മഴ അതിശക്തമാകുന്നു; ഓറഞ്ച് അലെര്‍ട്ടില്‍ നിന്ന് എഴു ജില്ലകളില്‍ ഇന്ന് റെഡ് അലെര്‍ട്ട്; നാളെ നാലു ജില്ലകള്‍ക്ക് അതിജാഗ്രത നിര്‍ദേശം

Monday 21 October 2019 1:28 pm IST

തിരുവനന്തപുരം: ന്യൂനമര്‍ദം അതിതീവ്രമായതിനെ തുടര്‍ന്ന് ഏഴു ജില്ലകളില്‍ ഇന്ന് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് 12.30 വരെ ഓറഞ്ച് അലെര്‍ട്ട് ആയിരുന്നെങ്കില്‍ അതിനു ശേഷം തിരുവനന്തപുരം, അലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചത്. അതിതീവ്ര മഴയ്ക്കാണ് ഇവിടങ്ങളില്‍ സാധ്യത.  ഇതോടെ ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതി പാലിക്കാന്‍ നിര്‍ദേശമുണ്ട്. അതേസമയം. നാളെ ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും റെഡ് അലെര്‍ട്ട് ഉണ്ട്. 

 ഉച്ചയ്ക്കു ശേഷം കനത്ത മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. വോട്ടെടുപ്പ് നടക്കുന്ന നാല് ജില്ലകളില്‍ ഇപ്പോള്‍ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. സംസ്ഥാനത്ത് പരക്കെ മഴ തുടരുന്നതിനാല്‍ ഉച്ചയ്ക്കുശേഷം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ യോഗം വിളിച്ചു. വോട്ടെടുപ്പ് നടക്കുന്ന നാല് ജില്ലകളില്‍ ഉച്ചതിരിഞ്ഞും മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഇലക്ഷന്‍ മാറ്റിവയ്ക്കണമോ എന്നതടക്കം കാര്യങ്ങള്‍ ചര്‍ച്ചയാകും. അതേസമയം, ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യയുണ്ടെങ്കിലും സംസ്ഥാന ഭീതിജനകമായ അവസ്ഥയില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് വ്യക്തമാക്കി. 

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് അതിശക്തമായ മഴ പെയ്യുന്നത്. പലയിടത്തും താഴ്ന്നപ്രദേശങ്ങളില്‍ വെള്ളംകയറി. കൊച്ചിയേയും കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലകളേയുമാണ് മഴ അതീവഗുരുതരമായ ബാധിച്ചത്. കൊച്ചി നഗരത്തില്‍ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം തടസപ്പെട്ടു. കൊച്ചി എം.ജി. റോഡ്, സൗത്ത് റെയില്‍വേ സ്റ്റേഷന്‍,നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ റോഡുകള്‍,കലൂര്‍ ബസ് സ്റ്റാന്‍ഡ്, കലൂര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് വെള്ളംകയറിയത്. കലൂര്‍ സബ് സ്റ്റേഷനില്‍ വെള്ളം കയറി വൈദ്യുതിവിതരണം തടസപ്പെട്ടു.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ റെയില്‍വേ ട്രാക്കുകളില്‍ വെള്ളംകയറിയതിനാല്‍ ട്രെയിന്‍ സര്‍വീസുകളും തടസപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. കനത്ത മഴയില്‍ മധ്യ-തെക്കന്‍ കേരളത്തില്‍ മിക്കയിടങ്ങളിലും ഗതാഗതം താറുമാറായിട്ടുണ്ട്. 

അതേസമയം, ഇപ്പോള്‍ സംസ്ഥാനത്ത് ലഭിക്കുന്ന ശക്തമായ മഴയ്ക്കു പിന്നില്‍ തുടരെ തുടരെ എത്തിയ രണ്ടു ന്യൂനമര്‍ദങ്ങളാണ്. ലക്ഷദ്വീപിനും കേരളത്തിനും ഇടയിലെ ന്യൂനമര്‍ദം അടുത്ത നാലു ദിവസത്തേക്കു മഴയെ ശക്തിപ്പെടുത്തുക. ഇത് അടുത്ത 36 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദമായി മാറി ഒമാന്‍ തീരത്തേക്കു മാറുമെന്നാണ് പ്രവചനം. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.