെപി സര്‍ക്കാര്‍ തൊഴിലാളി ക്ഷേമവും ജനക്ഷേമവും ലക്ഷ്യമിട്ടു നടത്തുന്ന പദ്ധതിയായ ഗോവ മൈല്‍സിന്റെ മാതൃക, തൊഴിലാളി വര്‍ഗ പ്രേമവും ജനക്ഷേമവും പറയുന്ന കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍കാരിന് നടപ്പാക്കിക്കൂടേ എന്നാണ് ചോദ്യം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.