ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആചാരമായ ശയനപ്രദക്ഷിണം നിര്‍ത്തണമെന്ന് ശിശുസംരക്ഷണ ഓഫീസര്‍; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

Friday 6 December 2019 9:22 pm IST

ഹരിപ്പാട്: ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രത്തില്‍ കുട്ടികളുടെ ശയനപ്രദക്ഷിണം നിര്‍ത്തലാക്കണം എന്ന് ആവശ്യപ്പെട്ട് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയ സംഭവത്തില്‍ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി. ക്ഷേത്രത്തില്‍ ശയനപ്രദക്ഷിണം സ്ഥിരമായി നടത്തുന്ന കുട്ടികള്‍ അവര്‍ക്ക് ഇഷ്ടമുള്ള കാലമത്രയും അത് തുടരുമെന്നും ആചാര വിഷയങ്ങളില്‍ മുന്നും പിന്നും നോക്കാതെ ചാടിവീഴുന്നവര്‍ പൊതു സമൂഹത്തില്‍ അവഹേളിതരാകുമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി വി. സുശികുമാര്‍ പറഞ്ഞു. 

ശയനപ്രദക്ഷിണമെന്നത് ദേവന്റെ മുന്‍പില്‍ ഭക്തന്‍ ശാരീരികമായി നടത്തുന്ന പൂര്‍ണസമര്‍പ്പണമാണ്. ശയനപ്രദക്ഷിണത്തിന് ശാരീരിക അവശതകളാല്‍ സാധിക്കാത്തവര്‍, അതിനു കഴിയുന്നവരെ നിയോഗിച്ച് അതിന് ദക്ഷിണ നല്‍കുന്നത്. ക്ഷേത്ര ശ്രീകോവിലില്‍ അര്‍ച്ചന നടത്തി പ്രസാദം നല്‍കുന്ന പൂജാരിക്ക് ദക്ഷിണ നല്‍കുന്നത് പോലെ സാധാരണയായ ഒരു കാര്യം മാത്രമാണ്.

ചെട്ടികുളങ്ങര കുത്തിയോട്ടവും ശയന പ്രദക്ഷിണവും പോലെയുള്ള നിരുപദ്രവപരമായ ഹൈന്ദവ ആചാരങ്ങളില്‍ ശിശുക്ഷേമ തത്പരര്‍ കാട്ടുന്ന ഉത്സാഹം, വാളയാര്‍ വിഷയത്തിലും അതുപോലെ കുട്ടികള്‍ക്ക് നേരെയുള്ള പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ തുടര്‍ക്കഥയായ മറ്റു ചില ഇടങ്ങളിലും കാണുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. ആചാരവിഷയങ്ങളില്‍ ദേവസ്വം ബോര്‍ഡ് വെള്ളം ചേര്‍ക്കാന്‍ നിന്നാല്‍ ഗുരുതര ഭവിഷ്യത്തുണ്ടാകുമെന്നും ഹിന്ദു ഐക്യവേദി ജില്ലാതല യോഗത്തില്‍ വി.സുശികുമാര്‍ പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി സി.എന്‍. ജിനു, സംഘടനാ സെക്രട്ടറി ഏവൂര്‍ ശശികുമാര്‍, കാര്‍ത്തികപ്പള്ളി താലൂക്ക് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ കീത്തോത്ത്, വൈസ് പ്രസിഡന്റ് അഡ്വ. ജയകൃഷ്ണന്‍, ഹരിപ്പാട് മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി അരുണ്‍ ഹരിഗീതപുരം തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.