സര്‍വകലാശാലകളുടെ വിശ്വാസ്യത നഷ്ടപ്പെടാന്‍ അനുവദിക്കില്ല; മാര്‍ക്ക്ദാന വിവാദത്തില്‍ ഗവര്‍ണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി; നിര്‍ണ്ണായക നീക്കവുമായി ആരിഫ് മുഹമ്മദ് ഖാന്‍

Thursday 17 October 2019 5:34 pm IST

തിരുവനന്തപുരം: എംജി സര്‍വ്വകലാശാല മാര്‍ക്ക്ദാന വിവാദത്തില്‍ ഗവര്‍ണര്‍ വൈസ്ചാന്‍സലറോട് അടിയന്തര റിപ്പോര്‍ട്ട് തേടി. സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മഹ് ഖാന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.  മന്ത്രി കെ.ടി. ജലീല്‍ ഉള്‍പ്പെട്ട മാര്‍ക്ക് ദാന വിവാദങ്ങള്‍ പുറത്തായതോടെ സംസ്ഥാനത്തെ മികച്ച സര്‍വകലാശാലയ്ക്കുള്ള ചാന്‍സലര്‍ അവാര്‍ഡ് സ്വന്തമാക്കിയ എംജി സര്‍വകലാശാല നാണംകെട്ട അവസ്ഥയില്‍ എത്തിയിരുന്നു. ഇതാണ് ഗവര്‍ണറെ അടിയന്തരമായി വിഷയത്തില്‍ ഇടപെടാന്‍ പ്രേരിപ്പിച്ചത്. സര്‍വകലാശാലകളുടെ വിശ്വാസ്യത നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്. ഇതനുസരിച്ചാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.  ബിടെക്, ബിഎസ്്‌സി നെഴ്‌സിങ് കോഴ്‌സുകള്‍ക്ക് പരീക്ഷയില്‍ തോറ്റവരെ കൂട്ടത്തോടെ ജയിപ്പിച്ചത് വിവാദമായതോടെ പ്രശ്‌നത്തില്‍ നിന്ന്  തലയൂരാനുള്ള ശ്രമത്തിലാണ് സര്‍വകലാശാലാ അധികൃതര്‍. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ സംഭവങ്ങളെ ന്യായീകരിച്ച് രംഗത്തെത്തിയിട്ടുമുണ്ട്.

എംജി സര്‍വകലാശാലയില്‍ നിന്ന് നല്ല രീതിയില്‍ ബിടെക് വിജയിച്ചവരും ആശങ്കയിലായി. മാര്‍ക്ക് ദാനത്തിലൂടെ കിട്ടിയ സര്‍ട്ടിഫിക്കറ്റാണെന്ന സംശയത്തില്‍ കമ്പനികളും സ്ഥാപനങ്ങളും അവസരം നിഷേധിച്ചേക്കുമെന്നാണ് ഇവരുടെ സംശയം. ബിഎസ്‌സി നഴ്‌സിങ് കഴിഞ്ഞവരെയും ഇതേ പ്രശ്‌നം അലട്ടുന്നുണ്ട്. മന്ത്രി ജലീലും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫും ഇടപെട്ട് നടത്തിയ മാര്‍ക്ക് ദാനത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഇടപെടണമെന്ന ആവശ്യം ശക്തമായിരുന്നു.  ഈ സാഹചര്യത്തില്‍ മാര്‍ക്ക് ദാന തീരുമാനം പുനഃപരിശോധിച്ചേക്കും.

ഇതിനിടെ  വിവിധ സെമസ്റ്ററുകളില്‍ ഒരു വിഷയത്തിന് മാത്രം തോറ്റവരുടെ അപേക്ഷകള്‍ സര്‍വകലാശാലയിലേക്ക് പ്രവഹിക്കുകയാണ്. ഇതിനോടകം 150തോളം പേര്‍ മാര്‍ക്ക് ദാനത്തിലൂടെ എഞ്ചീനിയര്‍മാരായും നഴ്‌സുമാരായും പുറത്തിറങ്ങി. നൂറോളം പേരുടെ അപേക്ഷകള്‍ ഇപ്പോള്‍ പരിശോധനയിലാണ്. അഞ്ച് മാര്‍ക്ക് വരെ മോഡറേഷന്‍ നല്‍കാനുള്ള തീരുമാനം സര്‍വകലാശാല അധികൃതര്‍ മരവിപ്പിക്കാത്ത സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്കിന് അവകാശം ഉന്നയിക്കാമെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. അതേസമയം മാര്‍ക്ക് ദാന വിവാദം പുറത്തായതോടെ ഇതര ഡിഗ്രി കോഴ്‌സുകളുടെ പരീക്ഷകളില്‍ തോറ്റവരും ജയിക്കാനുള്ള മാര്‍ക്ക് പ്രതീക്ഷിച്ച് സര്‍വകലാശാലയില്‍ എത്തുന്നുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.