ഹരിയുടെ രാഗസഞ്ചാരങ്ങള്‍

Sunday 25 August 2019 12:06 pm IST

തമിഴ് ഭക്തകവി പാടിപ്പുകഴ്ത്തിയ തിരുമൂഴിക്കുളം ലക്ഷ്മണപ്പെരുമാളിന്റെ വരപ്രസാദമാകുന്നു മൂഴിക്കുളം ഹരികൃഷ്ണന്റെ സംഗീത വഴികള്‍. ഭക്തിയാണ് ഹരിയുടെ ഭാവം. വിനയമാണ് മുദ്ര. രാഗതാളങ്ങളാകുന്നു പ്രദക്ഷിണങ്ങള്‍. ഹരിയുടെ രാഗസഞ്ചാരങ്ങള്‍ക്ക് ഒഴുകാന്‍ തടങ്ങള്‍ പലതാണ്. കര്‍ണാടക സംഗീതത്തിന്റെ സാമ്പ്രദായിക ശുദ്ധിയുടെ പ്രയാണമാണ് അവയില്‍ പ്രഥമവും പ്രധാനവും.

മറ്റൊന്ന് കഥകളി സംഗീതത്തിന്റേതാണ്. കലാനിലയം രാജീവനില്‍നിന്നും കലാമണ്ഡലം സുധീഷില്‍നിന്നും പകര്‍ന്നുകിട്ടിയ കഥകളി സംഗീതത്തിന്റെ നാടകീയ രഥ്യകള്‍. ഇടയ്‌ക്കെല്ലാം സോപാനസംഗീതത്തിന്റെ ഇടവഴികളില്‍ ഹരിയെ കണ്ടെന്നിരിക്കും. ഇടയ്ക്കയുമായി സോപാനത്തിനരികിലും പഞ്ചവാദ്യത്തിലും ഹരി ചിലപ്പോള്‍ ഒരു മന്ദഹാസമാകുന്നതു കാണാം. വലിയച്ഛനില്‍നിന്നു ലബ്ധമായ ചെണ്ടയുടെ താളവഴികളും ഹരിക്കന്യമല്ല.

ഇക്കുറി കേരള സംസ്ഥാന സര്‍ക്കാരിന്റെ ചെമ്പൈ സംഗീത പുരസ്‌കാരം തേടിയെത്തിയിരിക്കുന്നത് മൂഴിക്കുളം കെ.ആര്‍. ഹരികൃഷ്ണനെയാണ്. മൂഴിക്കുളം എന്ന കലാഗ്രാമത്തിന്റെ ഉജ്ജ്വലമായ ഈ നിലവിളക്ക് സംഗീതത്തില്‍ മുഖവുര വേണ്ടാത്ത യൗവനദീപ്തിയാണ്. ആറാം വയസ്സില്‍ ഗാനലോകവീഥിയില്‍ ആകൃഷ്ടനായതാണ്. കലഞ്ഞൂര്‍ വിശ്വനാഥന്‍ എന്ന ആദ്യ ഗുരുവിനു കീഴില്‍ പദംവച്ചു തുടങ്ങി. സംഗീത സപര്യയുടെ നാളുകള്‍ ഒന്നൊന്നായി കടന്നുപോകുമ്പോള്‍ അറിയാതെതന്നെ ഹരിയിലെ കലാകാരന്‍ വളരുകയായിരുന്നു.

പില്‍ക്കാല ഗുരുനാഥന്മാരായ രജു നാരായണന്‍, ഡോ. ദിലീപ് കുമാര്‍ എന്നിവര്‍ അതിനുവേണ്ട പോഷകങ്ങള്‍ ആവോളം പകര്‍ന്നു. ഹരിയുടെ സൂക്ഷ്മശ്രോത്രങ്ങള്‍ ശബ്ദത്തിനുള്ളിലെ നാദത്തെ കേട്ടെടുത്തു. മനനംകൊണ്ടും നിരന്തര സാധനകൊണ്ടും സ്വാദ്ധ്യായംകൊണ്ടും നാള്‍ക്കുനാള്‍ മിനുക്കിമിനുക്കിയെടുത്തതാണ് നാദര്‍ണ്ണവത്തിലേക്കു ഹരിയൊരുക്കിയ ചാലുകള്‍. പ്രശസ്ത സംഗീതജ്ഞനായ പത്മഭൂഷണ്‍ പി.എസ്. നാരായണ സ്വാമിയുടെ ശിഷ്യനായ ചെന്നൈ സി.ആര്‍. വൈദ്യനാഥന്‍ എന്ന ഗുരുവിന്റെ ശിഷ്യനാണ് ഈ കലാകാരനിപ്പോള്‍.

ഹരിയുടെ ഗാനമഹിമയില്‍ നിപുണശ്രോത്രങ്ങള്‍ക്കുള്ള പങ്ക് നിഷേധിക്കാവുന്നതല്ല. രാമനോട് കൃഷ്ണന്‍, ഹൈദരാബാദ് ബ്രദേഴ്‌സ്, തഞ്ചാവൂര്‍ എസ്. കല്യാണ രാമന്‍, എം.എല്‍. വസന്തകുമാരി, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ തുടങ്ങിയ മഹാരഥന്മാരായ സംഗീതജ്ഞരുടെ ആലാപന മാതൃകകള്‍  ഹരിക്കേറെ പ്രിയങ്കരം. ശുദ്ധസംഗീതത്തിന്റെ വിസ്മയപ്രവാഹങ്ങളെ ഹരി അവരില്‍ കാണുന്നു. കലര്‍പ്പില്ലാത്ത അവരുടെ സംഗീത വഴികളുമായി തന്റെ വഴി പലപ്പോഴും കണ്ടെത്തുന്ന താദാത്മ്യത്തിന്റെ തിരിച്ചറിവില്‍ നിന്നുകൊണ്ട്, സ്വന്തം വ്യക്തിമുദ്രയുടെ പടവുകള്‍ പണിയുകയാണ് ഈ പ്രതിഭ.

തോടി, കല്യാണി, ശങ്കരാഭരണം തുടങ്ങിയ ഘനരാഗങ്ങളുടെ ആഴങ്ങളില്‍ ഹരി ഒരു സമ്മോഹനതയാണ്. സാമ്പ്രദായിക സംഗീതത്തിന്റെ നിലാവെളിച്ചത്തിലൂടെയുള്ള യാത്രയില്‍, തനതായ ഫ്രെയിമുകള്‍ തകര്‍ത്തെറിയുന്നതില്‍ തല്‍പരനല്ല ഹരി. ചട്ടക്കൂടുകള്‍ നല്‍കുന്ന ഭദ്രതയെ കാത്തുസൂക്ഷിച്ചുകൊണ്ടുള്ള പരീക്ഷണങ്ങളാണ് കലയെ സമൃദ്ധമാക്കുന്നതെന്നു ഹരി വിലയിരുത്തുന്നു. അതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടു അനുഭവവേദ്യമാകുന്ന സ്വാതന്ത്ര്യമാണ് ശരിയായ സ്വാതന്ത്ര്യം എന്നു കരുതാനാണ് ഹരിക്കിഷ്ടം.

ആകസ്മികതയല്ല ഹരിയെ സംഗീതത്തിലേക്കെത്തിച്ചത്. പാരമ്പര്യത്തിന്റെ അതിശക്തമായ കണ്ണിയും സാഹചര്യത്തിന്റെ ചെറുതല്ലാത്ത സ്വാധീനവും ഹരിക്കു പാടാന്‍ വിമലാകാശങ്ങള്‍ വിടര്‍ത്തി. തായ്‌വഴി, കലയുടെ നിര്‍ഭര സാന്നിദ്ധ്യമാണ് ഈ പ്രതിഭയ്ക്ക്. മാതൃഭവനം മഹോന്നതരായ കലാകാരന്മാര്‍ക്കു ജന്മമേകിയ കോതച്ചിറ ഗ്രാമത്തിലാണ്. രാഗതാളങ്ങളും അഭിനയവും മേളിക്കുന്ന പാരമ്പര്യത്തിന്റെ കരുത്തുറ്റ സംസ്‌കാരം.

അവിടെ തെളിഞ്ഞ വിളക്കുകളുടെ പ്രകാശധോരണിയെ ബാഹ്യചക്ഷുസ്സുകള്‍ മാത്രമല്ല, അന്തര്‍നേത്രങ്ങളും ആവോളം ഏറ്റുവാങ്ങി. അതിനാലാകണം ചെറുപ്രായം മുതല്‍ കലാമത്സരവേദികളില്‍ ഹരിയെന്ന പ്രതിഭയെ കാണാന്‍  കഴിഞ്ഞത്. മുന്നോട്ടുള്ള യാത്രയില്‍ മത്സരവേദികളോടു വിടപറയുകയും, സംഗീത സരയുവിന്റെ തീരത്തെ പ്രശാന്തി നുകരുകയും ചെയ്യുന്ന ഹരി.

പ്രസന്നമാണ് ഹരിയുടെ ഓരോ സംഗീതവേദിയും. പ്രസന്നമാണ് അനുവാചകരുമായുള്ള ഹരിയുടെ ഭാവപ്പകര്‍ച്ചകള്‍. ചില നേരം ആ രാഗവേഗങ്ങള്‍ രസവേഗങ്ങളുടെ ഒരു കുത്തൊഴുക്കാകുന്നു. അതിനിടയിലെപ്പോഴോ ചെറു ചാറ്റല്‍, മഴ പോലെ. ചിലപ്പോള്‍ ഒരിളം കാറ്റാകുന്നു. പിന്നെയൊരു വേള ധ്യാനാത്മകമായ മനസ്സിന്റെ ലയവുമാകാം.

സംഗീതമല്ലാതെ മറ്റൊന്നും ഹരിക്കു മുന്‍പിലില്ല. അച്ഛനമ്മമാരുടെ സ്‌നേഹനിര്‍ഭരമായ പിന്തുണയും, കൂടിയാട്ട കലാകാരന്‍ കൂടിയായ അനുജന്‍ യദുകൃഷ്ണന്റെ സഹവര്‍ത്തിത്വവും, മൂഴിക്കുളമെന്ന കലാഗ്രാമത്തിന്റെ നിറഞ്ഞ പ്രോത്സാഹനവും ചേരുമ്പോള്‍ ഹരിക്ക് സംഗീത പ്രതിഭയായ മൂഴിക്കുളം കെ.ആര്‍. ഹരികൃഷ്ണനാകാതിരിക്കാന്‍ കഴിയുവതെങ്ങനെ!

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.