നന്മ മരങ്ങളില്‍ ദൈവസാന്നിദ്ധ്യം

Wednesday 14 August 2019 1:30 am IST

 

ദൈവം ഓരോരുത്തരേയും ഭൂമിയിലേയ്ക്കയക്കും മുമ്പ് തലച്ചോറില്‍ ഒരു രേഖ വരയ്ക്കാറുണ്ട്, നിഷ്പക്ഷ രേഖ. തലവരയെന്നോ മറ്റോ അതിനൊരു നാട്ടുമൊഴിയുമുണ്ട്. അര്‍ഥം ഇത്രയേയുള്ളൂ, ഞാന്‍ നിന്നെ ഭൂമിയിലേക്ക് പറഞ്ഞയക്കുന്നു. നിന്റെ യുക്തംപോലെ നിനക്ക് ജീവിക്കാം. ഒരുകാര്യം എപ്പോഴും ഓര്‍ത്താല്‍ നന്ന്. എന്റെ പ്രതിനിധിയാകണോ അതല്ല എനിക്കെതിരുനില്‍ക്കുന്നവന്റെ പ്രതിനിധിയാവണോ എന്ന് നിനക്ക് തീരുമാനിക്കാം. ചുരുക്കിപ്പറഞ്ഞാല്‍ ദൈവമാവണോ ചെകുത്താനാകണോ എന്ന് ഓരോരുത്തരും നിശ്ചയിക്കണം.

ദൈവത്തെയും ചെകുത്താനെയും ആരും കണ്ടിട്ടില്ലെങ്കിലും (കണ്ടവരുണ്ടെങ്കില്‍ ഭാഗ്യവാന്മാര്‍) ചിലരെ ചൂണ്ടി ദൈവത്തെപോലെ എന്നുപറയും. ആരും കാണാത്ത ഒരാളെ പോലെ എന്ന് പറയുന്നതിന്റെ കാരണമെന്താവാം. ഏറ്റവും എളുപ്പത്തില്‍ പറഞ്ഞാല്‍ അയാളുടെ വാക്കും നോക്കും. പ്രതിസന്ധിഘട്ടത്തില്‍ ഒരാളുടെ പ്രവൃത്തി കണ്ടാലറിയാം അയാള്‍ ഏത് വിഭാഗത്തില്‍ പെടുന്നുവെന്ന്.

      ഇവിടെ കഴിഞ്ഞതവണ മഹാപ്രളയവും ഇത്തവണ അതിന്റെ അനിയന്‍ പ്രളയവും വന്നു. അപ്പോഴൊക്കെ കണ്ണീരും കൈയുമായി ആയിരങ്ങള്‍ നിരാലംബരായി പലായനം ചെയ്തു. ഭരണകൂടത്തിന്റെ ശാസ്ത്രീയവും സാങ്കേതികവുമായ നടപടിക്രമങ്ങളിലും നൂലാമാലകളിലും പെട്ട് അര്‍ഹതപ്പെട്ട പലര്‍ക്കും സഹായം നഷ്ടമായി. അനര്‍ഹര്‍ എത്രയെത്രയോ വാരിക്കൂട്ടുകയും ചെയ്തു. ഭരണകൂട രാഷ്ട്രീയത്തിന്റെ വടക്കിനി കോലായയില്‍ സുഖസമൃദ്ധമായി ചമ്രംപടിഞ്ഞിരുന്ന് മൃഷ്ടാന്നമുണ്ടവരൊന്നും ഒരു കവിള്‍ കഞ്ഞി കിട്ടാത്തവരെ ഓര്‍ത്തില്ല. പ്രചരണത്തിന്റെ വ്യാപ്തിയും വൈപുല്യവുമറിയുന്ന സര്‍ക്കാര്‍, തങ്ങള്‍ നടത്തിവരുന്നവയെക്കുറിച്ച് നാടാകെ കൊട്ടിഘോഷിക്കുകയും ചെയ്തു. 

       എന്നാല്‍ സമാജ സേവ ലാക്കാക്കി പ്രവര്‍ത്തിക്കുന്ന സേവാഭാരതി പോലുള്ള ചുരുക്കം ചില സംഘടനകളുടെ അക്ഷീണ പരിശ്രമഫലമായി പാവങ്ങള്‍ക്കും മറ്റും അര്‍ഹിക്കുന്ന സഹായം ലഭ്യമായി. ഇതിന് വ്യാപക അംഗീകാരവും സ്വീകാര്യതയും കിട്ടിയതോടെ നടപടിക്രമങ്ങളുടെ വാള്‍ വീശി സര്‍ക്കാര്‍ സര്‍വത്ര ഉടക്കിട്ടു.

     ജനങ്ങളോട് ആഭിമുഖ്യമില്ലാതിരിക്കുകയും രാഷ്ട്രീയ താല്‍പര്യത്തില്‍ അഭിരമിക്കുകയും ചെയ്യുന്ന സമീപനത്തെ ജനകീയം എന്നോ ജനാധിപത്യം എന്നോ വിളിക്കാനാവില്ല. നാടുമുഴുവന്‍ സഹായത്തിന് കേഴുമ്പോള്‍ കാരുണ്യവുമായി എത്തുന്നവരോട്-കടക്ക് പുറത്ത്-എന്നു പറയുന്നുവെങ്കില്‍ നേരത്തെ ദൈവം പറഞ്ഞതുവെച്ച് ഇത്തരക്കാര്‍ ആരുടെ പ്രതിനിധിയായിരിക്കും. ദുരിതാശ്വാസ കേന്ദ്രത്തില്‍ സര്‍ക്കാരിന്റെ വഴിയില്‍ കൂടിയേ എന്തും പോകാവൂ എന്നത്രേ കല്‍പന. എന്നുവെച്ചാല്‍ എന്തും സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരിക്കണം. വാസ്തവത്തില്‍ ഒന്നും നേരാംവണ്ണം നടക്കാതായപ്പോള്‍, സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനം ഹൃദയാഹ്‌ളാദത്തോടെ ജനങ്ങള്‍ സ്വീകരിച്ചപ്പോള്‍ ഭരണാധികാരിക്ക് വീണ്ടും പറയേണ്ടിവന്നിരിക്കുന്നു' കടക്ക് പുറത്ത്'. ഇവിടെ ആര് എവിടെ നിന്നാണ് പുറത്ത് കടക്കേണ്ടത്? ക്ഷുദ്ര താല്‍പര്യങ്ങളുടെ രാഷ്ട്രീയ പുറംതോട് പൊട്ടിച്ച് പുറത്തുകടക്കേണ്ടവര്‍ അകത്തും നന്മയുടെ നേര്‍വഴി കാണിക്കുന്നവര്‍ പുറത്തും എന്ന അവസ്ഥയല്ലേ ഇപ്പോള്‍?

      അത്തരം നന്മമരങ്ങള്‍ പുറത്ത് തണല്‍നല്‍കി കൊടുംവേനലില്‍ നില്‍ക്കുന്നതു കൊണ്ടാണ് ധാര്‍ഷ്ട്യത്തോടെ ഒരു ഭരണാധികാരിക്ക് 'കടക്ക് പുറത്ത്' എന്ന് പറയാനാവുന്നത്. വെട്ടാന്‍ വരുന്നവനും തണല്‍ കൊടുക്കാന്‍ മാത്രമറിയുന്ന അത്തരം തണല്‍മരങ്ങളെക്കുറിച്ച് ദുരന്ത സമയങ്ങളില്‍ മാത്രമേ അല്‍പമെങ്കിലും നാമറിയുന്നുള്ളൂ. ഈ പ്രളയകാലത്തും ഉണ്ട് അത്തരം നന്മമരങ്ങളുടെ തണല്‍. കോഴിക്കോട്ട് മലവെള്ളം അലറിക്കുതിച്ചെത്തിയപ്പോള്‍ ഒട്ടേറെ പേര്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അഭയം തേടി. അവിടെ നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ലിനു എന്ന ചെറുപ്പക്കാരന്‍. സേവാഭാരതിയുടെ സജീവ പ്രവര്‍ത്തകനായ അദ്ദേഹം ഒറ്റപ്പെട്ടവരെ തേടിയിറങ്ങി. രണ്ട് തോണികളുമായി തിരച്ചില്‍ നടത്തുമ്പോള്‍ എങ്ങനെയോ വെള്ളക്കെട്ടില്‍ വീണു. ഇരുതോണിക്കാരും മറ്റേതോണിയില്‍ ഉണ്ടാവും എന്നുകരുതി. ഒടുവില്‍ ലിനു ഇല്ലെന്ന് ബോധ്യമായപ്പോഴേക്കും എല്ലാം കഴിഞ്ഞു. ഒരു വെള്ളക്കെട്ടിന്റെ അരികില്‍ ലിനു നിത്യനിദ്രപൂകി. രക്ഷിതാക്കളെ ആശ്വാസ കേന്ദ്രത്തിലാക്കി മറ്റുള്ളവര്‍ക്ക് കൈത്താങ്ങാകാന്‍ പോയ ചെറുപ്പക്കാരന്‍ ദൈവത്തിന്റെ പ്രതിനിധിയായി.

   രണ്ടുവര്‍ഷം മുമ്പ് കോഴിക്കോട് നഗരഹൃദയത്തിലെ മാന്‍ഹോളില്‍ ബോധംകെട്ടുവീണ തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ജീവന്‍ മറന്ന് അതിലിറങ്ങിയ നൗഷാദും ദൈവത്തിന്റെ പ്രതിനിധി തന്നെ. ലിനുവും നൗഷാദും നമുക്കു മുമ്പിലില്ലെങ്കിലും നന്മമരങ്ങള്‍ ഇനിയുമുണ്ട്. അതിലൊരാളാണ് എറണാകുളം ബ്രോഡ് വെയില്‍ വഴിയോരക്കച്ചവടം നടത്തുന്ന നൗഷാദ്. പെരുന്നാള്‍ വിപണി ലക്ഷ്യമിട്ട് സംഭരിച്ച വസ്ത്രശേഖരത്തിലെ ബഹുഭൂരിഭാഗവും ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് ഹൃദയപൂര്‍വം നല്‍കുകയായിരുന്നു നൗഷാദ്. കേംബ്രിഡ്ജ് സര്‍വകലാശാലയിലോ ഏതെങ്കിലും ലോകോത്തര കോളജിലോ നൗഷാദ് പഠിച്ചിട്ടില്ല. എങ്കിലും, തന്നെ സമീപിച്ച സംഘത്തോട് അദ്ദേഹം പറഞ്ഞത് നോക്കൂ: 'നമ്മള്‍ ഒന്നും കൊണ്ടുവന്നിട്ടില്ല. പോകുമ്പോള്‍ ഇതൊന്നും കൊണ്ടുപോകാനും പറ്റില്ല. നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. എന്റെ പെരുന്നാള്‍ ഇങ്ങനെയാ'. ഇത് ദൈവവാണിയല്ലെങ്കില്‍ മറ്റെന്താണ്?

  തന്റെ കടയിലെ സാധനങ്ങള്‍ ദുരന്തബാധിതര്‍ക്കായി കുടഞ്ഞിട്ടുകൊടുത്തു, മറ്റൊരു നന്മമരം. ചാലക്കുടിയിലെ ഫാഷന്‍ ഫാബ്രിക്‌സ് ഉടമ ആന്റോയാണ് ദുരിതബാധിതരെ സഹായിക്കാനെത്തിയ സംഘത്തിന് തന്റെ കടയിലെ പകുതിയിലേറെ സാധനങ്ങള്‍ നല്‍കിയത്.

     ദൈവം വരച്ച തലവരയുടെ ദൈവഭാഗത്ത് നിന്ന് ജനമനസ്സുകള്‍ക്ക് താങ്ങും തണലും നല്‍കുന്ന ഇവരല്ലേ വാസ്തവത്തില്‍ ദൈവം? ഇവരല്ലേ പ്രകാശഗോപുരങ്ങള്‍? ഇവര്‍ക്കുവേണ്ടിയല്ലേ നമ്മുടെ ഹൃദയങ്ങള്‍ തുടിക്കേണ്ടത്? മനുഷ്യാംശവും ദൈവാംശവും ഒരാളില്‍ ഉള്ളപ്പോള്‍ ഏതിനാണ് മുന്‍ഗണന കൊടുക്കേണ്ടത് എന്ന് ഓരോരുത്തരുമാണ് നിശ്ചയിക്കേണ്ടത്. ലിനുവും നൗഷാദുമാരും ആന്റോയും ദൈവാംശം കൊണ്ട് ഹൃദയം പൊലിപ്പിച്ചപ്പോള്‍ മറ്റു ചിലര്‍' കടക്ക് പുറത്ത്' എന്നുപറഞ്ഞ് ചെകുത്താന് കൈ കൊടുക്കുന്നു. അതിന് നമുക്ക് എന്തു ചെയ്യാനാവും.?

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.