ജനങ്ങളെ കൊല്ലാനാണ് പദ്ധതിയെങ്കില്‍ ഉത്തരവുകള്‍ നിര്‍ത്താം: സുപ്രീം കോടതി

Wednesday 2 May 2018 2:22 pm IST

ന്യൂദല്‍ഹി: ജനങ്ങളെ കൊല്ലാനാണ് പദ്ധതിയെങ്കില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് നിര്‍ത്താമെന്ന് സുപ്രീംകോടതി. ഹിമാചല്‍ പ്രദേശിലെ കസൗലിയില്‍ അനധികൃതമായി നിര്‍മിച്ച സ്വകാര്യ ഹോട്ടല്‍ കെട്ടിടം പൊളിക്കുന്നതിനിനിടെ അസിസ്റ്റന്റ് ടൗണ്‍ പ്ളാനിംഗ് ഓഫീസറെ വെടിവച്ചു കൊന്ന സംഭവത്തിലാണ് കോടതിയുടെ വിമര്‍ശനം. 

ഉദ്യോഗസ്ഥയെ വെടിവച്ചു കൊന്ന സംഭവം അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കിയ കോടതി കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി. നിരവധി പേര്‍ കോടതി ഉത്തരവുകള്‍ ലംഘിക്കുന്നുണ്ട്. പോലീസ് എന്തുകൊണ്ടാണ് നടപടിയെടുക്കാത്തത്? ഉദ്യോഗസ്ഥയോടൊപ്പം 160 പോലീസുകാര്‍ ഉണ്ടായിരുന്നു. അക്രമം നടക്കുമ്പോള്‍ പോലീസുകാര്‍ എന്തു ചെയ്യുകയായിരുന്നെന്നും സുപ്രീം കോടതി ചോദിച്ചു. 

ഹിമാചലിലെ കസൗലിയിലെ മണ്ഡോ മത്കണ്ഡയില്‍ സ്ഥിതി ചെയ്യുന്ന നാരായണി ഗസ്റ്റ് ഹൗസ് അനധികൃതമായി കൈയേറിയ ഭൂമിയിലാണ് പ്രവര്‍ത്തിച്ചു വന്നത്. ഗസ്റ്റ് ഹൗസ് പൊളിക്കാന്‍ നടപടികള്‍ ആരംക്കുന്നതിനിടെ കെട്ടിട ഉടമ വിജയ് സിംഗ് തടയുകയായിരുന്നു. എന്നാല്‍,​ എതിര്‍പ്പ് മറികടന്ന് സംഘം ഒഴിപ്പിക്കലുമായി മുന്നോട്ട് പോയി. ക്ഷുഭിതനായ സിംഗ് തന്റെ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് അസിസ്റ്റന്റ് ടൗണ്‍ പ്ളാനിംഗ് ഓഫീസര്‍ ഷൈല്‍ ബാലയ്ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. 

മുഖത്തും തലയ്ക്ക് പിന്‍ഭാഗത്തും വെടിയേറ്റ ബാല തത്ക്ഷണം മരിച്ചു. പോലീസുകാര്‍ നോക്കിനില്‍ക്കെ വിജയ് സിംഗ് സമീപത്തെ കാട്ടിലേക്ക് ഓടി മറയുകയും ചെയ്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.