മനുഷ്യാവകാശ കമ്മീഷന്‍ അവകാശങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ കൂച്ചുവിലങ്ങ്

Monday 4 June 2018 11:24 am IST

കൊച്ചി: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന ആന്റണി ഡൊമിനികിനെ നിയമിച്ചതിനു തൊട്ടു പിന്നാലെ പ്രവര്‍ത്തനത്തിന് കൂച്ചു വിലങ്ങിട്ട് സര്‍ക്കാര്‍. ജസ്റ്റീസ് ആന്റണി ഡൊമിനിക് വിരമിച്ചതിനു പിറ്റേന്ന് അദ്ദേഹത്തെ നിയമിച്ചിരുന്നു. 

മനുഷ്യാവകാശ സംരക്ഷണം സര്‍ക്കാരിന്റെ ചുമതലയാണ്, ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ ചൂണ്ടിക്കാണിച്ചാല്‍ മതി, സ്വമേയാ കേസെടുക്കേണ്ട, അന്വേഷിക്കേണ്ട, മാധ്യമങ്ങളോട് മിണ്ടരുത്... എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ പറയാതെ പറയുന്ന താക്കീത്. 

ഇന്ന് നിയമഭസയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിയില്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടുകഴിഞ്ഞു. ആക്ടിങ് ചെയര്‍മാന്‍ കെ. മോഹന്‍കുമാര്‍ ഏറെ സക്രിയനായതിനോട് സംസ്ഥാന സര്‍ക്കാരിന് എതിര്‍പ്പായിരുന്നു. മുഖ്യമന്ത്രിയും കമ്മീഷനും അധികാരത്തെ ചൊല്ലി വാദപ്രതിവാദങ്ങള്‍ ഉണ്ടായിരുന്നു.

മനുഷ്യവകാശ കമ്മീഷന്‍ അധികാരപരിധിയില്‍ വരാത്ത കാര്യങ്ങളില്‍ ഇടപെടാന്‍ പാടില്ല, മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അഭിപ്രായം പറയരുത്, കേസുകള്‍ ശ്രദ്ധയില്‍ പെട്ടാന്‍ സര്‍ക്കാരിനോട് അനേ്വഷിക്കണമെന്ന് ആവശ്യപ്പെടുകയേ ചെയ്യാവൂ തുടങ്ങിയ കടുത്ത സ്വയം പ്രവര്‍ത്തന വിലക്കുകളാണ് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

എല്‍ദോസ് കുന്നപ്പിള്ളില്‍, തിരുവഞ്ചൂര്‍ രാധാകഷ്ണന്‍, അനൂപ് ജേക്കബ്, വി.പി. സജീന്ദ്രന്‍എന്നിവരുടെ ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ മറുപടി.

 

മനുഷ്യാവകാശം സംരക്ഷിക്കുന്നത് സര്‍ക്കാരിന്റെ പ്രധാന ചുമതലയാണ്. അതിനുണ്ടാകുന്ന കുറവുകള്‍ ചൂണ്ടിക്കാണിക്കാനേ കമ്മീഷന് അധികാരമുള്ളു. അതിന് അര്‍ഹമായ പരിഗണന നല്‍കും. 

കമ്മീഷന്‍ ദൃശ്യമാധ്യമങ്ങളോട് മിണ്ടരുതെന്ന താക്കീതും മറുപടിയില്‍ ഒളിഞ്ഞിരിക്കുന്നു. ''മനുഷ്യാവകാശ കമ്മീഷന്‍ അതിന്റെ അധികാരസ്ഥാനത്തിനും പുറത്ത്, യഥാവിധിയായ അന്വേഷണം നടത്താതെ, ദൃശ്യമാധ്യമങ്ങളില്‍ നേരിട്ട് അഭിപ്രായ പ്രകടനം നടത്തുന്നത് അനുചിതമാണെന്നതിനാലാണ്'' മുമ്പ് വിമര്‍ശനങ്ങള്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി മറുപടിയില്‍ വിശദീകരിക്കുന്നു. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.