ഹെലികോപ്റ്ററില്‍ പറക്കുന്നതാര്

Tuesday 3 December 2019 6:04 am IST

സംസ്ഥാനസര്‍ക്കാര്‍ ഒരു ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളില്‍ ചര്‍ച്ച സജീവമായിരിക്കുന്നു. പതിനൊന്ന് സീറ്റുകളുള്ള ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നതുസംബന്ധിച്ചുള്ള ധാരണാപത്രത്തില്‍ ഈ മാസം 10 ന് ഒപ്പിടും. പൊതുമേഖല സ്ഥാപനമായ പവന്‍ ഹന്‍സുമായാണ് കരാര്‍.  പ്രതിമാസം ഇരുപത് മണിക്കൂറിന് ഒരു കോടി 44 ലക്ഷം രൂപ വാടക!. മാവോയിസ്റ്റ് വേട്ട, പ്രകൃതിക്ഷോഭ രക്ഷാപ്രവര്‍ത്തനം എന്നീ കാരണങ്ങളാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ അതൊന്നും അത്രയ്ക്കങ്ങ് വിശ്വാസത്തിലെടുക്കാന്‍ വയ്യ. 

കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യം ഗൗരവത്തോടെ കാണേണ്ടുന്ന, കൈകാര്യം ചെയ്യേണ്ടുന്ന വിഷയം എന്നതില്‍ തര്‍ക്കമില്ല. പ്രളയരക്ഷാപ്രവര്‍ത്തനങ്ങളും വിലയിരുത്തേണ്ടതുതന്നെ. മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന് കരുതപ്പെടുന്ന മലയോരമേഖലകളിലേക്ക് തലസ്ഥാനത്തുനിന്നും ഹെലികോപ്ടറില്‍ പറന്ന് തിരിച്ചെത്തുന്നതിന് ഏകദേശം ഒന്നര മണിക്കൂറെടുക്കും. മാവോയിസ്റ്റ് വേട്ടയുടേയും പ്രകൃതിക്ഷോഭ രക്ഷാപ്രവര്‍ത്തനത്തിന്റേയും പേരില്‍ വന്‍തുക മുടക്കി ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നതിന്റെ ഉദ്ദേശ്യശുദ്ധി ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യപ്പെടുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിക്കുന്നതിനുള്ള  മറ്റൊരു മാര്‍ഗം ആയിട്ടുമാത്രമേ ഈ തീരുമാനത്തേയും വിലയിരുത്താന്‍ സാധിക്കൂ.

മാവോയിസ്റ്റ് ഭീഷണി നേരിടുന്ന മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട് എന്നിവയാണ്. ഈ സംസ്ഥാനങ്ങളുമായി ചേര്‍ന്നുള്ള സംയുക്ത നടപടിയാണ് മാവോയിസ്റ്റുകള്‍ക്കെതിരായി വേണ്ടത്. ഈ സംസ്ഥാനങ്ങളില്‍ പരിശോധനകള്‍ കര്‍ശനമായതോടെയാണ് സുരക്ഷിത താവളം എന്ന നിലയില്‍, മാവോയിസ്റ്റ് അനുഭാവം ഏറെക്കുറെ വച്ചുപുലര്‍ത്തുന്ന ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലേക്ക് മാവോയിസ്റ്റുകള്‍ തട്ടകം മാറ്റിയത്. ഹെലികോപ്ടറില്‍ പറന്നുള്ള നിരീക്ഷണമല്ല ഇവിടെ ഫലപ്രദം. മാവോയിസ്റ്റ് വിരുദ്ധ സ്‌ക്വാഡുകളും തണ്ടര്‍ബോള്‍ട്ട് അംഗങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. 

2018 ല്‍ പ്രളയം ഉണ്ടായപ്പോള്‍ പാഠം പഠിക്കാത്ത സംസ്ഥാന സര്‍ക്കാരാണ് ഇപ്പോള്‍ ഓടുന്ന പട്ടിക്ക് ഒരുമുഴം മുമ്പേ എന്ന് പറഞ്ഞതുപോലെ പ്രകൃതി ക്ഷോഭ രക്ഷാപ്രവര്‍ത്തനത്തിനെന്ന പേരില്‍ ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കുന്നത്. പ്രളയത്തിന്റെ ദുരിതം ഇപ്പോഴും അനുഭവിക്കുന്നവരെ കണ്ടെത്തി അവരെ സംരക്ഷിക്കുകയാണ് സാമൂഹ്യ പ്രതിബന്ധതയുള്ള ഒരു ഭരണകൂടം ചെയ്യേണ്ടത്. കോടികള്‍ മുടക്കി ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നതിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാവണം. മുഖ്യമന്ത്രിയുടെ അനാരോഗ്യം കാരണമാണ് ഈ തീരുമാനം എന്ന് ഒരു സംസാരവുമുണ്ട്. 

സാമ്പത്തികമാന്ദ്യത്തില്‍ നിന്നും കരകയറാന്‍ ഒരു മാര്‍ഗവുമില്ലെന്ന് വിലപിക്കുകയും അതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ പഴിക്കുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാരാണ് പൊതുഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നത്. ധൂര്‍ത്തടിക്കാന്‍ വഴി തേടുന്നപോലെയാണ് ദിനംതോറും പുതിയ പുതിയ തീരുമാനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അതാവട്ടെ ഒരു വിഭാഗത്തിന് മാത്രം പ്രയോജനപ്പെടുന്നതും. 82.56 ലക്ഷം രൂപ മുടക്കി നിയമസഭാ മ്യൂസിയത്തില്‍ ഒരുക്കുന്ന ഇഎംഎസ് സ്മൃതി വിഭാഗം, നവോത്ഥാന നായകന്മാരുടെ പേരില്‍ 700 കോടി മുടക്കിയുള്ള സാംസ്‌കാരിക സമുച്ചയങ്ങള്‍ എന്നിങ്ങനെ പല പേരുകളിലാണ് പൊ

തുഖജനാവിലെ പണം വകമാറ്റുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്ടര്‍ യാത്രകള്‍ ഇതിനുമുമ്പും വിവാദമായിട്ടുണ്ടെന്നത് മറ്റൊരു വസ്തുത. ഓഖി ഫണ്ടുപോലും ഹെലികോപ്ടര്‍ യാത്രയ്ക്കായി ഉപയോഗിച്ചു എന്നതും എത്രയോ നാണംകെട്ട കാര്യമാണ്.  പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന വിദേശ യാത്രകളെ പരിഹസിച്ചിരുന്ന ഇടതുപക്ഷം മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടായി എന്ന് ചോദിക്കാന്‍ ധൈര്യപ്പെടില്ല. പക്ഷേ മോദിയുടെ യാത്രകള്‍കൊണ്ട് രാജ്യത്തിന് ഗുണം ഏറെയുണ്ടായി എന്നതിന് പ്രത്യക്ഷത്തില്‍ തന്നെ തെളിവുകളുണ്ട്. കശ്മീരില്‍ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടിയില്‍ അന്താരാഷ്ട്ര സമൂഹം ഇന്ത്യക്കൊപ്പം നിന്നതും, ബലാക്കോട്ട് വ്യോമാക്രമണത്തിന് വിദേശ രാജ്യങ്ങള്‍ പിന്തുണ നല്‍കിയതുമെല്ലാം നരേന്ദ്രമോദിയുടെ നയതന്ത്ര വിജയത്തിന് ഉദാഹരണങ്ങളാണ്. ഇന്ത്യയുമായി വിവിധ മേഖലകളില്‍ സഹകരിക്കാന്‍ ലോകരാജ്യങ്ങള്‍ സന്നദ്ധത കാണിക്കുന്നതും അതുകൊണ്ടുതന്നെ. 

അത്തരത്തില്‍ കേരളത്തിന് പ്രയോജനംകിട്ടുന്ന എന്തെങ്കിലും കാര്യം മുഖ്യമന്ത്രിയും പരിവാരങ്ങളും ലക്ഷങ്ങള്‍ ചിലവാക്കി നടത്തുന്ന വിദേശ യാത്രകൊണ്ട് ഉണ്ടാകുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു. പഴമക്കാര്‍ പറയുന്നതുപോലെ ആവശ്യവും അത്യാവശ്യവും രണ്ടാണ് എന്ന തിരിച്ചറിവ് കേരളം ഭരിക്കുന്നവര്‍ക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. അതല്ലെങ്കില്‍ വരവ് അറിഞ്ഞുവേണം ചിലവ് എന്നതെങ്കിലും ഓര്‍ക്കണം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.