സര്‍ക്കാര്‍ ആംബുലന്‍സുകള്‍ നിഷേധിക്കപ്പെട്ടു; താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം പിക്കപ്പില്‍ വീട്ടിലെത്തിച്ചു; കേരളത്തിന് നാണക്കേട്

Thursday 21 November 2019 10:41 am IST
ആശുപത്രിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെ പള്ളിക്കുന്ന് പുതുവലില്‍ മൃതദേഹം എത്തിക്കാന്‍ ആംബുലന്‍സ് ആവശ്യപ്പെട്ടപ്പോള്‍ ആശുപത്രി വക ആംബുലന്‍സ് അപകടത്തില്‍ പരുക്കേറ്റയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ പോയി എന്ന മറുപടിയാണു നാട്ടുകാര്‍ക്കു ലഭിച്ചത്.

പീരുമേട്: സംസ്ഥാന സര്‍ക്കാരിന്റെ ആംബുലന്‍സുകള്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം വീട്ടില്‍ എത്തിച്ചത് പിക്കപ് ജീപ്പില്‍. ഏലപ്പാറ സ്വദേശി രാജു(70)വിന്റെ മൃതദേഹമാണ് പിക്കപ് ജീപ്പില്‍ അകന്ന ബന്ധുവിന്റെ വീട്ടില്‍ എത്തിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംസ്ഥാനത്തെ നാണക്കേടിലാഴ്ത്തിയ സംഭവം അരങ്ങേറിയത്. 

ആശുപത്രിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെ പള്ളിക്കുന്ന് പുതുവലില്‍ മൃതദേഹം എത്തിക്കാന്‍ ആംബുലന്‍സ് ആവശ്യപ്പെട്ടപ്പോള്‍ ആശുപത്രി വക ആംബുലന്‍സ് അപകടത്തില്‍ പരുക്കേറ്റയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ പോയി എന്ന മറുപടിയാണു നാട്ടുകാര്‍ക്കു ലഭിച്ചത്. 300 മീറ്റര്‍ അകലെയുള്ള പീരുമേട് അഗ്‌നിശമനസേനാ വിഭാഗത്തിന്റെ ആംബുലന്‍സിന്റെ സേവനം ആവശ്യപ്പെട്ടെങ്കിലും മൃതദേഹം കൊണ്ടുപോകാന്‍ നല്‍കുന്നതിനു നിയമം അനുവദിക്കുന്നില്ല എന്നായിരുന്നു  ഉദ്യോഗസ്ഥരുടെ മറുപടി. സമീപ പ്രദേശങ്ങളില്‍ അന്വേഷണം നടത്തിയിട്ടും ആംബുലന്‍സ് കിട്ടിയില്ല. 

തുടര്‍ന്ന് നാട്ടുകാര്‍ പിക്കപ് ജീപ്പ് വരുത്തി പള്ളിക്കുന്ന് പുതുവേലിലുള്ള അകന്ന ബന്ധുവിന്റെ വീട്ടില്‍ മൃതദേഹം എത്തിക്കുകയായിരുന്നു.  ഒറ്റയ്ക്ക് കഴിയുകയായിരുന്ന രാജുവിനെ അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് 10 ദിവസം മുന്‍പ് നാട്ടുകാരാണ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അടുത്ത ബന്ധുക്കള്‍ ഇല്ലാത്ത രാജുവിന്റെ മൃതദേഹം നാട്ടുകാര്‍ ഏറ്റെടുത്ത ശേഷം കുട്ടിക്കാനത്ത് ശ്മശാനത്തില്‍ സംസ്‌കരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.