ഗവര്‍ണറെ തിരിച്ചു വിളിക്കാന്‍ പ്രമേയം പാസാക്കുമെന്ന് ചെന്നിത്തല; സ്വാഗതം ചെയ്ത് ആരിഫ് മുഹമ്മദ് ഖാന്‍

Saturday 25 January 2020 1:00 pm IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഗവര്‍ണര്‍- സര്‍ക്കാര്‍ തര്‍ക്കം പുതിയതലത്തിലേക്ക്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും കാര്യമായ വിമര്‍ശനം ഉന്നയിക്കാത്ത പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ക്കെതിരേ പ്രമേയം പാസാക്കുമെന്ന് പ്രഖ്യാപനവുമായി പ്രതിപക്ഷം. നിയമസഭയുടെ അന്തസിനെ ചോദ്യം ചെയ്യുന്നെന്നും അതിനാല്‍ ഗവര്‍ണറെ തിരിച്ച് വിളിക്കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ ശ്രീരാമകൃഷ്ണന് നോട്ടീസ് നല്‍കിയത്. പ്രതിപക്ഷ നേതാവിന്റെ പ്രമേയത്തെ സ്വാഗതം ചെയ്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തുകയും ചെയ്തു. തന്നെ നിയമിച്ചത് രാഷ്ട്രപതിയാണ്. തനിക്കെതിരേ പരാതിയുണ്ടെങ്കില്‍ സമീപിക്കേണ്ടത് രാഷ്ട്രപതിയെ തന്നെയാണ്. ഭരണഘടനപരമായ കാര്യങ്ങള്‍ മാത്രമാണ് താന്‍ ചെയ്യുന്നത്. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. സര്‍ക്കാരുമായി ഒരു ഏറ്റുമുട്ടലുമില്ല. ഭരണഘടനപരമായി സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ ഗവര്‍ണറാണ്. അതിനാല്‍, തന്റെ സര്‍ക്കാരിനെ ഉപദേശിക്കാനും തിരുത്താനും ശാസിക്കാനും തനിക്ക് അധികാരമുണ്ട്. നയപ്രഖ്യാപന പ്രസംഗത്തില്‍ തിരുത്തല്‍ വേണമെന്ന് താങ്കള്‍ ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന്, നിയമപരമായി നിലനില്‍ക്കാത്തെ കാര്യത്തില്‍ തന്റെ നിര്‍ദേശം മുന്നോട്ടു വച്ചിട്ടുണ്ടെന്ന് ഗവര്‍ണറുടെ മറുപടി. സര്‍ക്കാരിനു നേര്‍വഴി കാട്ടുക എന്നത് തന്റെ ചുമതലയാണെന്നും ഗവര്‍ണര്‍. 

അതേസമയം, സംസ്ഥാന നിയമസഭ ഇതിന് മുമ്പും പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത പ്രശ്‌നമാണ് പൗരത്വ നിയമത്തിനെതിരായ പ്രമേയത്തില്‍ ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്ന് ചെന്നത്തല ആരോപിച്ചു.  നിയമസഭ പ്രമേയം പാസാക്കിയ നടപടി ചട്ടവിരുദ്ധവും തെറ്റുമാണെന്ന ഗവര്‍ണറുടെ നിലപാട് അനുചിതമാണ്. സ്പീക്കറുടെ അനുമതിയോടെയാണ് നിയമസഭ പ്രമേയം പരിഗണനയ്ക്ക് എടുത്തതും ഐക്യകണ്‌ഠേന പാസാക്കിയും. അത് കേരളത്തിലെ ജനങ്ങളുടെ വികാരമാണ്. കേരള നിയമസഭയുടെ ഭാഗമായ ഗവര്‍ണര്‍ പ്രമേയത്തെ തള്ളിയും നിയമസഭാ നടപടിയെ അവഹേളിച്ചതും തെറ്റാണ്. അതൃപ്തിയുണ്ടെങ്കില്‍ അത് ഗവര്‍ണര്‍ സ്പീക്കറെ രേഖാമൂലം അറിയിക്കണമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഭയമാണെന്നാണ് തോന്നുന്നതെന്നും ചെന്നിത്തല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.