ഷെഹല ഷെറിന്റെ മരണം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു; ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പ് സെക്രട്ടറിയും മറുപടി നല്‍കണം

Thursday 12 December 2019 1:32 pm IST

കൊച്ചി : സ്‌കൂളില്‍വെച്ച് വിദ്യാര്‍ത്ഥിനിയായ ഷെഹല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിയോടും, ചീഫ് സെക്രട്ടറിയോടും മറുപടി തേടി ഹൈക്കോടതി. സംഭവത്തില്‍ ജില്ലാ ജഡ്ജി സ്‌കൂള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. ഇതിന്റ അടിസ്ഥാനത്തിലാണ് നടപടി. വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. 

പാമ്പ് കടിയേറ്റിട്ടും അധ്യാപകര്‍ കുട്ടിക്ക് ചികിത്സ നല്‍കിയില്ല. പ്രഥമ ശുശ്രൂഷ നല്‍കേണ്ടത് എങ്ങനെയെന്നുപോലും അധ്യാപകര്‍ക്ക് അറിവുണ്ടായിരുന്നില്ല. കുട്ടിയുമായി സ്‌കൂള്‍ അധികൃതര്‍ പിതാവ് വരുന്നതുവരെ കാത്തിരുന്നു. ഷഹ്‌ലക്ക് പാമ്പുകടിയേറ്റ അതേ ക്ലാസ് മുറിയിലും സ്‌കൂള്‍ പരിസരത്തും സമാനമായ നിരവധി മാളങ്ങളുണ്ട്. 

ദുരിത പൂര്‍ണമായ സാഹചര്യത്തിലാണ് സ്‌കൂളും പരിസരവും. മുറ്റത്തെ കിണറില്‍ പോലും മാലിന്യങ്ങളാണ്. ശുചിമുറിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. എന്നാല്‍ സ്‌കൂളിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉള്ളതാണ്. വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സ്‌കൂളിലെത്തി എന്തെങ്കിലും പരിശോധന നടത്തിയതായി രേഖകളിലെങ്ങും കാണാനില്ലെന്നുമാണ് ജില്ലാ ജഡ്ജി റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്നും ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍ കത്ത് നല്‍കിയിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.