ഫീസ് ഈടാക്കാതെ മാളുകളും മള്‍ട്ടിപ്ലക്‌സുകളും ഉപഭോക്താക്കള്‍ക്ക് പാര്‍ക്കിംഗ് സൗകര്യമൊരുക്കണം: ഗുജറാത്ത് ഹൈക്കോടതി

Thursday 11 July 2019 9:02 pm IST
കെട്ടിട ഉടമകള്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യം നിര്‍ബന്ധമായും നല്‍കിയിരിക്കണമെന്ന് നിയമം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഒരു ഫീസുപോലും ഈടാക്കാതെ പാര്‍ക്കിംഗ് സൗകര്യം നല്‍കണമെന്നാണ് നിയമം വ്യാഖ്യാനിച്ച കോടതി വ്യക്തമാക്കിയത്.

അഹമ്മദാബാദ്: മാളുകളും മള്‍ട്ടിപ്ലക്‌സുകളും ഷോപ്പിംഗ് കോംപ്ലക്‌സുകളും ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കാതെ പാര്‍ക്കിംഗ് സൗകര്യം ഒരുക്കി നല്‍കണമെന്ന് ഗുജറാത്ത് ഹൈക്കോടതി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആനന്ദ് ദാവ്, ജസ്റ്റിസ് ബയേണ്‍ വൈഷണവ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

ഗുജറാത്ത് കെട്ടിട, നഗരാസൂത്രണ നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കെട്ടിട ഉടമകള്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യം നിര്‍ബന്ധമായും നല്‍കിയിരിക്കണമെന്ന് നിയമം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഒരു ഫീസുപോലും ഈടാക്കാതെ പാര്‍ക്കിംഗ് സൗകര്യം നല്‍കണമെന്നാണ് നിയമം വ്യാഖ്യാനിച്ച കോടതി വ്യക്തമാക്കിയത്.

പാര്‍ക്കിംഗ് ഫീസ് നിയന്ത്രിക്കുന്നതിന് പോളിസി ഉണ്ടാക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ രുചിമാള്‍ പ്രൈവറ്റ് ലിമിറ്റഡ് ഉള്‍പ്പെടെയുള്ള മാളുകളുടെ ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ബഞ്ച്.

പാര്‍ക്കിംഗ് ഫീസ് ഈടാക്കേണ്ടത് ഇന്ത്യന്‍ ഭരണഘടന പ്രകാരമുള്ള മാളുകളുടെ അടിസ്ഥാന അവകാശമാണെന്ന  വാദം ഡിവിഷന്‍ ബെഞ്ച് തള്ളി. എന്നാല്‍ അവരുടെ നിയമാനുസൃതമായ ചുമതലയാണിതെന്ന് ബെഞ്ച് വ്യക്തമാക്കി.

പാര്‍ക്കിംഗ് ഫീസ് സംബന്ധിച്ച് മാള്‍ ഉടമകള്‍ക്കെതിരെ ഉത്തരവ് നടപ്പാക്കാന്‍ അധികാരികള്‍ക്ക് അധികാരമുണ്ടെന്ന നിരീക്ഷണത്തോടെയാണ് അപ്പീലുകള്‍ തീര്‍പ്പാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.