ജലീലിന് ഗവര്‍ണറുടെ താക്കീത്

Thursday 5 December 2019 5:52 am IST

ആലപ്പുഴ:  കൂടുതല്‍ മാര്‍ക്ക് നല്‍കി തോറ്റവരെപ്പോലും വിജയിപ്പിക്കുകയും സര്‍വകലാശാലകളുടെ സല്‍പ്പേര് തകര്‍ക്കുകയും ചെയ്ത  ഉന്നത വിദ്യാഭ്യാസമന്ത്രി  കെ. ടി. ജലീലിന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ താക്കീത്. 

മാര്‍ക്ക് ദാന വിവാദങ്ങള്‍ വഴി കേരളത്തിലെ സര്‍വകലാശാലകളുടെ സല്‍പ്പേര് നശിപ്പിക്കരുതെന്ന്  ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ ജലീലിനോട് നിര്‍ദേശിച്ചു.  വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന് വലിയ പാരമ്പര്യമുണ്ട്. ഇത് കാലങ്ങളായി ഉണ്ടാക്കിയെടുത്തതാണ്. സ്ഥാപനങ്ങളുടെ വിശ്വാസ്യതയില്‍ വെള്ളം ചേര്‍ക്കാന്‍ ആരേയും അനുവദിക്കില്ല. വിദ്യാഭ്യാസമേഖലയിലെ വീഴ്ചകള്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരള, എംജി, കാലിക്കറ്റ്, മെഡിക്കല്‍, സാങ്കേതിക  യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ മാര്‍ക്ക് ദാനങ്ങള്‍ വലിയ  വിവാദങ്ങളായിരുന്നു. 

സാങ്കേതിക സര്‍വകലാശാലയിലെ വിവാദ അദാലത്തില്‍ മന്ത്രി ജലീല്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്ന ഗവര്‍ണറുടെ സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ട് സംബന്ധിച്ച ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി കെ.ടി.ജലീല്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്നുള്ള റിപ്പോര്‍ട്ട് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. 

 അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളാണ് സര്‍വകലാശാല കൈകൊണ്ടത്. കൂടുതല്‍ നടപടികളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. മാര്‍ക്ക് ദാന വിവാദത്തില്‍ എംജി സര്‍വകലാശാല തെറ്റ് ബോധ്യപ്പെട്ട് തിരുത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസമേഖലയിലെ വിഷയം ചര്‍ച്ച ചെയ്യാനായി വൈസ് ചാന്‍സലര്‍മാരുടെ യോഗം 16ന് വിളിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. 

ബി ടെക്ക് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസ് മൂന്നാമതും മൂല്യനിര്‍ണയം നടത്താനുള്ള തീരുമാനം വിസി അംഗീകരിക്കാന്‍ പാടില്ലായിരുന്നുവെന്ന് ഗവര്‍ണറുടെ സെക്രട്ടറി തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. സാങ്കേതിക സര്‍വകലാശാലയിലെ മാര്‍ക്കുദാന വിവാദത്തില്‍ തെളിവെടുക്കാന്‍ ഗവര്‍ണര്‍ തീരുമാനിച്ചതും ജലീലിനു തിരിച്ചടിയായി. സര്‍വകലാശാല അധികൃതര്‍, ജയിച്ച വിദ്യാര്‍ഥി, പരാതിക്കാര്‍ തുടങ്ങിയവരെ വിളിച്ചു വരുത്തിയാണ് തെളിവെടുക്കുക.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.