ഗോകുലം കലക്കി

Thursday 8 August 2019 11:57 pm IST

ഡ്യൂറന്റ് കപ്പില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ഗോകുലം കേരള എഫ്‌സിയുടെ ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫ് ഗോള്‍ നേടുന്നു

കൊല്‍ക്കത്ത: ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫിന്റെ ഹാട്രിക്കിന്റെ മികവില്‍ ചെന്നൈയിന്‍ എഫ്‌സിയെ തകര്‍ത്ത് ഗോകുലം കേരള എഫ്‌സി ഡ്യൂറന്റ് കപ്പില്‍ അരങ്ങേറി. ഹൗറ സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് ഗോകുലം വിജയിച്ചത്.

 

ട്രിനിഡാഡ് ആന്‍ഡ് ടോബാഗോയുടെ മുന്‍ നിരതാരമായ മാര്‍ക്കസ് ആദ്യ പകുതിയില്‍ മനോഹരമായ ഗോളിലൂടെ ഗോകുലത്തെ മുന്നിലെത്തിച്ചു. തുടര്‍ന്ന് 66-ാം മിനിറ്റിലും 75-ാം മിനിറ്റിലും ചെന്നൈയിന്റെ വല കുലുക്കി ഹാട്രിക്ക് തികച്ചു. ഉഗാണ്ടന്‍ സ്‌ട്രൈക്കര്‍ ഹെന്റി കിസെക്കയാണ്  ഗോകുലത്തിന്റെ മറ്റൊരു ഗോള്‍ കുറിച്ചത്. 68-ാം മിനിറ്റിലാണ് ഹെന്റി ലക്ഷ്യം കണ്ടത്.

തുടക്കത്തില്‍ ഇരു ടീമുകളും മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചത്. പക്ഷെ പന്നീട് ഇരു ടീമുകളും താളം കണ്ടെത്തി. തുടക്കത്തില്‍ ചെന്നൈയിനാണ് അവസരങ്ങള്‍ ലഭിച്ചത്. പക്ഷെ ഗോളടിക്കാനായില്ല.

39-ാം മിനിറ്റില്‍ ഗോകുലം ആദ്യ ഗോള്‍ നേടി. വിങ്ങര്‍ മലേമിന്റെ പാസ് സ്വീകരിച്ച മാര്‍ക്കസ് പന്ത് ഗോള്‍വലയിലേക്ക് തിരിച്ചുവിട്ടു. രണ്ടാം പകുതിയിലും മാര്‍ക്കസ് തകര്‍ത്തുകളിച്ചു. 66-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മാര്‍ക്കസ് ടീമിന്റെ ലീഡ് 2-0 ആക്കി. മൂന്നാം ഗോള്‍ ഹെന്‍ റിയുടെ ബൂട്ടില്‍ നിന്നാണ് പിറന്നത്. കളിയവസാനിക്കാന്‍ പതിനഞ്ച് മിനിറ്റ് ശേഷിക്കെ പ്രതിരോധനിരക്കാരനെയും ഗോള്‍ കീപ്പറെയും മറികടന്ന് മാര്‍ക്കസ് ടീമിന്റെ നാലാം ഗോള്‍ നേടി വിജയമുറപ്പിച്ചു.

അഞ്ചു കേരളാ താരങ്ങളെ ഗോകുലം കളിത്തിലിറക്കി. ബ്രസീലിയന്‍ മധ്യനിരക്കാരന്‍ ബ്രൂണോ പെല്ലിസാരിയെ ബെഞ്ചിലിരുത്തി. ഡ്യൂറന്റ് കപ്പിന്റെ നിയമം അനുസരിച്ച് മൂന്ന വിദേശ താരങ്ങളെ മാത്രമെ കളത്തിലിറക്കാവൂ.ഗോകുലം അടുത്ത മത്സരത്തില്‍ 12 ന് എയര്‍ഫോഴ്‌സിനെ നേരിടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.