ആനുകൂല്യങ്ങളും ഇളവുകളും വാങ്ങാത്ത ആഭ്യന്തര കമ്പനികള്‍ക്ക് ഇനി 22 ശതമാനം ആദായനികുതി മതി; കോര്‍പ്പറേറ്റ് മേഖലയില്‍ വന്‍ നികുതി ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍

Friday 20 September 2019 12:09 pm IST

ഗോവ: സാമ്പത്തിക മേഖലയുടെ വളര്‍ച്ചയ്ക്കായി നികുതിയില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനു മുന്നോടിയായി കോര്‍പ്പറേറ്റ് നികുതിയിലാണ് കേന്ദ്രം ഇളവ് വരുത്തിയിരിക്കുന്നത്. കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

ഇതുപ്രകാരം മറ്റ് ആനുകൂല്യങ്ങളും ഇളവുകളും വാങ്ങാത്ത ആഭ്യന്തര കമ്പനികള്‍ക്ക് ഇനി 22 ശതമാനം ആദായനികുതി മാത്രം നല്‍കിയാല്‍ മതി. ഒക്ടോബര്‍ ഒന്നു മുതല്‍ സ്ഥാപിക്കുന്ന കമ്പനികള്‍ക്ക് 15 ശതമാനം നികുതി മാത്രമേ ഉണ്ടാകുകയുള്ളൂ. എന്നാല്‍ ഇത്തരം കമ്പനികള്‍  2023 ഒക്ടോബറിനു മുമ്പ് ഉത്പാദനം തുടങ്ങിയിരിക്കണമെന്ന നിബന്ധനയുമുണ്ട് 

അടുത്തമാസം മുതല്‍ ഈ കമ്പനികള്‍ മറ്റാനുകൂല്യങ്ങള്‍ പറ്റാത്ത ആഭ്യന്തര കമ്പനികള്‍ ആള്‍ട്ടര്‍നേറ്റ് ടാക്‌സ്, മാറ്റ് എന്നിവയും നല്‍കേണ്ടതില്ല. പൊതു യൂണിവേഴ്‌സിറ്റികളിലും ഐഐടികളിലും, പൊതു ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലും സിഎസ്ആര്‍ ഫണ്ട് ചിലവഴിക്കാം. ഒരു ലക്ഷത്തി നാല്‍പ്പത്തിയ്യായിരം കോടി രൂപയും ആകെ ആനുകൂല്യമാണ് കോര്‍പ്പറേറ്റ് നികുതിയില്‍ പ്രഖ്യാപിക്കപ്പെട്ടത്. 

ഗോവയില്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ധനമന്ത്രി നിര്‍ണായക പ്രഖ്യാപനം നടത്തിയത്. 

ഇതോടെ വൈകീട്ട് നടക്കുന്ന കൗണ്‍സില്‍ യോഗത്തേയും പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്. യോഗത്തിനുശേഷം നികുതി സംബന്ധിച്ച് നിര്‍ണ്ണായക പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.  അതേസമയം കോര്‍പ്പറേറ്റ് നികുതി കുറച്ച ധനമന്ത്രിയുടെ പ്രഖ്യാപനത്തെ ഓഹരി വിപണിയും സ്വാഗതം ചെയ്തിട്ടുണ്ട്. ഓഹരി വിപണിയില്‍ മികച്ച മുന്നേറ്റം രേഖപ്പെടുത്തി. സെന്‍സെക്സ് 1500 പോയിന്റും നിഫ്റ്റി 345 പോയിന്റും ഉയര്‍ന്നു. നികുതി കുറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കം ധീരമാണെന്നാണ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ശക്തികാന്ത ദാസ് പ്രതികരിച്ചത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.