പോലീസ് വകുപ്പിലെ അഴിമതിയും ആയുധ മോഷണവും: പോലീസ് മേധാവിയെ വിളിച്ചുവരുത്തി ഗവര്‍ണര്‍; സിഎജി റിപ്പോര്‍ട്ടിന്‍ മേല്‍ അടിയന്തരവിശദീകരണം തേടി

Friday 14 February 2020 1:10 pm IST

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടില്‍ പോലീസ് മേധാവിയുടെ പേര് ഉള്‍പ്പെടെ പരാമര്‍ശിച്ച് അഴിമതി ചൂണ്ടിക്കാട്ടിയതില്‍ ഇടപെട്ട് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പോലീസ് മേധാവിയെ രാജ്ഭവനിലേക്ക് വിളിച്ചു വരുത്തി വിഷയത്തില്‍ ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ഇന്നലെ വൈകിട്ട് പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്‌ക്കൊപ്പം ലോക്‌നാഥ് ബെഹ്‌റ രാജ്ഭവനില്‍ എത്തി വിശദീകരണം നല്‍കി. രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന തരത്തില്‍ പോലീസിലെ റൈഫിളുകളും വെടിയുണ്ടകളും കാണാതായ സംഭവത്തെ തുടര്‍ന്നാണ് ഗവര്‍ണറുടെ ഇടപെടല്‍. 

സംസ്ഥാനത്ത് വന്‍സുരക്ഷാ വീഴ്ച ചോദ്യം ചെയ്തുള്ളതായിരുന്നു കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. നിയമസഭയുടെ മേശപ്പുറത്ത് വച്ച റിപ്പോര്‍ട്ടിലാണ് രാജ്യസുരക്ഷയെ പോലും അപകടത്തിലാക്കുന്ന അതീവഗുരുതര കണ്ടെത്തലുകളുള്ളത്. 

കേരളാ പൊലീസിന്റെ ആയുധശേഖരത്തില്‍ നിന്ന് വന്‍തോതില്‍ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്ന് സിഎജി കണ്ടെത്തി. തൃശ്ശൂര്‍ പൊലീസ് അക്കാദമിയിലെയും തിരുവനന്തപുരം എസ്എപി ക്യാമ്പിലെയും ആയുധങ്ങളിലും വെടിക്കോപ്പുകളിലുമാണ് കുറവ് കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം എസ്എപി ക്യാംപില്‍ നിന്ന് മാത്രം 25 റൈഫിളുകള്‍ കാണാനില്ല. 12,061 വെടിയുണ്ടകളും കാണാനില്ല. കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകള്‍ വച്ചു. ഇതു എവിടെ നിന്നു വന്നു എന്ന ചോദ്യത്തിന് ഒരു ഉത്തരവും ലഭിച്ചില്ല.  സംഭവം മറച്ചു വയ്ക്കാന്‍ ഉദ്യോസ്ഥര്‍ ശ്രമിച്ചാതയിം രേഖകള്‍ തിരുത്തി കുറ്റക്കാരെ സംരക്ഷിക്കാനാണ് പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന പൊലീസിന്റെ ആയുധശേഖരത്തില്‍ വന്‍ കുറവ് കണ്ടെത്തിയിട്ടുണ്ടെന്നും എല്ലാ പൊലീസ് സ്‌റ്റേഷനുകളിലെയും ആയുധശേഖരം പരിശോധിക്കണമെന്നും സിഎജി ആവശ്യപ്പെടുന്നുണ്ട്. 

 ഇത് സംസ്ഥാനത്തിന്റെ സുരക്ഷയെത്തന്നെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ സത്വര നടപടി ആവശ്യമാണെന്ന് സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിശദമായ അന്വേഷണം നടത്തി കാറ്ററിഡ്ജുകളോ റൈഫിളുകളോ എവിടെപ്പോയെന്ന് കണ്ടെത്തണം. ഇത് നഷ്ടമായതാണോ, ആണെങ്കില്‍ എങ്ങനെയെന്ന് കണ്ടുപിടിക്കണം. പൊലീസിന്റെ ചീഫ് സ്‌റ്റോറുകളിലും എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും ആയുധശേഖരങ്ങള്‍ ഉള്ളയിടങ്ങളിലെല്ലാം അന്വേഷണം നടത്തണം. ഉപയോഗിക്കാവുന്ന ആയുധങ്ങള്‍ കാണാതായ സ്ഥിതി സുരക്ഷാ സംവിധാനത്തെത്തന്നെ ഗുരുതരമായി ബാധിക്കുന്നതാണെന്നും സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആയുധങ്ങള്‍ കൈമാറിയതും സ്വീകരിച്ചതും കൊണ്ടുപോയതും കൊണ്ടുവന്നതുമായി ബന്ധപ്പെട്ട രേഖകളിലും  രജിസ്റ്ററുകളിലും പല തവണ വെട്ടിത്തിരുത്തല്‍ വരുത്തിയിട്ടുണ്ട്. ചിലതെല്ലാം നാലും അഞ്ചും തവണ വെട്ടിത്തിരുത്തി എഴുതിയിട്ടുണ്ട്. അതില്‍ പലതും വായിക്കാന്‍ പോലും കഴിയുന്ന തരത്തിലല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പോലീസ് ക്വാര്‍ട്ടേഴ്‌സ് നിര്‍മാണത്തിനുള്ള തുക സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തില്‍ വകമാറ്റിയെന്നും സിഎജി കണ്ടെത്തിയിരുന്നു. പോലീസ് ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കുന്നതിനായി സംസ്ഥാനം 2.81 കോടി അനുവദിച്ചിരുന്നു. എന്നാല്‍ ഈ തുക ഡിജിപിക്കും, എഡിജിപിമാര്‍ക്കും വില്ലകള്‍ നിര്‍മിക്കുന്നതിനായി വകമാറ്റി ചെലവഴിക്കുകയായിരുന്നു. കൂടാതെ സ്‌റ്റേഷനുകളിലെ അടിസ്ഥാന സൗകര്യക്കുറവുകള്‍ പരിഹരിക്കുന്നതിനായി നല്‍കിയ തുകയും വകമാറ്റിയതായും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പോലീസ് സ്‌റ്റേഷന്റെ അടിസ്ഥാന സൗകര്യക്കുറവ് പരിഹരിക്കുന്നതിനുള്ള തുക ആഢംബര വാഹനങ്ങള്‍ വാങ്ങിക്കാനായി ഉപയോഗിച്ചെന്നും ആരോപണമുണ്ട്. ടെന്‍ഡന്‍ നടപടിക്രമങ്ങളൊന്നും നോക്കാതെയാണ് ഈ വാഹനങ്ങളത്രയും വാങ്ങിക്കൂട്ടിയത്. കൂടാതെ മാര്‍ഗ്ഗരേഖകളൊന്നും പാലിക്കാതെയാണ് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ പോലീസിനായി വാങ്ങിച്ചിട്ടുള്ളത്. വാഹന വിതരണക്കാര്‍ക്ക് മുന്‍കൂറായി 33 ലക്ഷം നല്‍കിയാണ് ആഡംബര കാറുകള്‍ വാങ്ങിച്ചിട്ടുള്ളത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.